പറശ്ശിനിക്കടവില്‍ ജലയാത്ര ആസ്വദിച്ച് ജനം
തളിപ്പറമ്പ്: വിനോദസഞ്ചാരികളെ ലക്ഷ്യംവച്ച് കുറഞ്ഞ ചെലവില്‍ ജലയാത്ര ആസ്വദിക്കാനുള്ള സൗകര്യമൊരുക്കി ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവില്‍ ആരംഭിച്ച ബോട്ട് സര്‍വിസിന് ജനകീയ അംഗീകാരം. 2500 ലധികം യാത്രക്കാരാണ് കഴിഞ്ഞ മൂന്ന് അവധി ദിവസങ്ങളില്‍ ബോട്ടില്‍ യാത്ര ചെയ്തത്. പറശ്ശിനിക്കടവില്‍നിന്ന് സര്‍വിസ് ആരംഭിക്കുന്ന ബോട്ട് വളപട്ടണം-പഴയങ്ങാടി വഴി ഒന്നര മണിക്കൂറിനകം മാട്ടൂലില്‍ എത്തിച്ചേരും. രാവിലെ 6.15നാണ് ആദ്യ സര്‍വിസ്. വളപട്ടണം വരെ പോയി തിരിച്ചെത്തുന്ന ബോട്ട് 9.30 ഓടെ പറശ്ശിനി പുഴയില്‍ യാത്രക്കാരുമായി സഞ്ചരിച്ച് പറശ്ശിനിയില്‍ തന്നെ യാത്ര അവസാനിപ്പിക്കും. തുടര്‍ന്ന് 10.30നും രണ്ടിനും മാട്ടൂലിലേക്ക് തിരിക്കുന്ന ബോട്ട് വൈകിട്ട് അഞ്ചോടെ വളപട്ടണത്തേക്കു പോകുന്നതാണ് പറശ്ശിനിയില്‍ നിന്നുള്ള ഷെഡ്യൂള്‍.
ജലഗതാഗത വകുപ്പിന്റെ ടൂറിസ്റ്റ് ബോട്ടും അഴീക്കല്‍ ഫെറിയിലെ യാത്രാബോട്ടും ഉപയോഗിച്ചാണ് സര്‍വിസ് നടത്തുന്നത്. ദിവസേന ഒന്‍പത് സര്‍വിസുകളാണ് ഇപ്പോഴുള്ളത്. പരീക്ഷകള്‍ കഴിഞ്ഞ് അവധിക്കാലം ആരംഭിക്കുന്നതോടെ എല്ലാ ദിവസങ്ങളിലും തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതനുസരിച്ച് കൂടുതല്‍ യാത്രക്കാര്‍ക്ക് ജലയാത്ര ആസ്വദിക്കാന്‍ അവധി ദിവസങ്ങളില്‍ ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കേണ്ടി വരുമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ ജോസ് സെബാസ്റ്റിയന്‍ പറഞ്ഞു. മലബാര്‍ ക്രൂയിസം ടൂറിസ്റ്റ് പദ്ധതിയില്‍ സംസ്ഥാന ജലഗതാഗത വകുപ്പിനെകൂടി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ബോട്ട് സര്‍വിസ് ആരംഭിച്ചത്. ഉടനെ 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന വാട്ടര്‍ ടാക്‌സി ബോട്ടും പറശ്ശിനിയില്‍നിന്ന് സര്‍വിസ് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."