കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു
കൊല്ലം: ജില്ലയില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്നു പുലര്‍ച്ചെയുമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണ വ്യാപാരിയും ഏറ്റുമാനൂരിലെ ഐ.ടി.ഐ ഇന്‍ട്രക്ടറുമാണ് മരിച്ചത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെ ഓച്ചിറ ബ്ലോക്കുപഞ്ചായത്തോഫീസിനു മുന്നില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡിന് എതിര്‍വശത്തുള്ള മരത്തിലിടിച്ച് മറിഞ്ഞാണ് കരുനാഗപ്പള്ളി പുതിയകാവ് വാലേല്‍ ജംഗ്ഷനില്‍ വാലേല്‍ ജൂവലറി നടത്തുന്ന ചിറ്റുമൂല സത്താര്‍ വാലേ(58)മരിച്ചത്. കുടുംബത്തോടൊപ്പം ഗവി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
വാഹനമോടിച്ചിരുന്ന സത്താര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ വഹീദ,മകള്‍ ഷഹുബ(13)സത്താറിന്റെ സഹോദരന്റെ മക്കളായ അസ്‌വാന്‍ സക്കീര്‍,ഷഹ്‌വാന്‍ സക്കീര്‍ എന്നിവരെ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതന്‍ കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് കരുനാഗപ്പള്ളി ബ്ലോക്കു വൈസ് പ്രസിഡന്റും വ്യാപാരിവ്യവസായി ഏകോപനസമിതി യൂനിറ്റ് ഭാരവാഹിയുമായിരുന്നു.
പരേതനോടുള്ള ആദര സൂചകമായി ഇന്നു കരുനാഗപ്പള്ളിയിലും പുതിയകാവിലും വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഖബറടക്കം ഇന്നുവൈകിട്ട് ചിറ്റുമൂല മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. കൊട്ടിയത്ത് മൈലക്കാട് ഇറക്കത്ത് ഇന്നുപുലര്‍ച്ചെ മൂന്നിന് നിയന്ത്രണംവിട്ട കാര്‍ റോഡിന് എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയിലിടിച്ചാണ് ഏറ്റുമാനുര്‍ ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍, തിരുവനന്തപുരം കഴക്കൂട്ടം വെട്ടുറോഡ് താവൂട്ട്മുക്ക് കാവുവിളാകംവീട്ടില്‍ നാസര്‍(45)മരിച്ചത്.
ഗാനമേളകള്‍ക്കു സൗണ്ട് സിസ്റ്റം കരാറടിസ്ഥാനത്തില്‍ നല്‍കാറുള്ള നാസര്‍ കുണ്ടറയിലെ പള്ളിപ്പെരുന്നാള്‍ സ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി ലാസര്‍,പോത്തന്‍കോട് സ്വദേശി ഗാമന്‍ എന്നിവരെ പരിക്കുകളോടെ തിരുവനന്തപും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സബിനാണ് നാസറിന്റെ ഭാര്യ.മക്കള്‍: ഫര്‍ഹ,ഫാദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."