ബ്ലേഡ് മാഫിയയെ ഉന്മൂലനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന സഹകരണ നയത്തിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സഹകരണ നയം ആവിഷ്‌കരിക്കുന്നത്. സഹകരണ മേഖലയെ അഴിമതി മുക്തവും വികസനോന്മുഖവുമാക്കാനുള്ള സമഗ്ര നിര്‍ദേശങ്ങളാണ് നയത്തിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
ഗ്രാമീണ മേഖലയില്‍ സഹകരണ മേഖലയുടെ ശക്തമായ ഇടപെടല്‍ ലക്ഷ്യമിടുന്നതാണ് സഹകരണ നയം. ഗ്രാമീണ മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ബ്ലേഡ് മാഫിയയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മൈക്രോഫിനാന്‍സ് മേഖലയില്‍ കുടുംബശ്രീയുമായി സഹകരിച്ച് കളക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്്‌വര്‍ക്കിനു രൂപം നല്‍കും.
സഹകരണ മേഖലയില്‍ പുതുതലമുറയുടെ പങ്കാളിത്തമുണ്ടാക്കാന്‍ ഇടപെടും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ച് കോര്‍ ബാങ്കിങ് നെറ്റ്്‌വര്‍ക്ക് ഉണ്ടാക്കും. എല്ലാ ബാങ്കുകളുടെയും ചെക്ക്, ഒപ്പ് എന്നിവ ഓണ്‍ലൈനില്‍ പരിശോധിച്ച് പണം ഉടന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സംവിധാനമുണ്ടാക്കും.
കൃഷിയെയും ചെറുകിട വ്യവസായത്തെയും ശക്തിപ്പെടുത്താന്‍ ഇടപെടും. നെല്‍ക്കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവയ്ക്കുള്ള ഹ്രസ്വകാല വായ്പാ വിതരണവുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്കിങ് സേവന ദാതാക്കളായി പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ അംഗീകരിക്കും.
പ്രാദേശിക വികസനത്തിന് ആവശ്യമായ മൂലധനം ലഭ്യമാക്കും. കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ സഹരണ മേഖല ഇടപെടും. ഇതിനായി അമുല്‍ മാതൃകയില്‍ വന്‍കിട പദ്ധതികള്‍ ആവിഷ്‌കരിക്കും.
സഹകരണ സ്ഥാപനങ്ങള്‍ക്കു സ്വതന്ത്രമായും സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ടും പ്രവര്‍ത്തിക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കും. സഹകരണ മേഖലയിലെ നിലവിലെ നിയമനരീതി പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തും.
സാങ്കേതിക വിദ്യയിലും നിയമന നിയന്ത്രണത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നീങ്ങുന്നതിന് സഹകരണ വകുപ്പിനെ സജ്ജമാക്കുന്ന വിധത്തില്‍ പ്രൊഫഷണലിസം നടപ്പാക്കും. സഹകരണ മേഖലയില്‍ സ്ത്രീ ശാക്തീകരണത്തിനും തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും പരിശ്രമിക്കുമെന്നും നയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."