സഊദിയിലേക്ക് ഇനി വിസയില്ലാതെയും പോവാം
റിയാദ്: വിവിധ മാറ്റങ്ങള്‍ക്ക് സാക്ഷിയാകുന്ന സഊദിയില്‍ വിസയില്ലാതെ തന്നെ പ്രവേശനം സാധ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ടൂറിസം മേഖലകളിലേക്ക് പ്രവേശനം സാധ്യമാകുന്ന തരത്തില്‍ പുതിയ സംവിധാനത്തിന്റെ അന്തിമ രൂപ കല്‍പ്പനകള്‍ ഒരുക്കുകയും ഈ വര്‍ഷാവസാനത്തോടെ പ്രഖ്യാപനമുണ്ടാകുകയും ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത മാസത്തോടെ പദ്ധതിയുടെ അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വിസ ഫ്രീ എന്‍ട്രിയോ വിസ ഓണ്‍ അറൈവല്‍ സിസ്റ്റമോ അനുവദിക്കുക എന്നാണു റിപ്പോര്‍ട്ട്. പദ്ധതി പരിപൂര്‍ണ്ണ വിജയം കാണുന്നതോടെ അധികം വൈകാതെ തന്നെ മറ്റു രാജ്യക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
നവീന സഊദിയെ പടുത്തുയര്‍ത്താനുള്ള കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടക്കുന്ന സഊദി വിഷന്‍ 2030 യുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ വിസ സംവിധാനം സജ്ജീകരിക്കുന്നത്. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുകയും അതോടൊപ്പം സാമ്പത്തിക മേഖല ഉദാരമാക്കുകയും ചെയ്യുന്നത് വിഷന്‍ ലക്ഷ്യമിടുന്നുണ്ട്.
വിഷന്‍ 2030 പ്രകാരം 2015 ല്‍ 27.9 ബില്ല്യന്‍ ഡോളര്‍ ആണു ആഭ്യന്തര ടൂറിസം മേഖലയിലെ സാമ്പത്തിക നേട്ടമെങ്കില്‍ 2020 ആകുമ്പോഴേക്കും അത് 46.6 ബില്ല്യന്‍ ഡോളറായി ഉയര്‍ത്താനാണു അധികൃതരുടെ ശ്രമം. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഫോര്‍മുല ഇ കാര്‍ റേസിനോടനുബന്ധിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 640 റിയാലിനു 14 ദിവസത്തെ ഇവിസ അനുവദിച്ചത് സഊദി ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ നീക്കമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."