മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം ഇന്ന് രാത്രിയോടെ നാടണയും
മസ്‌കറ്റ്: കോവിഡ് പ്രതിസന്ധി മൂലം ലോക്ക് ഡൗണില്‍പെട്ട് ഒമാനില്‍ കുടിങ്ങിപ്പോയ പ്രവാസികളുടെ ആദ്യ സംഘം ഇന്ന് രാത്രി 8.05ന് കൊച്ചി എയര്‍പ്പോട്ടില്‍ എത്തിച്ചേരും. ഒമാന്‍ സമയം വൈകുന്നേരം 4.15 ന് എയര്‍ ഇന്ത്യ വിമാനം മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടും. യാത്രക്കാര്‍ക്ക് 12 മണി മുതല്‍ വിമാനത്താവളത്തില്‍ എത്തിച്ചചേരാം. 177 മുതിര്‍ന്നവരും നാല് കൈകുഞ്ഞുങ്ങളുമാണ് ആദ്യ യാത്രാസംഘത്തില്‍ ഉള്ളത്. 71 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്ക്.
പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗികള്‍, തെഴില്‍ നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, തുടങ്ങിയവരെ മുന്‍ഗണനാക്രമത്തില്‍ ആണ് ആദ്യ യാത്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റില്‍ നിന്നാണ് മുന്‍ഗണന പട്ടിക തയ്യാറാക്കിയിട്ടുള്ളത്. മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ഇന്റീരിയര്‍ പ്രദേശത്തുള്ളവരെ പരിഗണിച്ചിട്ടില്ല. തെര്‍മല്‍ പരിശോധന നടത്തി രോഗലക്ഷണം ഇല്ല എന്ന് ഉറപ്പ് വരുത്തിയാണ് യാത്രക്ക് അനുമതി നല്‍കുക. യാത്രക്കാര്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
ഒമാനിലെ ആദ്യ സംഘം യാത്ര തിരിക്കുമ്പോഴും ഇന്റീരിയര്‍ പ്രദേശങ്ങളിലെയും സലാലയിലെയും പ്രവാസികള്‍ നിരാശയിലാണ്. നിലവിലെ സാഹചര്യത്തില്‍ യാത്ര നിയന്ത്രണവും ലോക്ക് ഡൗണും കാരണം ഇവര്‍ക്ക് മസ്‌കറ്റ് എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചേരുക പ്രയാസകരമാണ്. കണ്ണൂര്‍ കോഴിക്കോട് മേഖലയിലേക്ക് ഷെഡ്യൂള്‍ പ്രഖ്യാപിക്കാത്തതില്‍ മലബാര്‍ മേഖലയില്‍ ഉള്ളവരും നിരാശയിലാണ്. ഒമാനിലെ നല്ലൊരു വിഭാഗം പ്രവാസികള്‍ ഈ മേഖലയില്‍ നിന്നുള്ളവരാണ്. സലാല എയര്‍പ്പോര്‍ട്ടില്‍ നിന്ന് നേരിട്ട് സര്‍വീസ് ഇല്ലാത്തതിനെതിരെയും പ്രധിഷേധം ഉയരുന്നുണ്ട്.
സ്വദേശത്തേക്ക് തിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് എംബസിയുമായി ബന്ധപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍, മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും ചെന്നൈയിലേക്കും മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് അതിനാല്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പട്ടികയിലുള്ളവരുമായി എംബസി അധികൃതര്‍ ബന്ധപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."