ഏനാത്ത് പാലം നാടിന് സമര്‍പ്പിച്ചു; സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി
കൊല്ലം: സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ബെയ്‌ലിപാലം നാടിന് സമര്‍പ്പിച്ചു. വളരെകുറഞ്ഞ സമയത്തിനുള്ളില്‍ നാടിന് ബെയ്‌ലിപാലം സമ്മാനിച്ചതിനാണ് സൈന്യത്തിന് മുഖ്യമന്ത്രിയുടെ അഭിവാദ്യം. 1996ല്‍ ഉദ്ഘാടനം ചെയ്ത ഏനാത്ത് പാലത്തിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ബലക്ഷയം ഉണ്ടായത് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിന് കാരണക്കാരായവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെയ്‌ലി പാലം സ്ഥാപിക്കുന്നതിന് എല്ലാവരും ഒത്തുചേര്‍ന്ന് പരിശ്രമിച്ചു. കൊട്ടാരക്കര സ്വദേശിയായ കരസേനാ ഉപമേധാവി ജനറല്‍ ശരത് ചന്ദും കാര്യമായ സഹായം ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയത് പോലും ശരത് ചന്ദിന്റെ ഇടപെടല്‍ മൂലമാണെന്നും കരസേനാ ഉദ്യോഗസ്ഥരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എം.പി, ആന്റോ ആന്റണി എം.പി, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി, ബ്രിഗേഡിയര്‍ മൈക്കിള്‍ എ ജി ഫര്‍ണാണ്ടസ്, കേണല്‍ നീരജ് മാതൂര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദീപ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വിജു രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍ രശ്മി തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍ പി കെ സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ഐഷാപോറ്റി എം.എല്‍.എ സ്വാഗതവും പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ കെ സുന്ദരന്‍ നന്ദിയും പറഞ്ഞു.
കഴിഞ്ഞ ജനുവരി 10 ന് ബലക്ഷയം സംഭവിച്ച പാലത്തിന് സമാന്തരമായി ബെയ്‌ലിപാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 22ന് 20 ട്രക്കുകളിലായി സൈന്യം സ്റ്റീല്‍ നിര്‍മിത പാനലുകള്‍ സ്ഥലത്ത് എത്തിച്ചു. ഏപ്രില്‍ മൂന്നിന് രാവിലെ അഞ്ചിന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തികള്‍ കേവലം 36 മണിക്കൂറുകള്‍കൊണ്ട് പൂര്‍ത്തീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍മി വാഹനം ഓടിച്ച് ട്രയല്‍ റണ്‍ നടത്തിയ ശേഷം കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. ബെയ്‌ലി പാലത്തിന്റെ നിര്‍മാണത്തിന് സൈന്യത്തിന്റെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ 84 ലക്ഷം രൂപ അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."