2017ല്‍ കേരളത്തിലെ 740 പ്രസവങ്ങള്‍ വീടുകളില്‍ വച്ച്
കോഴിക്കോട്: ആശുപത്രികളിലെ പ്രസവം സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിച്ചുവരുന്നതിനിടെ 2017- 18 വര്‍ഷങ്ങളില്‍ കേരളത്തിലെ വീടുകളില്‍ വച്ച് നടന്നത് 740 പ്രസവങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വീടുകളിലെ പ്രസവവും നടന്നത്. 2017ല്‍ മലപ്പുറത്തെ വീടുകളില്‍ 215 പ്രസവമാണ് നടന്നത്. തൊട്ടുപിന്നില്‍ വയനാട് ജില്ലയാണ്- 152. അതേസമയം, കോട്ടയത്ത് വീടുകളില്‍ പ്രസവം നടന്നത് വെറും മൂന്നെണ്ണവും മാത്രം. തൃശൂരില്‍ ഒമ്പതെണ്ണവും വീട്ടില്‍ വച്ച് നടന്നുവെന്നും കേരളത്തിലെ ലിംഗ സ്ഥിതിവിവരകണക്ക് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാലയളവില്‍ കേരളത്തില്‍ ആകെ 4,61,911 പ്രസവങ്ങള്‍ നടന്നു. ഇതില്‍ സ്വകാര്യ ആശുപത്രികളില്‍ നടന്ന 3,13,918 പ്രസവങ്ങളില്‍ 1,28,006 ഉം സിസേറിയന്‍ മുഖേനയാണ്. കേരളത്തില്‍ റിപ്പോര്‍ട്ട്‌ചെയ്ത സിസേറിയന്‍ പ്രസവങ്ങളില്‍ 73 ശതമാനവും സ്വകാര്യആശുപത്രികളില്‍ വച്ച് നടന്നതാണ്. മലപ്പുറത്ത് ആണ് ഏറ്റവുമധികം സിസേറിയന്‍ റിപ്പോര്‍ട്ട്‌ചെയ്തത്- 26,853 കേസുകള്‍. തൊട്ടുപിന്നില്‍ എറണാകുളവും (20,380) കോഴിക്കോടും (20,121) ആണ്.
ആദിവാസി മേഖലകളിലാണ് വീടുകളില്‍ പ്രസവം നടക്കുന്നത് കൂടുതല്‍ റിപ്പോര്‍ട്ട്‌ചെയ്തത് എങ്കിലും ഇത്തരം മേഖലകള്‍ കുറവുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ 26 വീതം പ്രസവങ്ങള്‍ ഇത്തരത്തില്‍ നടന്നതായും റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്.
2016- 17 കാലത്ത് കേരളത്തിലാകെ 132 പ്രസവമരണമാണ് റിപ്പോര്‍ട്ട്‌ചെയ്തത്. ഇക്കാര്യത്തില്‍ മലപ്പുറവും (26) പാലക്കാടും (18) ആണ് മുന്നില്‍.
ഇന്ത്യയില്‍ ഏറ്റവും കുറച്ച് പ്രസവമരണം റിപ്പോര്‍ട്ട്‌ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. അതേസമയം, ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കേന്ദ്രങ്ങളില്‍ പ്രസവം നടക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്തെ 99.9 ശതമാനവും പ്രസവവും ആരോഗ്യകേന്ദ്രങ്ങളിലാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത് രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ്. ഇവിടെ 84 ശതമാനം പ്രസവമെ ആശുപത്രികളില്‍ നടക്കുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."