HOME
DETAILS
MAL
കൊവിഡിനിടെ ഡെങ്കിപ്പനിയും; സംസ്ഥാനത്ത് ആശങ്ക
backup
May 14 2020 | 04:05 AM
തിരുവനന്തപുരം: കൊവിഡ്-19 വ്യാപനത്തിനിടെ സംസ്ഥാനത്തിന് ആശങ്കയായി ഡെങ്കിപ്പനി കേസുകളും. കഴിഞ്ഞ ദിവസം മാത്രം 12 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 46 പേര്‍ക്ക് രോഗലക്ഷണമുണ്ട്. ഈ മാസം മാത്രം 47 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 432 പേരില്‍ രോഗലക്ഷണം കണ്ടെത്തി. ഈ വര്‍ഷം ഇതുവരെ 885 കേസുകളായി. രണ്ട് മരണം. എന്നാലിത് കഴിഞ്ഞ വര്‍ഷം ഈ സമയത്തേതിനേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ 146 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
22 പേര്‍ക്ക് എലിപ്പനിയും 352 പേരില്‍ ചിക്കന്‍പോക്സും റിപ്പോര്‍ട്ട് ചെയ്തു. മഴക്കാലമെത്തുന്നതോടെ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകള്‍. മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. കൊവിഡ് തിരക്കില്‍ ഇതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായില്ലെന്ന വിലയിരുത്തല്‍ ആരോഗ്യവകുപ്പിനുണ്ട്. മഴക്കാല പൂര്‍വശുചീകരണത്തില്‍ വീഴ്ച്ച പാടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നല്കി. ഒരു ഭാഗത്ത് കൊവിഡ് ഭീതി ഒഴിയാതെ നില്ക്കുമ്പോള് എച്ച്1എന്‍1, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരാനിടയായാല്‍ കൊവിഡ് നിയന്ത്രണത്തില്‍ കൈവരിച്ച നേട്ടം അപ്രസക്തമായിപ്പോകുമെന്നും മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."