പ്രഖ്യാപനം ഇന്നുണ്ടായേക്കും; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടനാ പട്ടികയായി
ആലപ്പുഴ: സി.പി.എം നേതാവ് ടി.പി ദാസനെ പ്രസിഡന്റായും ഒളിംപ്യന്‍ മേഴ്‌സിക്കുട്ടനെ വൈസ് പ്രസിഡന്റായും നിയമിച്ചു സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇരുവരും ഉള്‍പ്പടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ഭാരവാഹികളുടെ അന്തിമ പട്ടികയായി.
ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി ബിനിഷ്, പി ശശിധരന്‍ നായര്‍ (തിരുവനന്തപുരം), സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ട്രഷറര്‍ വിജയകുമാര്‍ (തിരുവനന്തപുരം), രഞ്ജിത് രുദ്രന്‍ (പാലക്കാട്), കായിക താരം ജോര്‍ജ് തോമസ് (എറണാകുളം) എന്നിവരാവും അംഗങ്ങളെന്നാണ് സൂചന.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു ടി.പി ദാസന്‍. സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ടു ആരോപണം ഉയര്‍ന്നതോടെ ദാസന്‍ പ്രസിഡന്റ് സ്ഥാനക്കേക്ക് വരില്ലെന്നും പകരം മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടി അധ്യക്ഷനാവുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍, ടി.പി ദാസനെ തന്നെ പ്രസിഡന്റാക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. വിവാദത്തെ തുടര്‍ന്നു ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിഞ്ഞ സാഹചര്യത്തില്‍ കായിക താരത്തെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന വാദം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഇതിനോടു ആദ്യ ഘട്ടത്തില്‍ യോജിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒളിംപ്യന്‍ മേഴ്‌സിക്കുട്ടനെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഘട്ടത്തില്‍ പരിഗണിക്കുകയും ചെയ്തു. എന്നാല്‍, കുത്തഴിഞ്ഞു കിടക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ നേര്‍വഴിക്കു ഓടിക്കാന്‍ ഭരണ പരിചയത്തിനൊപ്പം ശക്തമായ നേതൃത്വം വഹിക്കാനും കെല്‍പ്പുള്ള ആള്‍ തന്നെ വേണമെന്ന അഭിപ്രായമാണ് ദാസനു തന്നെ നറുക്കു വീണത്. കായിക മന്ത്രി ഇ.പി ജയരാജനും ദാസന്‍ വരുന്നതിനോടായിരുന്നു താത്പര്യം. ഇതോടെയാണ് ടി.പി ദാസനെ തന്നെ അധ്യക്ഷനാക്കാന്‍ തത്വത്തില്‍ തീരുമാനമായത്. സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയുടെ പിന്തുണയും ദാസനു അനുഗ്രഹമായി.
സി.പി.എം നേതാക്കളുടെ ശക്തമായ പിന്തുണയുമായി ആരോപണ വിധേയരായ രണ്ടു പേരും പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ട്. ട്രാവന്‍കൂര്‍ മാരത്തണ്‍ നടത്തിപ്പിന്റെയും ജോലി രാജിവച്ചു ടാറ്റ ടിയില്‍ സ്‌പോര്‍ട്‌സ് ഓഫിസറായി പോകുകയും പിന്നീട് തിരിച്ചെത്തി കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു പെന്‍ഷന്‍ ഉള്‍പ്പടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തതിന്റെ പേരില്‍ ആരോപണം നേരിടുന്ന വ്യക്തിയാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഒരാള്‍.
കൂടാതെ കൂട്ടയോട്ടത്തിന്റെ പേരില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നു വന്‍ തുക വാങ്ങിയതിന്റെ പേരിലും ഈ വ്യക്തി ആരോപണം നേരിടുന്നുണ്ട്. തിരുവനന്തപുരത്തെ സി.പി.എം നേതാക്കളുടെ ശക്തമായ പിന്തുണയാണ് ഇദ്ദേഹത്തിനു കൗണ്‍സിലിലേക്കുള്ള വഴി തുറന്നത്.
മറ്റൊരാള്‍ പൈക്ക സംസ്ഥാന കോ ഓര്‍ഡിനേറ്ററായിരിക്കേ കണക്കുകളും റിപോര്‍ട്ടും നല്‍കാതെ ഒന്നര കോടിയുടെ കേന്ദ്ര ഫണ്ട് കേരളത്തിനു നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ അന്നത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് പോലും നല്‍കാതെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട വ്യക്തിയാണ്.
നിലവിലെ കായിക നിയമം ഭേദഗതി ചെയ്തു ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ നിശ്ചയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതുവരെയാകും നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഭരണസമിതിയുടെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."