റെയില്‍വേ കോടതികളില്‍ ജഡ്ജിയില്ല; പിഴയൊടുക്കാന്‍ യാത്രക്കാര്‍ക്ക് പെടാപ്പാട്
കോഴിക്കോട്: റെയില്‍വേ പൊലിസുകാരുടെ കണ്ണുവെട്ടിച്ച് നിയമ ലംഘനം നടത്തുന്നവര്‍ ശ്രദ്ധിക്കുക. പിടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് പണം മാത്രമല്ല, പിഴയൊടുക്കാന്‍ ന്യായാധിപനുള്ള റെയില്‍വേ കോടതികള്‍ തേടി അലയേണ്ടിയും വരും. റെയില്‍വേ ഡിവിഷനില്‍ കാസര്‍കോട് മുതല്‍ ഷൊര്‍ണൂര്‍വരെയുള്ള സ്റ്റേഷനുകളിലെ കോടതികളിലാണ് മൂന്നു മാസത്തിലധികമായി ന്യായാധിപന്റെ ഒഴിവ് നിലനില്‍ക്കുന്നത്.
കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആഴ്ചയില്‍ ഒരു ദിവസം എത്തുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയെ ആശ്രയിക്കുകയാണ്.
വ്യാഴാഴ്ചയാണ് ഇവിടെ കോടതി ചേരുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ പിഴ യൊടുക്കാന്‍ എത്തുന്നതിനാല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഈ ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെ ബഹളമയമാണ്. കാസര്‍കോട് മുതല്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിധി വരെയുള്ളവരുടെ കേസുകള്‍ ഇപ്പോള്‍ കോഴിക്കോട്ടാണ് തീര്‍പ്പാക്കുന്നത്.
ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ചാര്‍ജ്ഷീറ്റ് തയാറാക്കേണ്ടത് ഇവരുടെ ജോലിയാണ്്.
പാളം മുറിച്ചു കടക്കുക, പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കുക തുടങ്ങിയ താരതമ്യേന ഗൗരവം കുറഞ്ഞ കേസുകളില്‍ പെടുന്ന മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ പിഴ അടയ്ക്കുന്നതിന് വേണ്ടി മാത്രം ഇത്രയും ദൂരം യാത്ര ചെയ്ത് കോടതിയിലെത്തണം.
രാവിലെ എത്തിയാല്‍പ്പോലും തിരക്ക് കാരണം വൈകിട്ടെ പിഴയടച്ച് പോകാനാവൂ. ഇക്കാരണത്താല്‍ കേസില്‍പ്പെട്ടവര്‍ അപരന്‍മാരെ ഉപയോഗിച്ച് പിഴയൊടുക്കുന്നതും ഇവിടെ പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."