HOME
DETAILS
MAL
തെക്കേപുറത്തുകാരുടെ ബാങ്കറിയിക്കല്‍ ഓട്ടവും ആലിം ഡോക്ടറുടെ ഹൂങ്ക് വിളിയും
backup
May 13 2020 | 08:05 AM
തെക്കേപുറത്ത് കുറെ പള്ളികളുണ്ടായിരുന്നു. ഓരോ തറവാടിനടുത്തും ഓരോ പള്ളി. പക്ഷേ പണ്ടൊന്നും ഒരു പള്ളിയിലും ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ നോമ്പായാല്‍ ഞങ്ങള്‍ കുറച്ച് കുട്ടികളുടെ പണി ബാങ്കറിയിക്കലാണ്. നോമ്പ് തുടങ്ങുന്ന അന്ന് മുതല്‍ തുടങ്ങും ഈ പണി. പള്ളിയിലെ മുക്രി അല്ലാഹു അക്ബര്‍ എന്ന് വിളിച്ച ഉടനെ ഓരോ പള്ളിയില്‍ നിന്നും ഞങ്ങള്‍ കുട്ടികള്‍ ഇടവഴികളിലൂടെ ഓടും 'ബാങ്ക് കൊടുത്തേ...' എന്നും പറഞ്ഞ്. അങ്ങനെയാണ് എല്ലാവരും പള്ളിയിലെത്തുക. അതിനിടെയാണ് തിരൂരങ്ങാടിയില്‍ നിന്ന് ഡോ.മൊയ്തീന്‍കുട്ടി ആലിം തെക്കേപുറത്തേക്കെത്തിയത്.
കുറ്റിച്ചിറക്കാരുടെ സ്വന്തം ആലിം ഡോക്ടര്‍. ഒരു ദിവസം നോമ്പിന് ബാങ്ക് കൊടുത്തേന്നും പറഞ്ഞ് കുട്ടികള്‍ ഓടുന്നത് ശ്രദ്ധയില്‍പെട്ട അദ്ദേഹം തെക്കേപുറത്തിന് ഒത്ത നടുവിലായി ഒരു ഹൂങ്ക് (സൈറണ്‍) സ്ഥാപിച്ചു. ബാങ്ക് വിളിക്കുമ്പോ ആ സൈറണ്‍ മുഴങ്ങും. ഇതോടെ ഞങ്ങളുടെ ബാങ്ക് അറിയിക്കല്‍ ഓട്ടം നിര്‍ത്തി. പിന്നീടങ്ങോട്ട് ആലിം ഡോക്ടര്‍ സ്ഥാപിച്ച ഹൂങ്ക് വിളി കേട്ടാണ് തെക്കേപുറത്തുകാര്‍ പള്ളിയിലേക്ക് ജമാഅത്തിനെത്തിയിരുന്നത്. കുറച്ചു കാലത്തിന് ശേഷം ഡോക്ടറുടെ നേതൃത്വത്തില്‍ ഹൂങ്ക് മാറ്റി പകരം കതിനവെടിയാക്കി. പിന്നീട് പള്ളികളില്‍ ബാങ്കിനായി ഉച്ചഭാഷിണി വച്ചതോടെ നോമ്പ് തുറ അറിയിക്കാനും, അത്താഴത്തിനും മാത്രമാക്കി കതിനപൊട്ടിക്കുന്നത് ചുരുങ്ങി.
27-ാം രാവിന്റെ അന്ന് തെക്കേപുറത്തെ പള്ളികളില്‍ തമാശ നടക്കും. പള്ളികളിലെ ഖതീബിനും മുക്രിക്കും വെള്ളം കോരിക്കും പണം പിരിക്കുന്നതിനാണ് ഇത് നടത്തുന്നത്. അന്ന് നടക്കുന്ന പ്രധാന വിനോദമാണ് പന്തമേറ്. തെങ്ങിന്‍ മുകളില്‍ പന്തമെറിഞ്ഞുള്ള കളി. ഒരിക്കല്‍ മിശ്കാല്‍ പള്ളിയില്‍ പന്തമെറിഞ്ഞ് തെങ്ങിന് തീപിടിച്ചു. ബീച്ചില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. പന്തമേറ് കളിക്ക് നിയന്ത്രണങ്ങള്‍ വന്നു. കാലക്രമേണ അതില്ലാതായി.
ഇന്ത്യ-ചൈന യുദ്ധകാലത്ത് നാട്ടില്‍ അരിക്ക് വലിയ ക്ഷാമമായിരുന്നു. അതുകൊണ്ട് തന്നെ വീടുകളിലൊക്കെ അരി വിഭവം കുറവായിരുന്നു. അന്ന് ഫോറിന്‍ രാജ്യത്ത് നിന്ന് അരിക്ക് പകരം പാകം ചെയ്യാന്‍ പാക്കറ്റുകളിലാക്കി കൊണ്ടുവന്നതാണ് മക്രോണി. പിന്നീട് സ്‌പെഷല്‍ വിഭവമായെങ്കിലും ക്ഷാമകാലത്ത് വീടുകളില്‍ അരിക്ക് പകരം ഇതായിരുന്നു ഉപയോഗിച്ചിരുന്നത്.
സ്‌കൂള്‍ കുട്ടികള്‍ക്ക് അന്ന് തങ്ങള്‍സ് റോഡിലെ മാളിയേക്കല്‍ തറവാട്ടില്‍ നിന്നും അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന പാല്‍പൊടി വിതരണം ചെയ്തിരുന്നു. ശാദുലിപ്പള്ളിയില്‍ നിന്ന് അസര്‍ നിസ്‌കരിച്ച് ടിന്നുകളിലായി വരുന്ന പാല്‍പൊടിക്കായി ഞങ്ങളെല്ലാവരും ഓടും. പാല്‍പൊടി കിട്ടിയാല്‍ നേരെ വീട്ടിലേക്കോടും പിന്നെ മഗ്‌രിബ് ബാങ്ക് കൊടുക്കും വരെ ടിന്നിന്റെ മൂടി തുറക്കാനുള്ള ഒരു കാത്തിരിപ്പാണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."