കൊവിഡിന്റെ പ്രഭവകേന്ദ്രം വുഹാന്‍ ലാബാണെന്നതിനു തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: കൊവിഡിന്റെ പ്രഭവകേന്ദ്രം വുഹാന്‍ ലാബാണെന്നതിനു തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. ഇതു സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വാക് പോര് മുറുകുകയാണ്. അതിനിടെ, കൊവിഡ്-19 വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് എന്നാരോപിക്കുന്ന അമേരിക്ക, തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് ഇതുവരെ തെളിവുകളൊന്നും നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അവകാശപ്പെട്ടു.
കൊവിഡ്-19 വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും ഒരു വിവരമോ പ്രത്യേക തെളിവുകളോ ലഭിച്ചിട്ടില്ല, അതിനാല്‍ ഈ ആരോപണം ഒരു ഊഹാപോഹമായി ലോകാരോഗ്യ സംഘടന കരുതുന്നു. ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ ഒരു വെര്‍ച്വല്‍ ബ്രീഫിംഗിനിടെ പറഞ്ഞു
അതേസമയം, കൊറോണ വൈറസ്, കൊവിഡ്-19 ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും, 2019 ഡിസംബറില്‍ വുഹാനില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിനുശേഷം വൈറസ് പടര്‍ന്നുപിടിക്കുന്നത് തടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ബീജിംഗ് പരാജയപ്പെട്ടുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആവര്‍ത്തിക്കുകയാണ്.
കൂടാതെ, വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ ലാബില്‍ നിന്നാണ് എന്നും അതിന് നിരവധി തെളിവുകളുണ്ടെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ആവര്‍ത്തിച്ചിരുന്നു. അമേരിക്കയുടെ ആരോപണം തെറ്റാണ് എന്ന് തെളിയിക്കാന്‍ ചൈന ഇതുവരെ ഒരു വസ്തുതയും മുന്നോട്ട് വ?ച്ചി?ട്ടി?ല്ലെ?ന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
വൈറസ് വ്യാപനം സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണമെന്നും ചൈനയുടെ ഭാഗത്ത് പിഴവുകളില്ലെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ക്കുന്നതെന്നും പോംപിയോ ചോദിച്ചിരുന്നു. കൂടാതെ, നിലവാരമില്ലാത്ത ലബോറട്ടറികള്‍ പ്രവര്‍ത്തിപ്പിച്ച ചരിത്രവും അതിലൂടെ ലോകത്ത് വൈറസ് പരത്തിയ ചരിത്രവും ചൈനയ്ക്കുണ്ട് എന്നും പോംപിയോ ആരോപിച്ചു.
ലോകത്തെ മികച്ച വിദഗ്ധര്‍ ഇത് മനുഷ്യനിര്‍മിതമാണെന്ന് കരുതുന്നു. ഈ സമയത്ത് അത് അവിശ്വസിക്കാന്‍ പ്രത്യേക കാരണമില്ല എന്നും അദ്ദേഹം പറഞ്ഞു. വൈറസ് എവിടെ നിന്നാണ് ആരംഭിച്ചതെന്നതിന് ധാരാളം തെളിവുകളുണ്ട്, വുഹാനിലെ ആ ലബോറട്ടറിയില്‍ നിന്നാണ് ഇത് വന്നതെന്നതിന് ധാരാളം തെളിവുകള്‍ ഉണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന ആരോപണത്തില്‍ അമേരിക്ക ഉറച്ചു നില്‍ക്കുകയാണ്. കൂടാതെ, ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനയ്ക്കു പിന്തുണ നല്‍കുന്നതായും, സംഘടന പക്ഷപാതം കാട്ടുന്നതായും അമേരിക്ക ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന ധനസഹായം താത്കാലത്തേയ്ക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ ചൈനയ്ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടന വീണ്ടും എത്തിയിരിയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."