HOME
DETAILS

രക്ഷകനായി വരുമോ, മറ്റൊരു ടൊയോട്ട സണ്ണി

  
backup
May 11 2020 | 03:05 AM

todays-article-4-2020-2

 


യു.എ.ഇ, സഊദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പ്രവാസികള്‍ കുറേശ്ശയായി മടങ്ങി തുടങ്ങിയിരിക്കുന്നു. ഇതിനെ 'ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍, എയര്‍ലിഫ്റ്റ്, റീ പാട്രിയേഷന്‍' എന്നൊക്കെയാണ് ചിലര്‍ വിളിക്കുന്നത്. മാധ്യമങ്ങളൊക്കെ യുദ്ധസമാന റിപ്പോര്‍ട്ടിങ്ങാണ്. ശരിക്കും ഇതൊരു ഒഴിപ്പിക്കലാണോ ? അല്ലെന്നു വേണം പറയാന്‍. ലോക്ക് ഡൗണ്‍ കാലത്തു നിര്‍ത്തലാക്കപ്പെട്ട നൂറുകണക്കിന് വിമാന സര്‍വിസുകള്‍ക്ക് പകരം എയര്‍ ഇന്ത്യക്ക് മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കി പറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നു. സിമ്പിളായി പറഞ്ഞാല്‍ അത്രേ ഉള്ളൂ കാര്യം. കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുത്തിരുന്നെങ്കില്‍ ഗള്‍ഫിലെ വിമാനകമ്പനികള്‍ നാട്ടിലേക്ക് സര്‍വിസ് നടത്താന്‍ തയാറായിരുന്നു.
എന്നിട്ടോ, ഇതിനു തന്നെ ഒട്ടേറെ പരാതികളും കൂടിവരുന്നു. അനര്‍ഹരായവര്‍ കയറിക്കൂടുന്നു. നൂറുകണക്കിന് രോഗികളും വൃദ്ധരും രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് എടുത്ത് പോകാന്‍ റെഡിയായി എംബസിയില്‍ നിന്നും വിളിയും കാത്തു കിടക്കുമ്പോള്‍ എങ്ങനെയാണ് ഇതിലൊന്നും പെടാത്തവര്‍ നാട്ടിലെത്തുന്നത്? 'ഓപ്പറേഷന്‍ വന്ദേഭാരത്' എന്ന് പേരിട്ടു രാഷ്ട്രം ഗൗരവത്തില്‍ തുടങ്ങിയ ഈ തിരിച്ചെത്തിക്കല്‍ പരിപാടിക്ക് ആരെങ്കിലും മനപ്പൂര്‍വം പാര പണിയുന്നുണ്ടോ? എംബസി ഒന്നുണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒരാള്‍ വന്നില്ലെങ്കില്‍, അടുത്ത ഊഴം അതര്‍ഹിക്കുന്നവനാകണം നല്‍കേണ്ടത്, അതല്ലാതെ അതൊരവസരമാക്കി 'വേണ്ടപ്പെട്ടവരെ' വിളിച്ചുവരുത്തി നല്‍കരുത്.


ഒഴിപ്പിക്കല്‍ മട്ടിലുള്ള വാര്‍ത്തകളും മേനിപറച്ചിലും കാണുമ്പോള്‍ 1990 ഓഗസ്റ്റിലെ ഇറാഖ് - കുവൈത്ത് യുദ്ധ കാലത്ത് അവിടെ കുടുങ്ങിപ്പോയ 170,000 പേരെ ഒഴിപ്പിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ കാണിച്ച ആര്‍ജവവുമാണ് മനസിലെത്തുന്നത്. എല്ലാം ഉപേക്ഷിച്ച് എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന് കരുതി നില്‍ക്കുന്നവരായിരുന്നു അവിടെയുള്ളവര്‍. കുവൈത്തിലുള്ളവരെ ജോര്‍ദാനിലെ അമ്മാന്‍ എയര്‍പോര്‍ട്ട് വഴി വേണമായിരുന്നു ഒഴിപ്പിക്കാന്‍. ബാക്കിയെല്ലാം ലോക്കാണ്. കുവൈത്ത്, ഇറാഖ് അതിര്‍ത്തികള്‍ കടന്നു വേണമായിരുന്നു ജോര്‍ദാനിലേക്ക് കടക്കാന്‍. ആകാശത്തു സഖ്യകക്ഷികളുടെ വിമാനങ്ങള്‍. അമ്മാനും പരിസരത്തും അയല്‍രാജ്യമായ ഇസ്‌റാഈലിന്റെ ചാരക്കണ്ണുകള്‍. ചെറിയൊരു സംശയം തോന്നിയാല്‍ മുന്നോട്ട് നീങ്ങുന്ന ഏതു വാഹനത്തിനു മുകളിലും ബോംബ് വീഴാമെന്ന അവസ്ഥ.
വി.പി സിങ്ങായിരുന്നു പ്രധാനമന്ത്രി. പ്രതികരിക്കാന്‍ അല്‍പ്പം വൈകിയെങ്കിലും പിന്നീട് ശരവേഗത്തിലുള്ള തീരുമാനങ്ങളാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത്. 488 തവണകളായി എയര്‍ ഇന്ത്യ കുടുങ്ങിയവരെയെല്ലാം സൗജന്യമായി അമ്മാനില്‍ നിന്നും മുംബൈയില്‍ എത്തിച്ചു. ആകാശത്തടക്കം തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തായിരുന്നു ആ മിഷന്‍. 1990 ഓഗസ്റ്റ് 13നു തുടങ്ങിയ ദൗത്യം അവസാനിച്ചത് ഒക്ടോബര്‍ 20 നായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടത്തി എയര്‍ ഇന്ത്യ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് പറന്നു കയറി. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ വീരനായകരായി. അന്നത്തെ വിദേശകാര്യ മന്ത്രി ഐ.കെ ഗുജ്‌റാള്‍ ജനമനസ്സുകളിലെ രാജയായി. ഇന്ത്യാ സര്‍ക്കാര്‍ അന്നു കാണിച്ച ആ ശൂരത്തം ലോക രാഷ്ട്രങ്ങള്‍ ഇന്നും ആദരവോടെ ഓര്‍ക്കുന്നു.


ആ ചരിത്രത്തില്‍ മറന്നുപോകാന്‍ പാടില്ലാത്ത പേരാണ് മലയാളിയായ മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ട സണ്ണി. തന്റെ ഹൃദയത്തിന്റെ നാലാമത്തെ തുന്നിക്കെട്ടും കഴിഞ്ഞു വിശ്രമിക്കുന്നതിനിടയിലാണ് ടൊയോട്ട സണ്ണി സേവനരംഗത്തേക്ക് പാഞ്ഞിറങ്ങിയത്. ബാഗ്ദാദിലെയും അമ്മാനിലെയും ഇന്ത്യന്‍ എംബസികള്‍, ഇന്ത്യയുടെ വിദേശകാര്യ വകുപ്പ്, ഇറാഖ് വിദേശ കാര്യമന്ത്രാലയം എന്നിവടങ്ങളില്‍ അദ്ദേഹത്തിന് നിരന്തരം സമ്മര്‍ദം ചെലുത്തേണ്ടി വന്നു. യുദ്ധാന്തരീക്ഷമുള്ള അതിര്‍ത്തികള്‍ കടന്നു അന്വേഷണങ്ങള്‍ക്കായി, അനുമതിക്കായി പലതവണ അമ്മാനിലേക്കും ബാഗ്ദാദിലേക്കും യാത്ര ചെയ്യേണ്ടി വന്നു. ജീവന്‍ മരണ പോരാട്ടം. സണ്ണിയും കൂട്ടരും 1320 കിലോമീറ്ററിലേറെ മരുഭൂമിയും താണ്ടിയാണ് 125 ബസ്സുകളിലായി ജോര്‍ദാന്‍ അതിര്‍ത്തിയിലേക്ക് എത്തുന്നത് . യുദ്ധം തുടങ്ങിയതിനെ തുടര്‍ന്ന് ആരാരുമില്ലാതായി പോയവരായിരുന്നു അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍. അവരെയൊക്കെ തന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അഞ്ചോളം സ്‌കൂളുകളില്‍ പാര്‍പ്പിക്കുകയായിരുന്നു അതുവരെയും അദ്ദേഹം. 9500 ലേറെ പേരാണ് സ്‌കൂളുകളില്‍ മാത്രം അന്തിയുറങ്ങിയത്. ഇറാഖ് സേന കുവൈത്ത് പിടിച്ചെടുത്തതോടെ വീടും സമ്പാദ്യവും ജോലിയും നഷ്ടപ്പെട്ട് ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവരായിരുന്നു അവരെല്ലാം. എന്തായാലും അമ്മാനില്‍ നിന്ന് ഇന്ത്യക്കാരുമായി അവസാനത്തെ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് പറന്നു പൊങ്ങും വരെ അവിടെ നിന്ന് സകലകാര്യങ്ങള്‍ക്കുമായി സഹായിക്കുകയും ഏകോപനം നടത്തുകയും ചെയ്തു സണ്ണി. ശീതീകരിച്ച സുരക്ഷിത മുറിയിലിരുന്നായിരുന്നില്ല, മറിച്ച് പ്രതിസന്ധികളിലകപ്പെട്ട പ്രവാസികളോടൊപ്പം നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.


ഇറാഖ് പട്ടാളത്തിന്റെ മുറുമുറുപ്പും ജോര്‍ദാന്‍ അതിര്‍ത്തിയിലെ പ്രതിബന്ധങ്ങളുമടക്കം ടൊയോട്ട സണ്ണിക്ക് മറികടക്കാന്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു അന്ന്. ഇന്ന് കാര്യങ്ങള്‍ എത്ര ലളിതമാണ്. രക്ഷപ്പെടുന്ന വഴിയില്‍ തടുക്കാനും പിടിച്ചു പറിക്കാനും കൊള്ളക്കാരില്ല, പട്ടാളമില്ല. സംശയത്തോടെ ആകാശത്തു നിന്ന് വീക്ഷിക്കുന്ന അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളില്ല. ഏതു നിമിഷവും ബോംബോ മിസൈലോ തലയില്‍ പതിക്കുമെന്ന പേടിക്കേണ്ടതില്ല, നാട്ടിലേക്ക് വിമാനം കിട്ടാന്‍ വിവിധ രാജ്യങ്ങളുടെ അതിരുകള്‍ കടന്നു മരുഭൂമിയിലൂടെ ആയിരത്തിലേറെ കിലോമീറ്ററുകള്‍ താണ്ടേണ്ടതില്ല. പകരം, നേരത്തെ നിര്‍ത്തലാക്കിയ കുറച്ചു വിമാനങ്ങള്‍ക്ക് നാട്ടിലേക്ക് പറക്കാന്‍ അനുമതി നല്‍കുക, നാട്ടിലെത്തുന്നവര്‍ക്ക് വേണ്ട ക്വാറന്റൈന്‍ സംവിധാനങ്ങളും ടെസ്റ്റുകള്‍ക്കുമുള്ള സൗകര്യങ്ങള്‍ ഒരുക്കുക. പിന്നെ അര്‍ഹിക്കുന്നവരെ മാത്രം പരിഗണിച്ചു ആദ്യമാദ്യം നാട്ടില്‍ എത്തിക്കുക. ഇതുപോലും കുറ്റമറ്റതാക്കാന്‍ കഴിയാതെ നമ്മള്‍ എങ്ങനെയാണ് ഇതിനെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ എന്നൊക്കെ പേരിട്ടു വിളിക്കുക? ചരിത്രത്തോടുള്ള അനീതിയാണത്.


ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, 2017 മെയ് മാസത്തില്‍ മരിക്കും വരെ ഒരു സര്‍ക്കാരും ടൊയോട്ട സണ്ണിക്ക് ഒരു പൊന്നാട പോലും സമ്മാനിച്ചില്ല! പക്ഷെ ഈ ഒഴിപ്പിക്കല്‍ 2016ല്‍ ഒരു ഹിന്ദി സിനിമയായി വന്നു 'എയര്‍ ലിഫ്ട്'. സണ്ണിയായി അക്ഷയ് കുമാര്‍ വേഷമിട്ടു, രഞ്ജിത് കത്യാല്‍ എന്ന പേരില്‍! മലയാളി ഉത്തരേന്ത്യക്കാരനായി! ഇപ്പോള്‍ പ്രവാസികളുടെ മുഖ്യപ്രശ്‌നം, മുന്നില്‍ നില്‍ക്കാന്‍ ഒരു ടൊയോട്ട സണ്ണിയോ ഓടി വന്നു പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഒരു ഇന്ദര്‍കുമാര്‍ ഗുജ്‌റാളോ ഇല്ല എന്നതാണ്. ഗ്രൗണ്ടിലെ യാഥാര്‍ഥ്യം മനസിലാക്കി പട നയിക്കുന്ന ഒരാള്‍! അതുകൊണ്ടാണ് ഈ മെല്ലെപ്പോക്കും അനര്‍ഹരുടെ കയറിപ്പോകലുമെല്ലാം.
കൊവിഡ് - 19ന് എതിരേ പോരാടാന്‍ ഒട്ടേറെ മലയാളി സംഘടനകള്‍ രംഗത്തുണ്ടെങ്കിലും, പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് കൃത്യമായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍, ദിശാബോധം നല്‍കാന്‍ ആളില്ലാത്ത അവസ്ഥയുണ്ട്. സംഘടനകള്‍ക്ക് ഒട്ടേറെ നയതന്ത്ര പരിമിതികളുണ്ട്. പക്ഷേ അത് മറികടക്കാന്‍ കെല്‍പുള്ളവര്‍ പ്രവാസരംഗത്തുണ്ട്, മലയാളികളടക്കം. പക്ഷേ എന്തുകൊണ്ടോ അത് സംഭവിക്കുന്നില്ല! അത് സംഭവിച്ചാല്‍ പിന്നെ കാര്യങ്ങള്‍ മാറി മറിയുമെന്നുറപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago