സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നാമനിര്‍ദേശം ചട്ടം മറികടന്ന്
#യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള സര്‍ക്കാര്‍ നാമനിര്‍ദേശം ചട്ടം മറികടന്ന്. സര്‍വകലാശാല പ്രതിനിധികളുടെ നാമനിര്‍ദേശമാണ് നിയമിവിരുദ്ധമായി നടത്തിയത്. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍ യോഗ്യതയുള്ളവരെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചട്ടം അനുസരിച്ച് അംഗങ്ങളായി നാമനിര്‍ദേശം ചെയ്യേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്ന നാലു പേര്‍ക്കും ചട്ടത്തില്‍ നിര്‍ദേശിക്കുന്ന യോഗ്യതയില്ല. യോഗ്യതയുള്ള എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളെ പ്രാതിനിത്യം നല്‍കാതെ ഒഴിവാക്കുകയും ചെയ്തു.
ഒളിംപ്യന്മാര്‍ ഉള്‍പ്പെടെ ദേശീയ, രാജ്യാന്തര താരങ്ങളെ വാര്‍ത്തെടുത്ത സര്‍വകലാശാലകളെയാണ് പ്രാതിനിധ്യം നല്‍കാതെ പുറത്തുനിര്‍ത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചട്ടപ്രകാരം നാമനിര്‍ദേശം ചെയ്യപ്പെടാന്‍ യോഗ്യതയുള്ള മൂന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍മാര്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല ഡയരക്ടര്‍മാര്‍ക്ക് മാത്രമാണ് യോഗ്യത. യോഗ്യതയുള്ള മൂന്ന് സര്‍വകലാശാല പ്രതിനിധികളെയും ഒഴിവാക്കിയപ്പോള്‍ കേരള, കുസാറ്റ്, കാര്‍ഷിക, വെറ്റിനറി സര്‍വകലാശാലകള്‍ക്ക് മാത്രം പ്രാതിനിധ്യം നല്‍കി.
കേരള സര്‍വകലാശാല പ്രതിനിധിയായി വന്നത് ഒരു കോളജില്‍ അധ്യാപകനായിരിക്കേ സര്‍വകലാശാലയിലേക്ക് ഡെപ്യൂട്ടേഷനില്‍ വന്നയാളാണ്. കാര്‍ഷിക സര്‍വകലാശാല പ്രതിനിധി സ്റ്റുഡന്‍സ് വെല്‍ഫെയര്‍ അസി. ഡയരക്ടറാണ്. മറ്റു രണ്ടു പേര്‍ അധ്യാപകരും. 12 പേരെയാണ് കഴിഞ്ഞ ദിവസം വിവിധ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തത്. കായിക രംഗത്തുനിന്ന് ഐ.എം വിജയനും ഒളിംപ്യന്‍ കെ.എം ബീനമോള്‍ക്കും പുറമെ വോളിബോള്‍ താരം കപില്‍ദേവ്, ബോക്‌സിങ് താരം കെ.സി ലേഖ എന്നിവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഇവര്‍ക്കൊപ്പാണ് യോഗ്യതയില്ലാത്തവരെ സര്‍വകലാശാല പ്രതിനിധികളായി നാമനിര്‍ദേശം ചെയ്തത്. കേരളത്തിന്റെ കായിക ഫാക്ടറിയായ എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രാതിനിധ്യം നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലുകളാണ് പ്രാതിനിധ്യത്തില്‍ നിന്ന് മൂന്ന് പ്രധാന സര്‍വകലാശാലകളും തഴയപ്പെടാന്‍ കാരണം.
സി.പി.എം നടത്തിയ രാഷ്ട്രീയ ഇടപെടലില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് കായിക രംഗവുമായി ഒരു ബന്ധവുമില്ലാത്ത നിരവധി പേരാണ് കടന്നു കൂടിയത്. അതിനിടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ടു രാഷ്ട്രീയ നീക്കങ്ങളും സജീവമായി. ടി.പി ദാസന്‍ വീണ്ടും രംഗത്തുണ്ട്. ദാസന് പകരം മറ്റൊരാള്‍ വരട്ടയെന്ന് വാദിക്കുന്ന ചേരിയും സജീവമാണ്. തര്‍ക്കം മുറുകിയതോടെ വിവാദങ്ങള്‍ ഒഴിവാക്കി കായിക മേഖലയില്‍ നിന്നൊരാളെ പ്രസിഡന്റാക്കാനാണ് കായിക മന്ത്രിക്ക് താല്‍പര്യം. ഈ മാസം 25ന് ആണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്നിനും നടക്കും. പ്രസിഡന്റിനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചാവും പ്രസിഡന്റിനെ സംബന്ധിച്ച അന്തിമതീരുമാനം. പ്രസിഡന്റിനെ നാമനിര്‍ദേശം ചെയ്യുന്നതിനൊപ്പം, മത്സരമില്ലാതെ വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനുള്ള നീക്കമാണ് നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം ഈ മാസം 11ന് അവസാനിക്കും.
നിലവിലെ വൈസ് പ്രസിഡന്റ് ഒളിംപ്യന്‍ മേഴ്‌സിക്കുട്ടനെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കിയേക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലെ വഴിവിട്ട നീക്കങ്ങളെ ചോദ്യം ചെയ്തതാണ് അവര്‍ അനഭിമതയാവാന്‍ കാരണം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലും സി.പി.എം ആധിപത്യമാണ്. തിരഞ്ഞെടുപ്പ് രംഗം സജീവമായതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലാണ്. കായികമേഖലയുമായി ബന്ധപ്പെട്ട ഫലുകളൊന്നും നീങ്ങുന്നില്ല. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗവുമാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."