ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കടന്നു പിടിച്ചെന്ന് ആരോപണം
നെടുമ്പാശ്ശേരി: ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കടന്ന് പിടിച്ചെന്ന് ആരോപണം. യുവതിയുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പീഡനത്തിന് നെടുമ്പാശ്ശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എറണാകുളം റെയില്‍വെ പൊലിസ് സി.ഐ വി.എസ് ഷാജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദേശീയപാതയില്‍ അത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഹോം നേഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ താല്‍ക്കാലികമായി സ്ഥലം മാറ്റിയപ്പോള്‍ വി.എസ് ഷാജു നാല് മാസത്തോളം നെടുമ്പാശ്ശേരി സി.ഐ ആയി ജോലി ചെയ്തിരുന്നു. ഈ സമയത്ത് ഹോം നഴ്‌സിംഗ് സ്ഥാപന ഉടമയായ സ്ത്രീയുമായി സി.ഐക്ക് പരിചയമുണ്ട്. ഈ പരിചയത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പിന് ശേഷം ഇവിടെ നിന്നും സ്ഥലം മാറി പോയെങ്കിലും ദേശീയപാത വഴി പോകുമ്പോള്‍ സി.ഐ ഹോം നഴ്‌സിംഗ് സ്ഥാപനത്തില്‍ കയറാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ മാര്‍ച്ച് 27 ന് സി.ഐ സ്ഥാപനത്തില്‍ എത്തിയപ്പോള്‍ ഉടമ ഉണ്ടായിരുന്നില്ല.
ഈ സമയം ഓഫീസിലെ റിസപ്ഷന്‍ ക്യാബിനില്‍ ഇരിക്കുകയായിരുന്ന യുവതിയെ സി.ഐ കടന്നുപിടിച്ചെന്നാണ് പരാതി. സി.ഐക്കെതിരെ സ്ത്രീ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സമ്മതിക്കാന്‍ നെടുമ്പാശേരി പൊലിസ് സ്റ്റേഷന്റെചുമതലയുള്ള അങ്കമാലി സി.ഐയോ ആലുവ ഡി.വൈ.എസ്.പിയോ തയ്യാറായില്ല. ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജാണ് പരാതി സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.
ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും റൂറല്‍ എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."