'സീറോ ടോളറന്‍സ് നയം': നിരവധി ഇന്ത്യക്കാര്‍ യു.എസ് തടവില്‍
വാഷിങ്ടണ്‍: 'സീറോ ടോളറന്‍സ് നയ'ത്തിന്റെ ഭാഗമായി രക്ഷിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയ നിരവധി ഇന്ത്യക്കാരുടെ കുട്ടികള്‍ യു.എസ് തടവില്‍. ഒറിഗണിലെ ഷെരിഡാനിലും ന്യൂമെക്‌സിക്കോയിലുമുള്ള സംരക്ഷണ കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഷെറിഡാനില്‍ 52 പേരും ന്യൂമെക്‌സിക്കോയില്‍ 45 പേരുമാണുള്ളത്.
ഷെറിഡാനിലെ കേന്ദ്രത്തില്‍ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് നിയമ സഹായം നല്‍കാന്‍ എംബസിയുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയായിട്ടില്ല. യു.എസില്‍ പ്രവേശിക്കുന്നതിനുമുന്‍പ് കൈവശമുള്ള രേഖകള്‍ നശിപ്പിച്ചിട്ടുള്ളതിനാല്‍ ഇവരുടെ പൗരത്വം ഏതെന്ന് തെളിയിക്കാന്‍ സാധിക്കാതെ വരുന്നതാണ് ആവശ്യമായ നിയമസഹായം നല്‍കാന്‍ തടസം.
തടവിലുള്ളതില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് വിവരം. യു.എസിന്റെ തെക്കന്‍ അതിര്‍ത്തി വഴി അനധികൃതമായി പ്രവേശിച്ചവരാണിവര്‍. ഇന്ത്യക്കാരെ കുടിയേറ്റ നയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത വിവരം ഡമോക്രാറ്റിക് അംഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
52 ഇന്ത്യക്കാരുണ്ടെന്നാണ് അന്ന് പുറത്തുവന്ന വിവരം. ഇവരില്‍ ഭൂരിഭാഗവും കുടുംബത്തിനൊപ്പമാണ് അതിര്‍ത്തിയിലെത്തിയത്.
യു.എസ് സേനയുടെ പിടിയിലായതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഇപ്പോള്‍ എവിടെയാണെന്നുപോലും പലര്‍ക്കും അറിയില്ല.
മെലാനിയയുടെ ജാക്കറ്റിലെ വാചകത്തിനെതിരേ പ്രതിഷേധം
വാഷിങ്ടണ്‍: അഭയാര്‍ഥി കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന യു.എസ് മെക്‌സിക്കന്‍ അതിര്‍ത്തി കേന്ദ്രത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനി ട്രംപ് സന്ദര്‍ശിച്ചപ്പോള്‍ ധരിച്ച വസ്ത്രത്തിനെതിരേ വ്യാപകമായ പ്രതിഷേധം. മെലാനിയയുടെ ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് പ്രതിഷേധത്തിനു കാരണം.
'ഞാനത് ശ്രദ്ധിക്കുന്നില്ല, നിങ്ങളോ'എന്നാണ് മെലാനിയയുടെ ജാക്കറ്റില്‍ എഴുതിയിരിക്കുന്നത്. ഈ വാചകം കുടിയേറ്റ വിരുദ്ധ നീക്കവുമായി ചിലര്‍ ബന്ധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. എന്നാല്‍ കുട്ടികള്‍ക്ക് എന്ത് കാര്യമാണ് തനിക്ക് ചെയ്തുകൊടുക്കാന്‍ സാധിക്കുക എന്ന് മനസിലാക്കുന്നതിനായിരുന്നു സന്ദര്‍ശനമെന്ന് മെലാനിയ പറഞ്ഞത്. കുട്ടികളെ അവരുടെ കുടുംബങ്ങളുമായി കൂട്ടിച്ചേര്‍ക്കാനുള്ള സഹായങ്ങള്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.
മെലാനിയയുടെ സന്ദര്‍ശനത്തിനുശേഷം ജാക്കറ്റിന്റെ പിന്നിലെ വചനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ജാക്കറ്റിലെ സന്ദേശം സംബന്ധിച്ച് മെലാനിയ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
കുടിയേറ്റ ബില്ല് അടുത്താഴ്ച്ചത്തേക്ക് മാറ്റിവച്ചു
വാഷിങ്ടണ്‍: കുടിയേറ്റവുമായി ബന്ധപ്പെട്ട ബില്‍ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മാറ്റിവച്ചു. ബില്ലുമായി ബന്ധപ്പെട്ട് പൊതുധാരണയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ബില്ല് അടുത്താഴ്ചത്തേക്ക് മാറ്റിവച്ചത്. ബില്ലുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ശൂന്യവേളയില്‍ ചര്‍ച്ച നടത്തും. വ്യാഴാഴ്ച രാവിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിച്ചേരാനായില്ല. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം, അനധികൃത കുടിയേറ്റ നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് കുടിയേറ്റ ബില്ല്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."