സ്വകാര്യ ഏജന്‍സികളുടെ കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് വിലക്ക്
കല്‍പ്പറ്റ: വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്വകാര്യ ഏജന്‍സികളുടെ കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് നിരോധനം.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എ. ആര്‍ അജയകുമാറാണ് മെയ് അഞ്ചുവരെ കിണര്‍ നിര്‍മാണത്തിന് നിരോധമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. 2005ലെ ദുരന്തനിവാരണ നിയമം, വകുപ്പ് 30(1) അനുസരിച്ചാണ് ഉത്തരവ്. ഭൂഗര്‍ഭ ജലവകുപ്പ് സര്‍വേ നടത്തി അംഗീകരിക്കുന്ന ഇടങ്ങളില്‍ വകുപ്പ് നേരിട്ട് കുഴല്‍ക്കിണര്‍ നിര്‍മിച്ചു നല്‍കുന്നതിനു തടസമില്ല. എന്നാല്‍, ഇപ്രകാരം കുഴല്‍ക്കിണര്‍ കുഴിക്കുന്നത് പ്രദേശത്ത് വരള്‍ച്ചാസാധ്യത വര്‍ധിപ്പിക്കില്ലെന്നു ശാസ്ത്രീയമായി ഉറപ്പാക്കിയ ശേഷം മാത്രമേ നിര്‍മാണം നടത്താവൂ. കേരളാ മുനിസിപ്പാലിറ്റി പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് ഭൂജലവകുപ്പ് നേരിട്ട് സര്‍വേ നടത്തും. കുഴല്‍ക്കിണര്‍ നിര്‍മാണം തഹസില്‍ദാര്‍മാര്‍, ഭൂജലവകുപ്പ് ജില്ലാ ഓഫിസര്‍, സ്റ്റേഷന്‍ ഹൗസ് പൊലിസ് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കുഴല്‍ക്കിണര്‍ നിര്‍മാണത്തിനായി ഭൂജലവകുപ്പിന്റെ സര്‍വേയോ അനുമതിയോ ലഭിക്കുന്നതിനുള്ള അപേക്ഷ നേരിട്ട് ഭൂജലവകുപ്പ് ജില്ലാ ഓഫിസര്‍, മീനങ്ങാടി എന്ന വിലാസത്തില്‍ അയക്കണം. ഓരോ മാസവും പുതുതായി ഭൂജലവകുപ്പ് മുഖേന എത്ര കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചു എന്നതു സംബന്ധിച്ച റിപോര്‍ട്ട് അടുത്ത മാസം അഞ്ചിനു മുമ്പായി ദുരന്തനിവാരണ അതോറിറ്റിക്ക് ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."