പനോപ്റ്റികോണിലേക്കുള്ള പാലങ്ങള്‍
'പനോപ്റ്റികോണ്‍' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് തത്വചിന്തകനും നിയമ പണ്ഡിതനുമായ ജെറെമി ബെന്താമാണ്. ഇത് സ്ഥാപന നിര്‍മ്മിതിയുടെയും സാമൂഹ്യ നിയന്ത്രണത്തിന്റെയും ഒരു മാതൃകയാണ്. ഇതിന്റെ ഏറ്റവും മികച്ച മാതൃക പനോപ്റ്റികോണ്‍ ജയിലാണ്. പനോപ്റ്റികോണ്‍ ജയിലില്‍ ഒരേയൊരു ജയില്‍ ഗാര്‍ഡിന് ജയിലിലെ ഒരു നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുകൊണ്ട് മുഴുവന്‍ തടവുപുള്ളികളേയും ഒരേ സമയം നിരീക്ഷിക്കാനാവും. എന്നാല്‍ ഈ സ്ഥാപനനിര്‍മ്മിതിയുടെ അമ്പരപ്പിക്കുന്ന പ്രത്യേകത, തടവുപുള്ളിക്ക് അയാള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കാനാവില്ല. അതിനാല്‍ താന്‍ എപ്പോഴും നിരീക്ഷിക്കപ്പെടുന്നുവെന്ന ധാരണയില്‍ തടവുപുള്ളി പെരുമാറ്റം നിയന്ത്രിക്കാന്‍ നിര്‍ബന്ധിതനാവുന്നു. സമഗ്രാധിപത്യ രാഷ്ട്രങ്ങളുടെ ആദിരൂപമായി പനോപ്റ്റികോണ്‍ മാതൃകയെ കാണാം. 1965ല്‍ അമേരിക്കന്‍ ചരിത്രകാരിയായ ജെര്‍ട്രൂഡ് ഹിമേല്‍ഫേര്‍ബ് എഴുതിയ ദി ഹോണ്ടഡ് ഹൗസ് ഓഫ് ജെറെമി ബെന്‍താം എന്ന കൃതിയില്‍ നിതാന്ത നിരീക്ഷണം എങ്ങനെയാണ് സമഗ്രാധിപത്യ മര്‍ദനത്തിന്റെ ഉപകരണമായി മാറുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. മിഷേല്‍ ഫുക്കോവിന്റെ അഭിപ്രായത്തില്‍ പനോപ്റ്റികോണ്‍ ഒരു അധികാരയന്ത്രഘടനയും രാഷ്ട്രീയ സാങ്കേതിക ശാസ്ത്രത്തിന്റെ രൂപരേഖയുമാണ്.
പനോപ്റ്റികോണ്‍ മാതൃകയിലുള്ള രാഷ്ട്രമാണ് സമഗ്രാധിപതികള്‍ എന്നും സ്വപ്നം കാണുന്നത്. 1948ല്‍ ജോര്‍ജ് ഓര്‍വെല്‍ '1984' എന്ന നോവല്‍ എഴുതുമ്പോള്‍ അത്തരം 'സര്‍വൈലന്‍സ് സ്റ്റേറ്റ്' ഒരു ഭാവന മാത്രമായിരുന്നു. എന്നാല്‍ സാങ്കേതിക രംഗത്തുണ്ടായ വിസ്മയാവഹമായ പുരോഗതി, നമ്മുടെ കാലത്ത് അത് ഒരു യാഥാര്‍ഥ്യമായി മാറ്റിയിരിക്കുന്നു. ഹന്നാ ആരെന്റ് തന്റെ ദി ഒറിജിന്‍സ് ഓഫ് ടോട്ടാലിറ്റേറിയനിസം (1951) എന്ന കൃതിയില്‍ സമഗ്രാധിപത്യവ്യവസ്ഥയുടെ ഉത്ഭവവും സ്വഭാവങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സമഗ്രാധിപത്യ രാഷ്ട്രം, ബൗദ്ധികവും കലാപരവുമായ ചലനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കും. ഒരു മേഖലയിലും സ്വതന്ത്രമായ പ്രവര്‍ത്തനം അനുവദിക്കുകയില്ല. പൊതുസ്വകാര്യം, രാഷ്ട്രം, സമൂഹം, നിയമം, ധാര്‍മികത തുടങ്ങിയ വേര്‍തിരിവുകള്‍ സമഗ്രാധിപത്യം അനുവദിക്കുകയില്ല. എന്നാല്‍ ഒരു ലിബറല്‍ ഡെമോക്രസില്‍ ഏറെ അമൂല്യമാണ് വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും. 'ഒറ്റക്കായിരിക്കാനുള്ള അവകാശം' (ൃശഴവ േീേ യല ഹല േമഹീില) എന്നാണ് സ്വകാര്യതയ്ക്ക് അമേരിക്കന്‍ ന്യായാധിപനായ ലൂയീസ് ബ്രാന്‍ഡിസ് 1890ല്‍ നല്‍കിയ നിര്‍വചനം. മറ്റുള്ളവരില്‍ നിന്ന് ചില കാര്യങ്ങള്‍ മറച്ചുവെക്കാനും ഗാര്‍ഹിക ജീവിതത്തെ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും നിരീക്ഷണത്തില്‍ നിന്ന് സംരക്ഷിക്കാനുമുള്ള അവകാശമാണ് സ്വകാര്യത.
വിവരസാങ്കേതിക രംഗത്തുണ്ടായ പുരോഗതി വ്യക്തിയുടെ സ്വകാര്യതക്ക് ഭാവനാതീതമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ പീഠികയില്‍ ഓരോ പൗരനും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഭരണഘടനാ നിര്‍മാണ വേളയില്‍, ചിന്തിക്കാന്‍ എന്തിനാണ് സ്വാതന്ത്ര്യം എന്ന് ചിലരെങ്കിലും സംശയിച്ചിരിക്കാം. ജോര്‍ജ് ഓര്‍വെല്‍ ഇതേ കാലത്താണ് തോട്ട് പൊലിസിനെ പറ്റി തന്റെ പ്രവചനപരമായ '1984' എന്ന നോവലില്‍ എഴുതിയത്. എന്നാല്‍ ഇന്ന് ചിന്തക്ക് കടിഞ്ഞാണിടാനും ചിന്തയെ ചോര്‍ത്തിയെടുക്കാനും കഴിയുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരാള്‍ എന്തു ചിന്തിക്കുന്നവെന്ന് മനസിലാക്കാന്‍ അയാള്‍ ഗൂഗിളില്‍ എന്ത് സെര്‍ച്ച് ചെയ്യുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ എന്തു പോസ്റ്റ് ചെയ്യുന്നുവെന്നും പരിശോധിച്ചാല്‍ മതി. ഇവിടെയാണ് വ്യക്തിയുടെ സ്വകാര്യതയും ഡാറ്റ പ്രൈവസിയും നിര്‍ണ്ണായകമാവുന്നത്. ഈയിടെ ഇസ്‌റാഈല്‍ വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് മെസേജുകള്‍ ചോര്‍ത്തിയത് ഇന്നത്തെ സൈബര്‍ ലോകത്തെ സ്വകാര്യത ഇല്ലായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യയില്‍ പ്രസിദ്ധമായ പുട്ടസ്വാമിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ (2017) സ്വകാര്യത ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം മൗലികാവകാശമാണ് എന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് ഇങ്ങനെ വിധിച്ചത്. 'ഒരു വ്യക്തിയുടെ വീട് അയാളുടെ കോട്ടയാണ്' (അ ാമി' െവീാല ശ െവശ െരമേെഹല) എന്ന പ്രശസ്തമായ വാചകം സുപ്രിം കോടതി ഉദ്ധരിക്കുകയുണ്ടായി. 1628ല്‍ ഇംഗ്ലീഷ് ന്യായാധിപനായ സര്‍ എഡ്വേഡ് കുക്ക്, തന്റെ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോസ് ഓഫ് ഇംഗ്ലണ്ട് എന്ന കൃതിയിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.
എന്നാല്‍ വ്യക്തമായ നിയമ നിര്‍മ്മാണത്തിന്റെ അഭാവത്തില്‍ സ്വകാര്യതക്കുള്ള അവകാശം ഇന്ത്യയില്‍ ഒരു ആകാശ കുസുമമായി നിലനില്‍ക്കുകയാണ്. പെഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2019, കഴിഞ്ഞ ഡിസംബറില്‍ മാത്രമാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഈ ബില്ലാകട്ടെ ഇതുവരെ പാസായിട്ടുമില്ല. വ്യക്തിപരമായ വിവരങ്ങള്‍ (ഡേറ്റ) സര്‍ക്കാരും സ്വദേശ, വിദേശ കമ്പനികളും ഉപയോഗപ്പെടുത്തുന്നത് ക്രമപ്പെടുത്തുക എന്നതാണ് ഈ ബില്ലിന്റെ പ്രഖ്യാപിത ലക്ഷ്യം. ഒരാളുടെ സ്വഭാവം, സ്വത്വം, പെരുമാറ്റരീതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പെഴ്‌സണല്‍ ഡേറ്റ. സാമ്പത്തിക വിവരങ്ങള്‍, ബിയോമെട്രിക് ഡേറ്റ, ജാതി, മതം, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഡേറ്റകള്‍ കൈവശമുള്ളവര്‍ (ഡേറ്റ ഫിഡുഷ്യറി) നിയമപരമായ ആവശ്യങ്ങള്‍ക്കേ ഇത് ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ബില്‍ അനുശാസിക്കുന്നു. ഡേറ്റ ഫിഡുഷ്യറി, ഡേറ്റ സംരക്ഷിക്കാനും വ്യക്തികളില്‍ നിന്നുള്ള പരാതികള്‍ പരിഹരിക്കാനും ബാധ്യസ്ഥനാണ്. ഡേറ്റ ആരുമായി ബന്ധപ്പെട്ടതാണോ അയാള്‍ ഡേറ്റ പ്രിന്‍സിപ്പല്‍ എന്നറിയപ്പെടുന്നു. അയാള്‍ക്ക് ചില അവകാശങ്ങള്‍ ബില്‍ വിഭാവനം ചെയ്യുന്നു. അയാളുടെ ഡേറ്റ, ഡേറ്റ ഫിഡുഷ്യറി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നറിയാനുള്ള സ്വാതന്ത്ര്യമാണ് അതില്‍ പ്രധാനം. ഡേറ്റ പ്രിന്‍സിപ്പലിന്റെ അനുമതി കൂടാതെ അയാളുടെ പെഴ്‌സണല്‍ ഡേറ്റ സംസ്‌കരിച്ചു കൂടാ. വ്യക്തിപരമായ ഡേറ്റയുടെ സംരക്ഷണത്തിനും ദുരുപയോഗം തടയാനും ഒരു ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി രൂപീകരിക്കാന്‍ ബില്‍ അനുശാസിക്കുന്നു.
എന്നാല്‍ ഈ ബില്‍ നിയമമാകുന്നതിനു മുന്‍പ് പൗരന്മാരുടെ അമൂല്യമായ വിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെ, കൊവിഡ് മഹാമാരിയുടെ മറവില്‍, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഒരു തന്ത്രമാണ് ആരോഗ്യ സേതു എന്ന മൊബൈല്‍ ആപ്പ് എന്ന് വേണം മനസ്സിലാക്കാന്‍. കൊവിഡ് പ്രസരണം രേഖപ്പെടുത്താന്‍ എന്ന പ്രഖ്യാപിതനയത്തോടെയാണ് ആരോഗ്യസേതു ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ ഇതിനകം തന്നെ ഒന്‍പത് കോടിപേര്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു എന്നാണ് വിവരം. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ആപ്പ് ഉപയോഗിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. ലോക്ക് ഡൗണ്‍ കഴിഞ്ഞു പ്രവര്‍ത്തനം പുനരാരംഭിച്ചാല്‍ എല്ലാ സ്വകാര്യ കമ്പനി ജീവനക്കാരും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നു. ആധാര്‍ പോലെ എല്ലാവര്‍ക്കും ഇത് നിര്‍ബന്ധമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്നാല്‍ ഇതില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ചോര്‍ന്നാല്‍ സര്‍ക്കാരിന് പരിമിതമായ ഉത്തരവാദിത്വമേ ഉണ്ടാകൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആശങ്കാജനകമാണ്. ഫ്രഞ്ച് എത്തിക്കല്‍ ഹാക്കര്‍ ആയ എലിയട്ട് ആല്‍ഡര്‍സണ്‍ ഇതിനോടകം തന്നെ ആപ്പ് ഹാക്ക് ചെയ്തതായി അവകാശപ്പെടുകയും വിവരങ്ങള്‍ ചോരാനുള്ള സാധ്യത വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ സേതു ആപ്പിലെ വിവരങ്ങള്‍ ചോരുന്നത് അപകടകരമാണ്. മാത്രമല്ല, സമഗ്രാധിപത്യ പ്രവണതയും വംശീയതയും താലോലിക്കുന്ന ചില രാഷ്ട്രീയ ശക്തികള്‍ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. ആരെങ്കിലും വിവരങ്ങള്‍ ചോര്‍ത്തിയാല്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്ന് ആപ്പിന്റെ ലയബിലിറ്റി ക്ലോസ് പറയുന്നു. ഇത് പെഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്ലിലെ വ്യവസ്ഥകള്‍ക്ക് എതിരാണ്. ഒരാളുടെ സ്വകാര്യവിവരങ്ങള്‍ ചോരുന്നുവെന്ന് മാത്രമല്ല പൗരന്മാരുടെ ജീവിതം എപ്പോഴും നിരീക്ഷിക്കുന്ന ഒരു 'ബിഗ് ബ്രദര്‍' ആയി ഈ ആപ്പ് മാറാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ഒരു പനോപ്റ്റികോണ്‍ ജയിലിലില്‍ അകപ്പെട്ട തടവുകാരന്റെ അവസ്ഥയിലേക്ക് പൗരന്മാരുടെ ജീവിതം മാറും. വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതായേക്കും. അതിനാല്‍ ഇത്തരം നടപടികള്‍, ഒരു പനോപ്റ്റികോണ്‍ സമഗ്രാധിപത്യ വ്യവസ്ഥയിലേക്കുള്ള സേതുബന്ധനമായി വേണം മനസ്സിലാക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."