പ്രതിഷേധജ്വാലകള്‍ക്ക് മുമ്പില്‍ ട്രംപ് വാശി എരിഞ്ഞടങ്ങി
നയ വൈകല്യങ്ങള്‍ക്കും തന്നിഷ്ടങ്ങള്‍ക്കും ഇതിനകം നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കന്‍ കുഞ്ഞുങ്ങളുടെ വാവിട്ട് കരച്ചിലുകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കി. കൊച്ചുകുഞ്ഞുങ്ങളുടെ ആര്‍ത്തനാദങ്ങള്‍ക്ക് മുമ്പില്‍ മനം നൊന്തല്ല ട്രംപിന്റെ മനം മാറ്റം. മെക്‌സിക്കന്‍ കുടിയേറ്റ പ്രശ്‌നത്തില്‍ ട്രംപ് അനുവര്‍ത്തിച്ച തലതിരിഞ്ഞ നയത്തിനെതിരെ ലോക വ്യാപകമായാണ് പ്രതിഷേധ ജ്വാല ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്നാണ് കുട്ടികളെ തടങ്കലില്‍ നിന്നു വിട്ടയക്കുവാന്‍ ട്രംപ് ഉത്തരവ് നല്‍കിയത്.
ട്രംപിന്റെ കുടുംബാംഗങ്ങള്‍വരെ ലോക വ്യാപക പ്രതിഷേധത്തില്‍ പങ്കാളികളായി. അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരുടെ ഭാര്യമാരും ഇതില്‍ പങ്ക് ചേര്‍ന്നു. യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ യു.എസ് സൈന്യം കുഞ്ഞുങ്ങളെ അവരുടെ അച്ഛനമ്മമാരില്‍ നിന്നു ബലമായി പിടിച്ച് വാങ്ങി തടങ്കല്‍ പാളയങ്ങള്‍ പോലുള്ള ഇരുമ്പ് കൂടുകളിലും തകര ഷെഡ്ഡുകളിലും പാര്‍പ്പിക്കുകയായിരുന്നു.
ട്രംപിന്റെ ഉത്തരവ് പ്രകാരമായിരുന്നു യു.എസ് ഇമിഗ്രേഷന്‍ വകുപ്പും കസ്റ്റംസ് വകുപ്പും ഈ ക്രൂരകൃത്യം ചെയ്തുകൊണ്ടിരുന്നത്. യു.എസിലേക്ക് കടക്കുവാന്‍ മതിയായ രേഖകള്‍ ഇല്ലെന്ന് പറഞ്ഞാണ് മെക്‌സിക്കന്‍ കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാനും പിഞ്ചുകുഞ്ഞുങ്ങളെ അവരില്‍ നിന്നു വേര്‍പെടുത്തി പാര്‍പ്പിക്കുവാനും തുടങ്ങിയത്.
'പപ്പാ നിങ്ങള്‍ എവിടെയാണ്, മമ്മീ എനിക്ക് നിങ്ങളെ കാണണം. ഞാനിവിടെ തനിച്ചാണ് 'എന്നിങ്ങനെ ആര്‍ത്തലച്ച് കരയുന്ന കുഞ്ഞുങ്ങളുടെ ദീനരോദനങ്ങളൊന്നും ട്രംപിന്റെ കല്ലുമനസ്സിനെ അലിയിച്ചില്ല. അഭയാര്‍ഥികളുടെ കാര്യത്തില്‍ അല്‍പം പോലും വിട്ട്‌വീഴ്ചയില്ലെന്ന ന്യായം പറഞ്ഞാണ് കുഞ്ഞുങ്ങളോട് ഈ ക്രൂരത കാണിച്ചത്. ഏപ്രില്‍ 19 മുതല്‍ തുടങ്ങിയതാണ് ഈ പ്രവൃത്തി. രണ്ടായിരത്തോളം കുഞ്ഞുങ്ങളാണ് ഇവിടെ തടങ്കല്‍ പാളയത്തിലെന്നപോലെ അച്ഛനമ്മമാരെ വിളിച്ച് തടവില്‍ കരഞ്ഞ് കൊണ്ടിരിക്കുന്നത്.
ലോക മനസ്സാക്ഷിയെ അക്ഷരാര്‍ഥത്തില്‍ തന്നെ നടുക്കി ഈ രാക്ഷസീയ കൃത്യം. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ നടപടിയെന്നാണ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭാര്യ ലോറ പ്രതികരിച്ചത്. ഈ കുരുന്നുകളോട് ഇങ്ങനെ ക്രൂരത കാട്ടിയിട്ട് താങ്കള്‍ക്ക് എന്ത് കിട്ടാനാണെന്ന് ലോകത്തെ മനുഷ്യാവകാശ സംഘടനകള്‍ ഒരേ സ്വരത്തില്‍ ട്രംപിനോട് ചോദിക്കുകയുണ്ടായി. കുട്ടികളോട് ചെയ്യുന്ന ഈ ക്രൂരത അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ ഡെമോക്രാറ്റുകളും ലോകമെങ്ങുമുള്ള സന്നദ്ധ പ്രവര്‍ത്തകരും ആവശ്യപ്പെടുകയുണ്ടായി. എന്നിട്ടും ട്രംപ് അയഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടി അംഗമായ മാസച്ച്യൂസിറ്റ്‌സ് ഗവര്‍ണര്‍ ചാര്‍ലിബേക്കര്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസത്തിന് ഹെലികോപ്റ്റര്‍ വിട്ട് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.
അനധികൃത കുടിയേറ്റക്കാരെയും അവരുടെ മക്കളെയും വേര്‍പിരിക്കുന്നതിനെതിരെ അടിയന്തര നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സെനറ്റര്‍ ടെഡ്ക്രൂസ് പറയുന്നിടംവരെ എത്തി കാര്യങ്ങള്‍. ലോക മനസ്സാക്ഷിയെ അസ്വസ്ഥപ്പെടുത്തുന്ന കുത്സിത നടപടികള്‍ ഇതാദ്യമല്ല ട്രംപില്‍ നിന്നുണ്ടാകുന്നത്. ഭരണം ഏറ്റെടുത്തത് മുതല്‍ തന്നിഷ്ടം നടപ്പിലാക്കാനുള്ള വ്യഗ്രതയായിരുന്നു അദ്ദേഹത്തിന്. ഇസ്രാഈലിന്റെ തലസ്ഥാനം ടെല്‍അവീവില്‍ നിന്നു ജറൂസലമിലേക്ക് മാറ്റുന്നതിന് ഇസ്രാഈലിനേക്കാളും ധൃതി ട്രംപിനായിരുന്നു. മറ്റാരേക്കാളും മുംമ്പെ അമേരിക്കയുടെ എംബസി അവിടെ തുറന്ന് ഇസ്രാഈലിനോടുള്ള തന്റെ കൂറ് പരസ്യമാക്കുകയും ചെയ്തു.
ബറാക് ഒബാമ സര്‍ക്കാരിന്റെ കാലാവസ്ഥാ പരിസ്ഥിതി നയങ്ങള്‍ സമൂലം പൊളിച്ചെഴുതി ട്രംപ്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ബെല്‍ജിയത്തില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ വച്ച്, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പാരീസില്‍ ഒപ്പുവച്ച ചരിത്ര പ്രധാനമായ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയിലെ വന്‍കിട വ്യവസായികള്‍ക്ക് വേണ്ടിയായിരുന്നു ഇത്. വ്യവസായ ശാലകള്‍ ഹരിത ഗൃഹവാതകം പുറത്തേക്ക് വിടുന്നതില്‍ അമേരിക്കയാണ് മുന്നില്‍. ഇത് കുറക്കാന്‍ തയ്യാറല്ലെന്നാണ് ട്രംപ് പറഞ്ഞത്. ഭാവി തുലക്കുന്ന നടപടിയെന്നാണ് ട്രംപിന്റെ പിന്മാറ്റത്തെപറ്റി ചൈനയും യൂറോപ്യന്‍ രാഷ്ട്രങ്ങളും പ്രതികരിച്ചത്.
യുദ്ധവും ആഭ്യന്തര കലഹവും മൂലം ഓരോ വര്‍ഷവും കോടിക്കണക്കിനാളുകളാണ് സ്വന്തം രാജ്യം വിട്ട് ഓടിപ്പോകുന്നത്. ഓരോ മിനിറ്റിലും 24 പേര്‍ ലോകത്ത് അഭയാര്‍ഥികളായിത്തീരുന്നുവെന്ന് 2016ല്‍ യു.എന്‍ പുറത്തുവിട്ട കണക്കാണ്. ഇപ്പോഴത് എത്രയോ വര്‍ധിച്ചിരിക്കും.
അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും കാരുണ്യത്തോടെ കാണേണ്ടതിന് പകരം ട്രംപിനെ പോലുള്ള ഭരണാധികാരികള്‍ ഇവരോടും ഇവരുടെ മക്കളോടും ക്രൂരമായി പെരുമാറുകയാണ്. കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നത് അധാര്‍മികമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. നിയമങ്ങള്‍ പാലിക്കുമ്പോഴും അമേരിക്ക ഹൃദയം കൊണ്ട് ഭരിക്കുന്ന രാജ്യമാകണമെന്ന് ഭാര്യ മെലാനി പരസ്യ പ്രസ്താവന നടത്തിയത് ട്രംപിനുള്ള മറുപടിയാണ്. മകള്‍ ഇവാങ്കയും ട്രംപിന്റെ ക്രൂരകൃത്യങ്ങളെ അപലപിച്ചപ്പോള്‍ ട്രംപിന്റെ ധാര്‍ഷ്ട്യത്തിനാണ് തല കുനിക്കേണ്ടി വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."