വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂനിറ്റിലേക്ക്;
വേനല്‍ മഴ ചതിച്ചാല്‍ പ്രതിസന്ധി
സ്വന്തം ലേഖകന്‍
തൊടുപുഴ: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂനിറ്റിലേക്ക്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ ഉപയോഗം 79.243 ദശലക്ഷം യൂനിറ്റായിരുന്നു. 2018 ഏപ്രില്‍ 30ന് രേഖപ്പെടുത്തിയ 80.9358 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപയോഗം. ഈ നില തുടര്‍ന്നാല്‍ രണ്ടുദിവസത്തിനുള്ളില്‍ ഈ റെക്കോര്‍ഡ് മറികടക്കും. വേനല്‍ മഴ ചതിച്ചാല്‍ സംസ്ഥാനത്തെ വൈദ്യുതി മേഖല നേരിടാന്‍ പോകുന്നത് കടുത്ത പ്രതിസന്ധിയാകും.
കഴിഞ്ഞ ദിവസങ്ങളില്‍ ഉപഭോഗം പടിപടിയായി ഉയരുകയായിരുന്നു. ചൊവ്വാഴ്ച 76.08, ബുധനാഴ്ച 78.59, വ്യാഴം 78.81 എന്നിങ്ങനെയായിരുന്നു ഉപഭോഗം. സംസ്ഥാനത്തെ താപനിലയില്‍ നേരിയ കുറവുണ്ടായിട്ടും വൈദ്യുതി ഉപയോഗം കുതിക്കുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി എം.എം. മണി ഇന്നലെ തൊടുപുഴയില്‍ പറഞ്ഞു. 60.826 ദശലക്ഷം യൂനിറ്റാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്. 18.3805 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം.
കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്താകെ ശരാശരി രേഖപ്പെടുത്തിയത് 0.23 സെ.മീ. വേനല്‍ മഴയാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളുടെ ചിലഭാഗങ്ങളില്‍ മഴ ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്ലാം അകന്ന് നിന്നു.
വേനല്‍മഴ ശക്തിപ്പെട്ടാല്‍ മാത്രമേ താപനിലയില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പക്ഷം. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 54 ശതമാനം വെള്ളമാണ് ഇനി ശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."