ദേശാഭിമാനം തെരഞ്ഞെടുപ്പ് വിഷയമല്ല
ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തിന്റെ സുരക്ഷിതത്വവും ദേശാഭിമാനവും സംരക്ഷിക്കുകയെന്നത് മുഴുവന്‍ ഇന്ത്യക്കാരുടെയും കടമയാണ്. അതു നമുക്കെല്ലാമറിയാം. ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇവിടെ ഭരണകക്ഷികളും ഭരണാധികാരികളും മാറിമാറി വരാം. അതൊന്നും ദേശത്തിന്റെ സുരക്ഷയെയോ ആത്മാഭിമാനത്തെയോ ബാധിക്കാന്‍ പാടില്ല. അങ്ങനെയാണു നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്.
ഇന്ത്യയുടെ അതിര്‍ത്തി കടന്നു വന്ന ഭീകരര്‍ പാകിസ്താന്റെ സഹായത്തോടെ പുല്‍വാമയില്‍ കൂട്ടക്കുരുതി നടത്തിയപ്പോള്‍ നമുക്കെല്ലാം അതീവ ദുഃഖവും അമര്‍ഷവുമുണ്ടായി. പിറ്റേന്നു തന്നെ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം വഴി തിരിച്ചടിച്ചപ്പോള്‍ നാമെല്ലാം ആഹ്ലാദിക്കകുകയും ചെയ്തു. അതിനിടയില്‍ നമ്മുടെ ഒരു സൈനികന്‍ പാക് തടവിലായപ്പോള്‍ നമ്മളെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ചു, പ്രാര്‍ഥിച്ചു.
ഇപ്പോള്‍ അദ്ദേഹം തിരിച്ചുവന്നു. രാഷ്ട്രീയ, ജാതി, മത വ്യത്യാസമില്ലാതെ ഇതിലൊകെ നമുക്ക് ഒരേ വികാരമായിരുന്നു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി പറയുന്നുൃ പ്രതിപക്ഷം രാജ്യത്തിന്റെ മാനം കെടുത്തുന്നുവെന്ന്! സൈന്യത്തിന്റെ ആത്മധൈര്യം തകര്‍ക്കുന്നുവെന്ന്! പാകിസ്താനെ സഹായിക്കുന്നുവെന്ന്!ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും ആ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുമാണ് ഇങ്ങനെ പറഞ്ഞതെന്നത് ഗൗരവരകരമാണ്. കക്ഷിരാഷ്ട്രീയത്തില്‍ നിന്നു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട സൈന്യത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു വലിച്ചിഴക്കുന്നതു ശരിയോയെന്ന പ്രധാന ചോദ്യമുണ്ട്.
തെരഞ്ഞെടുപ്പു വേദികളില്‍ ഇങ്ങനെ പറയുമ്പോള്‍ അതിനു തക്ക മറുപടി നല്‍കാന്‍ പ്രതിപക്ഷത്തിനു ബാധ്യതയുണ്ട്, അവകാശവുമുണ്ട്. അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിനു നയപരമായ എന്തെങ്കിലും തെറ്റു പറ്റിയെങ്കില്‍ അതു തുറന്നു കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കും. അതില്‍ രാജ്യസ്‌നേഹത്തിന്റെ നിറം കലര്‍ത്തി പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിയും ഭരണകക്ഷിയും ശ്രമിച്ചാല്‍ അതല്ലേ രാജ്യത്തിനു ദോഷകരമാകുക.
ഭീകരവാദി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ തിരിച്ചടിക്കു ശേഷം സംയുക്ത പ്രതിപക്ഷം വളരെ കൃത്യവും സമീകൃതവുമായ പ്രസ്താവനയിലൂടെ സൈന്യത്തിനും സര്‍ക്കാരിനും നിരുപാധിക പിന്തുണ നല്‍കിയതാണ്. രാജ്യം ഒരുമിച്ചു നില്‍ക്കുന്നുവെന്നു ലോകത്തെ, വിശേഷിച്ച് പാകിസ്താനെ നമുക്കു ബോധ്യപ്പെടുത്തേണ്ടതുണ്ടല്ലോ.
പക്ഷേ അതേദിവസം വൈകീട്ടു പ്രധാനമന്ത്രി ഒരു തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പറഞ്ഞു. ഈ പ്രത്യാക്രമണത്തിന്റെ പേരില്‍ തനിക്ക് ഒരുവട്ടംകൂടി ഭരണം നല്‍കണമെന്ന്. ഈ പ്രത്യാക്രമണത്തിന്റെ മുഴുവന്‍ നേട്ടവും തനിക്കും പാര്‍ട്ടിക്കുമായി നല്‍കണമെന്ന സങ്കുചിത ദേശീയതാവാദമാണിതെന്ന് ആരെങ്കിലും പറഞ്ഞാല്‍ തള്ളിക്കളയാന്‍ കഴിയില്ല. മുഴുവന്‍ രാഷ്ട്രവും അതിനു അവകാശികളാണ്.
ഈ നിര്‍ണായക വിഷയം വന്നപ്പോള്‍ സര്‍വകക്ഷി യോഗമോ അനിവാര്യമെങ്കില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനമോ വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകേണ്ടതായിരുന്നു. അതാണ് മര്യാദ. പാകിസ്താന്‍ പ്രധാനമന്ത്രി അങ്ങനെ ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി സ്വന്തം കക്ഷിക്കാരോടു മാത്രമാണു സംസാരിച്ചത്. അതത്ര ശരിയല്ലെന്നു പറയേണ്ടി വരും.
ഈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു ഏതാണ്ട് ഉറപ്പിച്ചു പറയാവുന്ന ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ ചരിത്രം ഓര്‍ക്കാന്‍ ബി.ജെ.പി ഇഷ്ടപ്പെടുന്നുണ്ടാകില്ല. വാജ്‌പേയ് ഇന്ത്യ ഭരിക്കുമ്പോഴാണ്, 1998ല്‍ ഈ ഭീകരനേതാവിനെ ഇന്ത്യ മോചിപ്പിച്ചത്. നേപ്പാളില്‍ നിന്നു തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തിരിച്ചു കിട്ടാന്‍ വേണ്ടിയായിരുന്നു അത്.
പിന്നീട് പല പേരുകള്‍ മാറ്റി ഇന്നത്തെ അവസ്ഥയിലേയ്ക്ക് ആ സംഘടന വളര്‍ന്നതിനു പിന്നില്‍ പാകിസ്താന്റെ പങ്കു വലുതാണെന്നു നമുക്കറിയാം. പാശ്ചാത്യരടക്കം പലരെയും നിരന്തരം തട്ടിക്കൊണ്ടു പോയ ഇവരുടെ സംഘടനയെ സി.ഐ.എ നിരോധിക്കുമ്പോഴാണ് ഇവര്‍ പേരു മാറ്റി പുതിയ രൂപമെടുക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2016ലെ പത്താന്‍കോട്ടും ഇപ്പോഴത്തെ ഫുല്‍വാമയുമടക്കം നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ പിന്നില്‍ മസൂദ് അസ്ഹറാണെന്ന് ഉറപ്പിച്ചു പറയാം.
അതുകൊണ്ട് അവരുടെ താവളം ലക്ഷ്യമാക്കി നമ്മള്‍ നടത്തിയ പ്രത്യാക്രമണത്തിനു എല്ലാ വിധ ന്യായീകരണവുമുണ്ട്. പക്ഷേ അതിര്‍ത്തി കടന്നുള്ള ആക്രമണം, അത് ആകാശം വഴിയോ കടല്‍ വഴിയോ ആണെങ്കിലും യുദ്ധമെന്ന ഗണത്തിലാണു പെടുത്തുകയെന്നു പറയുന്നതു ദീര്‍ഘകാലം ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ നാരായണന്‍ നാണ്. ( ദി ഹിന്ദു).
2009ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനെതിരേ നമ്മള്‍ തിരിച്ചടിക്കാതിരുന്നതിനെ ഭരണകക്ഷി വിമര്‍ശിച്ചപ്പോള്‍ അതിനുള്ള വിശദീകരണമെന്ന നിലയിലാണ് എം.കെ നാരായണന്‍ ഇങ്ങനെ പറഞ്ഞത്. പ്രത്യേക ലക്ഷ്യം മാത്രം വച്ചു തിരിച്ചടിക്കാന്‍ കഴിയുന്ന വിധത്തില്‍ യു.എസിനോ (സീല്‍സ്), ജര്‍മനിക്കോ (ജി.എസ്.ജി 9), റഷ്യയ്‌ക്കോ (സ്‌പെറ്റ് നാസ്) ഉള്ളതുപോലൊരു സംവിധാനം നമുക്കില്ലെന്നതിനാല്‍ നമ്മുടെ ആക്രമണം യുദ്ധമായി അന്താരഷ്ട്രസമൂഹം വിലയിരുത്താന്‍ സാധ്യതയുണ്ടെന്നതിനാലാണ് അന്നു തിരിച്ചടിക്കാതെ നയതന്ത്രമാര്‍ഗം തേടിയത്. അതു വിജയവുമായിരുന്നു എന്നദ്ദേഹം വിശദീകരിക്കുന്നു.
ഇതിനു വ്യക്തമായ വിശദീകരണം യു.എന്‍ അടക്കമുള്ള വേദികളില്‍ നാം നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയും പാകിസ്താനും ആണവശേഷിയുള്ള രാജ്യങ്ങളാണെന്നു 1998ല്‍ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഈ അതിര്‍ത്തി വിഷയം ആഗോള പ്രാധാന്യമുള്ളതാണ്. ഒരിക്കലും തങ്ങള്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന അന്താരാഷ്ട്ര പ്രഖ്യാപനം നടത്തിയ രാജ്യമാണ് ഇന്ത്യ. പാകിസ്താന്‍ അങ്ങനെ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നത് അപകടസാധ്യത വധിപ്പിക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്ന രാജ്യമെന്ന രീതിയില്‍ നമുക്കു കിട്ടുന്ന മാന്യസ്ഥാനം ഇതുവഴി നഷ്ടപ്പെടുത്തുന്നതു ശരിയല്ല. യു.എന്‍ സ്ഥിരാംഗത്വമടക്കം നമ്മുടെ ലക്ഷ്യമായിരിക്കുന്ന ഈ ഘട്ടത്തില്‍ വിശേഷിച്ചു അതു പാടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതായത്, താല്‍ക്കാലിക ലാഭത്തിനു വേണ്ടി, സങ്കുചിത ദേശീയത ഉയര്‍ത്തിക്കൊണ്ടു നാം അന്താരാഷ്ട്രപദവി ഇല്ലാതാക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആശയങ്ങളുടെ രത്‌നച്ചുരുക്കം.
സൈന്യം നല്‍കിയ തിരിച്ചടിക്കു തെളിവുകള്‍ ഹാജരാക്കണമെന്ന പ്രതിപക്ഷ ആവശ്യമാണു സൈന്യത്തെ സംശയിക്കുന്നുവോയെന്ന ചോദ്യത്തിലൂടെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതു സൈന്യത്തിന്റെ ശേഷി ചോദ്യം ചെയ്യുന്ന പ്രശ്‌നമല്ല. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ചു വരുന്ന വാര്‍ത്തകള്‍ നമ്മുടെ ചില സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മാധ്യമങ്ങളുടെ പ്രചാരണം വഴി നേരിടാന്‍ കഴിയില്ല. ഇന്നു ശാസ്ത്രസാങ്കേതിക വിദ്യയുടെ വികാസം വഴി ഏതു വാര്‍ത്തയും നിമിഷങ്ങള്‍ക്കകം ലോകം മുഴുവന്‍ എത്തുന്നുണ്ട്.
ഇന്ത്യയുടെ ആക്രമണത്തില്‍ ചില പൈന്‍കാടുകള്‍ കത്തിയതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നു യു.എസ് അടക്കമുള്ള രാജ്യങ്ങളിലെ പ്രധാന മാധ്യമങ്ങള്‍ ആരോപിക്കുമ്പോള്‍ അതിനു മറുപടി നല്‍കാന്‍ ഇന്ത്യയിലെ ഓരോ പൗരനും ബാധ്യതയുണ്ട്. അതുകൊണ്ടാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നു പറയുന്നത്. അതിനെ ദേശസ്‌നേഹത്തിന്റെ പേരില്‍ തള്ളിക്കളയുന്നതോ രാജ്യദ്രോഹമെന്നു വിളിക്കുന്നതോ ശരിയല്ല.
തിരിച്ചടി സംബന്ധിച്ച സംശയങ്ങളെ ബലപ്പെടുത്തുന്നതു പ്രധാനമന്ത്രി തന്നെയാണെന്ന പ്രതിപക്ഷവിമര്‍ശനം തള്ളിക്കളയാന്‍ കഴിയില്ല. റാഫേല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ കഴിയുമായിരുന്നുവെന്നു പ്രധാനമന്ത്രി പറയുന്നു. യുദ്ധവിമാനം വാങ്ങലുമായി ബന്ധപ്പെട്ട അഴിമതി ഈ ദേശസ്‌നേഹത്തില്‍ മുക്കി ഇല്ലാതാക്കാമെന്നാകാം അദ്ദേഹത്തിന്റെ മോഹം.
അപ്പോള്‍, തിരിച്ചടി ദുര്‍ബലമായെന്ന ധ്വനി പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനത്തിലില്ലേ. താന്‍ അധികാരമേല്‍ക്കുമ്പോള്‍ ഏതാണ്ട് അന്തിമാവസ്ഥയിലെത്തിയിരുന്ന കരാര്‍ റദ്ദാക്കി, തീര്‍ത്തും വ്യത്യസ്തമായ ഒന്നിനായി ശ്രമിച്ച ഇദ്ദേഹം തന്നെയല്ലേ വാങ്ങല്‍ വൈകിച്ചതെന്ന ചോദ്യവും ഉയരാം.
അന്താരഷ്ട്രസമൂഹത്തില്‍ ഇന്ത്യയുടെ സ്വീകാര്യത ഇതുവഴി വര്‍ധിച്ചുവെന്നതിന് ഉദാഹരണമായി പ്രധാനമന്ത്രി തന്നെ ചൂണ്ടിക്കാട്ടിയത്, ഒ.ഐ.സി (ഇസ്‌ലാമിക സഹകരണത്തിനായുള്ള സംഘടന) അതിന്റെ അബുദാബി യോഗത്തിലേയ്ക്ക് ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെ ക്ഷണിച്ചുവെന്നതാണ്. തീര്‍ച്ചയായും അതു നല്ലകാര്യം. പക്ഷേ, ആ യോഗത്തില്‍ പാസാക്കിയ പ്രമേയങ്ങള്‍ എന്തെല്ലാമായിരുന്നു. ഇന്ത്യയെ ക്ഷണിച്ചതിന്റെ പേരില്‍ പാകിസ്താന്‍ യോഗം ബഹിഷ്‌ക്കരിച്ചിട്ടും ആ പ്രമേയങ്ങളെല്ലാം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായിരുന്നുവെന്ന സത്യം മറച്ചു പിടിക്കാന്‍ കഴിയില്ല.
ഇന്ത്യാ പാക് അതിര്‍ത്തി സംഘര്‍ഷരഹിതമാക്കുന്നതില്‍ പാകിസ്താന്റെ പങ്കിനെ സമ്മേളനം പ്രകീര്‍ത്തിച്ചു. കശ്മിരില്‍ ഇന്ത്യ നടത്തുന്ന ഭീകരമായ മനുഷ്യാവകാശലംഘനം നടത്തുന്നുവെന്നു പ്രമേയം കൊണ്ടുവന്നു. അവിടുത്ത ജനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ അംഗരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിന്റെ ഇന്ത്യയുടെ ലംഘനങ്ങള്‍ക്കെതിരേ പ്രമേയത്തില്‍ ശക്തമായി അപലപിച്ചു. ഇതൊക്കെ ഇന്ത്യന്‍ പ്രതിനിധി കൂടി പങ്കെടുത്ത സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നതാണ്. അതും ഇന്ത്യയുടെ വിദേശകാര്യമന്ത്രി നടത്തിയ പ്രസംഗം ശ്രദ്ധയോടെ കേട്ട ശേഷം.
ചുരുക്കത്തില്‍, ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരത്തെ വലിയൊരു നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നവര്‍ക്ക് അവിടെ പാസാക്കിയ പ്രമേയത്തെ കേവലമൊരു ഔദ്യോഗിക നിഷേധക്കുറിപ്പിറക്കി മറച്ചുപിടിക്കാന്‍ കഴിയില്ല. കശ്മിര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും അവിടുത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യക്കു കഴിയുമെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്നു പറഞ്ഞാല്‍ അതു തള്ളിക്കളയാന്‍ കഴിയില്ല.
ലോകത്തിനു മുന്നില്‍ ഭീകരവാദികളുടെ വളര്‍ത്തുകേന്ദ്രമായി പാകിസ്താനെ അവതരിപ്പിക്കാന്‍ നമുക്കു കിട്ടിയ ഒരു സുവര്‍ണാവസരം നഷ്ടമായെന്നു വാദിക്കുന്ന നയതന്ത്രവിദഗ്ധരുമുണ്ട്. ഇന്നു യുദ്ധത്തിലൂടെ ഒരു രാജ്യത്തെയും കീഴ്‌പെടുത്താന്‍ എളുപ്പമല്ല. നയതന്ത്രസമ്മര്‍ദങ്ങളാണ് അതിനുള്ള വഴിയെന്നു വ്യക്തം. ഇതുപോലെ ഇനിയും നിരവധി വിഷയങ്ങള്‍ വരാം. അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു വോട്ടു നേടി ഭരണമുറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണു രാജ്യത്തിന് അപമാനകരമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."