മാവോയിസ്റ്റ് വേട്ട മലബാറിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കുമോ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മലയാളിയായ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ടത് മലബാറിന്റെ വോട്ട് രാഷ്ട്രീയത്തെ സ്വാധീനിക്കുമോയെന്നത് ചര്‍ച്ചയാകുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് 2016 നവംബറില്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കുപ്പു ദേവരാജ്, അജിത എന്നീ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
അവര്‍ തമിഴ്‌നാട് സ്വദേശികളായിരുന്നിട്ടും സംഭവം ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചു.
ഇടതുമുന്നണിയുടെയും സര്‍ക്കാരിന്റെയും ഭാഗമായിരുന്നിട്ടും അന്ന് സി.പി.ഐ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരേ ശക്തമായി രംഗത്തുവന്നിരുന്നു. ഇത്തവണ ഒരു മലയാളിയാണ് കൊല്ലപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അനുകൂലിച്ചോ എതിര്‍ത്തോ ഇതുവരെ രംഗത്തുവന്നില്ലെന്നത് ശ്രദ്ധേയമാണ്.
കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ നാടകമായിരുന്നു എന്നാണ് അന്ന് സി.പി.ഐ പരസ്യമായി അഭിപ്രായപ്പെട്ടത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സര്‍ക്കാരിനും പൊലിസിനുമെതിരേ അന്ന് പരസ്യമായി രംഗത്തുവരികയും ചെയ്തു.
കുപ്പു ദേവരാജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം അന്തിമോപചാരമര്‍പ്പിച്ചും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയുണ്ടായി. പക്ഷെ, ഇത്തവണ സി.പി.ഐ പ്രതികരിക്കാതിരിക്കുന്നതില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്വാധീനമാണെന്നു വിലയിരുത്തപ്പെടുന്നു.
ഇത്തവണയും നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍ റഷീദ് ഇത്തരത്തിലൊരു ആരോപണമുന്നയിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇത് ഏറ്റെടുക്കാന്‍ തയാറായിട്ടില്ല.
മാവോയിസ്റ്റ് വേട്ടയെ മുന്‍നിര രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പിന്തുണയ്ക്കുന്നു എന്നതിനാല്‍തന്നെയാണ് എതിര്‍ ശബ്ദങ്ങളൊന്നും ഉയരാത്തത്. തെരഞ്ഞെടുപ്പിന്റെ പ്രത്യേക അന്തരീക്ഷത്തില്‍ സി.പി.എമ്മിനെ പിണക്കാതെയും വിവാദം സൃഷ്ടിക്കാതെയും മുന്നോട്ടുപോകാമെന്ന ചിന്തയാണ് സി.പി.ഐയെ പ്രതികരണത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
എന്നാല്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലേക്ക് വളരാന്‍ മാവോയിസ്റ്റ് ശക്തിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.
പക്ഷെ വനത്തില്‍ തമ്പടിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കേരളത്തിലെ ആദിവാസികളുടെ പിന്തുണപോലും നേടിയെടുക്കാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."