നിപാ: ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘം വീണ്ടും എത്തുന്നു
കോഴിക്കോട്: സംസ്ഥാനത്ത് 17 പേരുടെ മരണത്തിനിടയാക്കിയ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര സംഘം വീണ്ടും എത്തുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം എത്തുന്നത്. അടുത്തദിവസം തന്നെ കേരളത്തില്‍ എത്തുന്ന സംഘം നിപാ മരണം നടന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാജ്യത്ത് ഇതിനു മുന്‍പും വൈറസ് ബാധയുണ്ടായി നിരവധി പേര്‍ മരിച്ചിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രം ഊര്‍ജിത നീക്കം നടത്തുന്നത്. നേരത്തേയും കേന്ദ്ര സംഘം കോഴിക്കോട്ടെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു.
കോഴിക്കോട് വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര സൂപ്പിക്കടയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും രക്്ത-സ്രവ സാംപിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ വിദഗ്ധ പരിശോധന നടത്തിയിട്ടും വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം കോഴിക്കോട് വീണ്ടും എത്തി വവ്വാലുകളുടേതുള്‍പ്പെടെ പുതിയ സാംപിളുകള്‍ ശേഖരിക്കുന്നത്.
വൈറസ് ബാധയുണ്ടായപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മാത്രം ഊന്നിയാണ് കേരളത്തിലും ഇതിനെ നേരിട്ടത്. എന്നാല്‍ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അത് കണ്ടെത്താനുള്ള കേന്ദ്ര നീക്കം. അതോടൊപ്പം കോഴിക്കോട്ട് റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും അവസാനിച്ചിട്ടില്ല.
അവസാനമരണം നടന്നതിനു ശേഷം 42 ദിവസം പിന്നിട്ടാല്‍ മാത്രമെ നിപാ വൈറസിനെ സമ്പൂര്‍ണമായി തുടച്ചുനീക്കിയെന്ന് അവകാശപ്പെടാനാകൂ. നിപയെ തുടര്‍ന്ന് ആദ്യം മരിച്ചത് പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തായിരുന്നു. മെയ് അഞ്ചിന് ആയിരുന്നു ഇത്. വിദഗ്ധ പരിശോധന നടത്താന്‍ കഴിയാത്തതിനാല്‍ നിപാ ആണ് മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നിപാ ബാധിച്ച് ഏറ്റവും അവസാനം മുക്കം കാരശേരി സ്വദേശി അഖില്‍ ആണ് മരിച്ചത്. മെയ് 31 നായിരുന്നു അഖില്‍ മരിച്ചത്. അതിനാല്‍ ജൂലൈ പകുതിയോടെ ഇനി ഒരു നിപാ കേസും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമേ വൈറസിനെ പൂര്‍ണമായും തുടച്ചു നീക്കിയെന്ന് ആരോഗ്യവകുപ്പിന് അവകാശപ്പെടാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."