കൊവിഡ് സെസ്: മദ്യത്തിന് വില കൂടുന്നതോടെ ഉപഭോഗം കുറയുമെന്ന് സി.പി.എം; ജനങ്ങളുടെ ബലഹീനത മുതലെടുക്കുകയാണെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിനു മേല്‍ 35 ശതമാനം വരെ കൊവിഡ് സെസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചും വിമര്‍ശിച്ചും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍. സെസ് ചുമത്തുന്നതിലൂടെ മദ്യത്തിന് വില കൂടുമെന്നും ഇതോടെ മദ്യത്തിന്റെ ഉപഭോഗം കുറയുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വില കൂടുന്നതോടെ കയ്യിലുള്ള പണത്തിന് അനുസരിച്ചേ കുടിക്കാനാകൂ. അതുകൊണ്ടുതന്നെ മദ്യം കഴിക്കുന്ന അളവില്‍ കുറവുണ്ടാകുമെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ട വീടുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരിച്ചടിയാണെന്ന വാദം ശരിയല്ല. സാധാരണക്കാര്‍ വീട്ടിലെ ആവശ്യങ്ങള്‍ കഴിച്ചുള്ള പണമാണ് മദ്യത്തിന് ചെലവാക്കുക. അതുകൊണ്ട് തന്നെ മദ്യം വാങ്ങാനുള്ള ശേഷി കുറയുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എക്സൈസ് മന്ത്രിയുമായ കെ. ബാബു പറഞ്ഞു. ജനങ്ങളുടെ ബലഹീനത മുതലെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വി.ഡി സതീശന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. 35 ശതമാനം അധികനികുതി ഏര്‍പ്പെടുത്തിയത് ശരിയല്ല. വില കൂടുന്നതുകൊണ്ട് മദ്യഉപഭോഗം കുറയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വിദേശമദ്യത്തിന് 10 മുതല്‍ 35 ശതമാനം വരെ അധിക സെസ് ചുമത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. വില കുറഞ്ഞ മദ്യത്തിന് 10 ശതമാനവും വില കൂടിയ മദ്യത്തിന് 35 ശതമാനം വരെയും നികുതി വര്‍ധിപ്പിക്കും. ബിയറിനും വൈനിനും 10 ശതമാനവും വില കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."