കടലിന്റെ മക്കള്‍ വറുതിയില്‍
കണ്ണൂര്‍: ശക്തമായ കടല്‍ക്ഷോഭം കാരണം കടലില്‍ പോകാനാകാതെ മത്സ്യത്തൊഴിലാളികള്‍ വലയുന്നതിനിടെ ട്രോളിങ് നിരോധനവും ആരംഭിച്ചതോടെ തീരം വറുതിയില്‍.
ഈ മാസം ഒമ്പത് മുതല്‍ ആരംഭിച്ച ട്രോളിങ് നിരോധനം ജൂലൈ 31ന് അര്‍ധരാത്രിയിലാണ് അവസാനിക്കുക.
ട്രോള്‍ വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനുമാണ് നിരോധനം. ഇക്കുറി കര്‍ശന നിബന്ധനകളുള്ളതിനാല്‍ ട്രോളിങ് നിരോധനത്തില്‍ കഷ്ടത്തിലായത് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. മുന്‍വര്‍ഷം ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ 47 ദിവസമായിരുന്നെങ്കില്‍ ഇത്തവണ ട്രോളിങ് നിരോധനം അഞ്ചു ദിവസം അധികമായി നീട്ടിയതിനാല്‍ 52 ദിവസത്തിനു ശേഷമേ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കടലിലിറങ്ങാന്‍ കഴിയുകയുള്ളൂ. സാധാരണയായി ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം മൂന്ന് കരിയര്‍ വള്ളങ്ങള്‍ ഉപയോഗിക്കുന്നതായിരുന്നു വര്‍ഷങ്ങളായുള്ള പതിവ്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ട്രോളിങ് സമയത്ത് ഒരു കരിയര്‍ വള്ളമേ ഉപയോഗിക്കാവുയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ചു ചേര്‍ത്ത തൊഴിലാളി യൂനിയനുകളുടെ യോഗത്തില്‍ ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ കരിയര്‍ വള്ളമടക്കം ഏറ്റവും കുറഞ്ഞത് 50 പേരടങ്ങുന്ന സംഘമാണ് പോകുന്നത്. എന്നാല്‍ ഇത്തവണ കര്‍ശന നിബന്ധന വന്നതോടെ കൂടുതല്‍ പേര്‍ തൊഴില്‍ രഹിതരായിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കടലിലെ മാറി വരുന്ന കാലാവസ്ഥ കാരണം മത്സ്യലഭ്യത വളരെ കുറവാണ്. ആറ് മാസമായി മത്സ്യം ലഭിക്കാത്ത അവസ്ഥയാണ്. ഇതിനിടയില്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നിലപാട് ജീവിതം ദുരിതപൂര്‍ണമാക്കിയെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നിരോധനം കൂടി വന്നതോടെ തീരം പൂര്‍ണമായും വറുതിയിലായിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ സമയം സുലഭമായി ലഭിച്ചിരുന്ന മത്തിയും അയലയും പോലും ഇത്തവണ പേരിന് മാത്രമാണുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മത്തിക്ക് ഇതേ സമയം30 രൂപയായിരുന്നു കിലോയ്ക്ക് വിലയെങ്കില്‍ ഇത്തവണ കിലോയ്ക്ക് 150 രൂപയ്ക്ക് അടുത്താണ് വില. എന്നാല്‍ ഇത്തവണ ആശ്വാസമായി വെളുത്ത ചെമ്മീന്‍ അധികമായി ലഭിക്കുന്നുണ്ട്. ഇതിന് തന്നെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 400 രൂപയാണ് വില. ട്രോളിങ് കാലത്ത് തമിഴ്‌നാട്, കര്‍ണാടക, ഗോവ തീരങ്ങളില്‍ നിന്ന് താത്കാലികമായി എത്തിക്കുന്ന അയക്കൂറ, ആവോലി എന്നീ മീനുകളുടെ വരവും ഇത്തവണ കുറഞ്ഞിട്ടുണ്ട്.
ഇവ വലിയമാര്‍ക്കറ്റുകളില്‍ മാത്രമാണ് ലഭിക്കുന്നത്. ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുന്‍പ് എല്ലാ ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളും നിര്‍ബന്ധമായും ജില്ലയിലെ തീരം വിടണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതോടെ അഴീക്കലില്‍ മീന്‍പിടുത്തം നടത്തിയ ബോട്ടുകള്‍ തീരം വിട്ടു. നാടന്‍ബോട്ടുകളടക്കം ഇരുന്നൂറോളം േബാട്ടുകള്‍ അഴിക്കലിലുണ്ട്. കണ്ണൂരിലെ പ്രധാനപ്പെട്ട തീരങ്ങളിലെ മത്സ്യബന്ധനബോട്ടുകളെല്ലാം കരക്കടുപ്പിച്ചു. നാടന്‍ േബോട്ടുകള്‍ ചിലത് മീന്‍പിടുത്തം നിര്‍ത്തി അറ്റകുറ്റപ്പണിക്ക് കരയിലും കയറ്റിയിരിക്കുകയാണ്. ട്രോളിങ് നിരോധന കാലയളവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി അഴീക്കല്‍, തലായി ഹാര്‍ബറുകളില്‍ രണ്ട് രക്ഷാബോട്ടുകളും ആയിക്കരയില്‍ ഒരു തോണിയും സജ്ജമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒന്‍പത് ലൈഫ് ഗാര്‍ഡുകളെയും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."