'സമാധാന നൊബേലിനും മാത്രം വില എനിക്കില്ല': ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: സമാധാന നൊബേല്‍ സമ്മാനം ലഭിക്കാന്‍ മാത്രം വില എനിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നയാള്ക്കായിരിക്കണം ആ നൊബേല്‍ പോവേണ്ടതെന്നും ഇമ്രാന് ഖാന് പറഞ്ഞു.
കശ്മീരിലെ ജനങ്ങളുടെ ആഗ്രഹ പ്രകാരം പ്രശ്നം പരിഹരിച്ച് മേഖലയില്‍ സമാധാനാവും സാമൂഹ്യ വളര്‍ച്ചയും കൊണ്ടുവരാനാവുന്നവര്ക്കായിരിക്കണം നൊബേല്‍ സമ്മാനമെന്നും ഇമ്രാന് ഖാന് പറഞ്ഞു.
ഇന്ത്യ- പാക് യുദ്ധ സന്നാഹവുമായി മുന്നോട്ടു പോകുമ്പോള്‍ അതു തണുപ്പിക്കാന്‍ ഇമ്രാന്റെ ഇടപെടലിനായെന്നു ചൂണ്ടിക്കാണിച്ച് പാക് പാര്‍ലമെന്റിലും സാമൂഹ്യമാധ്യമങ്ങളിലും സമാധാന നൊബേല്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
വിവര മന്ത്രി ഫവാദ് ചൗധരിയാണ് ഇമ്രാന് ഖാന് സമാധാന നൊബേല്‍ എന്ന ആവശ്യവുമായി പാക് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചത്.
ഇമ്രാന് ഖാന് നൊബേല്‍ നല്‍കണമെന്നാവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലും വലിയ ക്യാംപയിന് നടക്കുന്നുണ്ട്. ഇതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇതിനകം നാലു ലക്ഷം പേര് ഒപ്പുവയ്ക്കുകയും ചെയ്തു.
പാക് പിടിയിലായ ഇന്ത്യന്‍ വ്യോമ സേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഒരു ഉപാധിയുമില്ലാതെ വിട്ടയച്ചതോടെയാണ് ഇമ്രാന് ഖാന് വലിയ പിന്തുണ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."