കൊവിഡ് ഒരിക്കലും ഇല്ലാതാകില്ലെന്ന് വിദഗ്ധര്‍: ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ അപകടമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: കൊറോണവൈറസ് ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവിയെ പോലെ ലോകത്താകെ നിലനില്‍ക്കുന്ന വൈറസായി നോവല്‍ കൊറോണ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
സമൂഹത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കല്‍, കൊവിഡ് 19 നെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാര്‍ത്ഥ്യമാക്കലും പ്രധാനമാണ്.
പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലില്‍ കേന്ദ്രീകരിക്കും. പൊതുസമൂഹം ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം.
അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിന് വ്യക്തികളും കുടുംബങ്ങളും സ്വയമേ തയ്യാറാകണം. ഭക്ഷണശാലകളിലും ഷോപ്പിങ് സെന്ററുകളിലും മുന്‍കൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് സമയം നല്‍കണം. ലോക്ക് ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകള്‍ നാം കൊറോണയെ കരുതിയാവണം ജീവിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."