ജയരാജന്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ചര്‍ച്ചയാകുന്നത് അക്രമരാഷ്ട്രീയം
വടകര: വടകര മണ്ഡലത്തില്‍ പി. ജയരാജന്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ മണ്ഡലത്തിനകത്തും പുറത്തും ചര്‍ച്ചയാവുക കൊലപാതക രാഷ്ട്രീയം തന്നെ. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലാണ് സി.പി.എം ജയരാജനെ സ്ഥാനാര്‍ഥിയാക്കുന്നത്.
പെരിയയിലെ ഇരട്ടക്കൊലപാതകത്തോടെ കേരളം മുഴുവന്‍ കൊലപാതക രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രചാരണം നടക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പെത്തുന്നത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ പലതിലും ഉയര്‍ന്നു കേള്‍ക്കുന്നതാണ് ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന. ഇതില്‍ പലപ്പോഴും പി. ജയരാജന്റെ പേരും കേട്ടിട്ടുണ്ട്. പല്ലിനു പല്ലെന്ന കണ്ണൂര്‍ ശൈലിക്കെതിരേ കേരളം മുഴുവന്‍ പ്രചാരണം നടക്കുമ്പോള്‍ കൊലക്കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മത്സര രംഗത്തെത്തുന്നത് വിപരീത ഫലം ചെയ്യുമോ എന്ന ചിന്ത ഇടതുമുന്നണിയിലെ ചില ഘടകകക്ഷികള്‍ക്കുമുണ്ട്. എന്നാല്‍, ശക്തമായ രാഷ്ട്രീയ പ്രചാരണം കൊണ്ട് ഇതിനെ നേരിടാമെന്ന വിശ്വാസമാണ് സി.പി.എമ്മിനുള്ളത്.
2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയ 56,186 വോട്ടുകളുടെ ഭൂരിപക്ഷം 2014ല്‍ 3306 ആയി കുറയ്ക്കാനായത് ജയരാജന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കൊണ്ടാണ്. ഇതു ശരിയായ രീതിയില്‍ പ്രയോഗിച്ചാല്‍ ഇടതുകോട്ടയായ വടകരയില്‍ വിജയം സുനിശ്ചിതമാണെന്നാണ് സി.പി.എം കരുതുന്നത്. വടകരയിലെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ മാത്രമല്ല കേരളമാകെ ദേശീയ രാഷ്ട്രീയത്തെക്കാള്‍ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."