HOME
DETAILS

സെമിറ്റിക് ധാരയിലെ മിസ്റ്റിക് സാന്നിധ്യം

  
backup
June 23 2018 | 20:06 PM

remembering-prof-ahammd-kutty-sivapuram

നിങ്ങളുടെ ശബ്ദമല്ല; വാക്കുകളാണ് ഉയരേണ്ടത്. 

ഇടിയല്ല; മഴയാണ് പൂക്കള്‍ വിടര്‍ത്തുന്നത് - റൂമി

 

ലോകോത്തര പണ്ഡിതന്‍ ശൈഖ് ഹബീബ് അല്‍ ജിഫ്രിയുടെ ഹൃദയസ്പര്‍ശിയായ പ്രഭാഷണമുണ്ട്. ഹൃദയത്തോട് ചേര്‍ത്തുവച്ചാല്‍ വികാരം അണപൊട്ടിയൊഴുകുന്ന ഒരു സന്ദര്‍ഭത്തെ അദ്ദേഹം വിങ്ങിപ്പൊട്ടിക്കൊണ്ടാണ് പറയുന്നത്. ഹസ്രത്ത് ബിലാലിനെക്കുറിച്ചാണത്. പ്രവാചക തിരുമേനിയുടെ വിയോഗശേഷം ബിലാലിനു മദീനയില്‍ തന്നെ തങ്ങാന്‍ കെല്‍പുണ്ടായിരുന്നില്ല. വിശുദ്ധ നഗരത്തിലെ മണല്‍ത്തരികള്‍ പോലും ബിലാലിനെ തരളിതചിത്തനാക്കിമാറ്റും. ഇത് അസഹനീയമായപ്പോള്‍ ശാമിലേക്കു മാറിത്താമസിച്ചിരുന്നു അദ്ദേഹം. പിന്നീട് തിരുനബിയുടെ സ്വപ്നദര്‍ശനത്തെ തുടര്‍ന്ന് ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ ജനസേവന കാലത്താണു മദീനയില്‍ തിരിച്ചെത്തുന്നത്. എന്തേ ബിലാല്‍, നീ എന്നെ സന്ദര്‍ശിക്കാത്തത്? എന്നായിരുന്നു സ്വപ്നത്തില്‍ പ്രവാചകതിരുമേനിയുടെ പരിഭവം.


മദീനയിലെത്തിയ ബിലാലിനോട് ബാങ്കുവിളിക്കാന്‍ സ്വഹാബി പ്രമുഖര്‍ സിദ്ദീഖും ഉമറും ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ തിരുനബിയുടെ പേരമക്കളായ ഹസനും ഹുസൈനും ബിലാലിനെ കെട്ടിപ്പുണര്‍ന്നപ്പോള്‍ നബിയോര്‍മകളില്‍ വിവശനായ ബിലാല്‍ പള്ളിയില്‍നിന്ന് ഉറക്കെ ബാങ്കുവിളിച്ചു. മദീനയുടെ തെരുവുകള്‍ പുളകം കൊണ്ടു. പള്ളിയങ്കണം ജനനിബിഡമായി. പക്ഷേ വാക്കുകള്‍ ബിലാലിന്റെ തൊണ്ടയില്‍ മുറിഞ്ഞുവീണു. പ്രവാചകരെ മൊഴിഞ്ഞപ്പോള്‍ അതൊരു നിലവിളിയായി മാറി. വിശുദ്ധമദീന ഒന്നടങ്കം കരഞ്ഞുതളര്‍ന്നു എന്നാണു ചരിത്രം.


അതെ, ബിലാല്‍ ചരിത്രത്തിലെ കറുത്ത മനുഷ്യന്‍ മാത്രമായിരുന്നില്ല. സംവത്സരങ്ങള്‍ക്കിപ്പുറവും വിമോചന ദൈവശാസ്ത്രത്തിലെയും മാനവിക വിപ്ലവ ബോധത്തിലെയും തുറന്നിട്ട അധ്യായം കൂടിയാണ്. മേല്‍വിവരിച്ച സംഭവം മലയാളത്തില്‍ വൈകാരികമായ അനുഭൂതികളോടെ ആദ്യമായി ആവിഷ്‌കരിക്കപ്പെട്ടത് പ്രൊഫ. അഹ്മദ് കുട്ടി ശിവപുരത്തിന്റ 'ബിലാലിന്റെ ഓര്‍മകള്‍' എന്ന ഹൃദയസ്പൃക്കായ കൃതിയിലൂടെയായിരിക്കണം. മലയാളത്തില്‍ അതുവരെ പരിചിതമല്ലാതിരുന്ന വേറിട്ട ശൈലിയിലൂടെ മാപ്പിള സാഹിത്യത്തിനു പുതിയ ഭാഷയും ശൈലിയും ഘടനയും നല്‍കിയ മഹാജ്ഞാനിയായിരുന്നു വിശുദ്ധ റമദാനില്‍ ദൈവിക സന്നിധിയിലേക്കു യാത്രതിരിച്ച പ്രൊഫ. അഹ്മദ് കുട്ടി ശിവപുരം. താളുകളോരോന്നും വിഭ്രമിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യുന്ന ഈ വിസ്മയരചന വിമോചന ദൈവശാസ്ത്രത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ കറുത്തവന്റെ ആദ്യത്തെ മാനിഫെസ്റ്റോ കൂടിയായിരിക്കണം. വരണ്ട അറേബ്യന്‍ മണ്ണിലെ കറുത്ത മനുഷ്യനെ നനവൂറുന്ന ഭാഷയില്‍ എത്രമാത്രം അഴകോടെയും തിളക്കത്തോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ശിവപുരത്തിന്റെ വ്യക്തിത്വത്തെ കൂടി പ്രകാശനം ചെയ്യുന്നതാണ്

സെമിറ്റിക് സൂഫി

അബ്രഹാമീയത എന്ന ആഖ്യാനബിംബം തന്നെ മലയാളത്തിനു സമ്മാനിച്ചത് പ്രൊഫ. അഹ്മദ് കുട്ടി ആയിരുന്നു. ഹസ്രത്ത് ഇബ്രാഹീമീഅബ്രഹാമിക് പാരമ്പര്യത്തെ എത്ര ആഴത്തിലും പരപ്പിലുമാണ് അദ്ദേഹം വിശകലനം ചെയ്തത് എന്നറിയണമെങ്കില്‍ അദ്ദേഹത്തിന്റെ 'സംസം കഥപറയുന്നു' എന്ന രചന മറിച്ചുനോക്കിയാല്‍ മതി. സെമിറ്റിക് മതങ്ങളുടെ ഉള്ളറകളെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിച്ച മറ്റൊരാളില്ല. സെമിറ്റിക് സ്രോതസുകളെ ആസ്പദിക്കുന്ന ഏതു രചനകള്‍ ലോകത്തെവിടെ ഇറങ്ങിയാലും അതു തേടിപ്പിടിച്ചു വായിക്കുക ഒരു ജീവിതശീലമായിരുന്നു അദ്ദേഹത്തിന്.


ഇംഗ്ലിഷില്‍ ബിരുദമെടുത്ത അദ്ദേഹം മാസ്റ്റര്‍ ബിരുദം നേടാന്‍ അറബിഭാഷ തിരഞ്ഞെടുത്തതിനു പിന്നില്‍ സെമിറ്റിക് താവഴികളെ കൂടുതല്‍ പഠിച്ചറിയാനുള്ള ഉദ്യമം കൂടിയായിരുന്നുവെന്നു വേണം പറയാന്‍. ക്രിസ്റ്റോളജി ഒരു പുതിയ ശാഖയായി മലയാളവായനയില്‍ വളര്‍ത്തിയെടുക്കാനുള്ള യത്‌നത്തിനിടയിലാണ് അദ്ദേഹത്തിന്റെ വേര്‍പാട്.
ഓരോ കാലത്തെ പ്രവാചകന്മാരെയും സെമിറ്റിസത്തിന്റെയും അബ്രഹാമീയതയുടെയും കേന്ദ്രബന്ദുവില്‍ ചേര്‍ത്തുനിര്‍ത്തിയും ബൈബിളിന്റെയും തോറയുടെയും പൊരുളുകളെ സ്വാംശീകരിച്ചും ഖുര്‍ആനികമായ വിതാനത്തില്‍ നിന്നുകൊണ്ട് അവയെ പുനര്‍വ്യാഖ്യാനിച്ചും വ്യത്യസ്തമായ മതവായന അദ്ദേഹം വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒരേസമയം ഓരോ പ്രവാചകന്റെയും അനുയായിയായി മാറുകയായിരുന്നു ഓരോ കഥകളിലൂടെയും അദ്ദേഹം.

സൂഫിസത്തിനും അനുരാഗത്തിനുമിടയില്‍

കേരളത്തിലെ മതവിജ്ഞാന കാംപസുകളില്‍ വിശിഷ്യാ സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അത്മീയാന്വേഷണങ്ങളും അക്കാദമിക് സമീക്ഷകളും വേരുപിടിക്കുന്ന കാലത്തിന്റെ തുടക്കത്തിലായിരുന്നു ശിവപുരത്തിന്റെ എഴുത്തുകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അത്തരം സൂഫീ ചര്‍ച്ചകളിലും രചനകളിലും അദ്ദേഹം ഏറെ പറയപ്പെട്ടു. ജ്ഞാനത്വരയോടെ കടന്നുവരുന്നവര്‍ക്ക് അദ്ദേഹം താമസിച്ചിരുന്ന കരിയാത്താന്‍കാവിലെ മൗണ്ട് ഹുദായുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. സാമ്പ്രദായികമായി പഠിക്കപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്തിരുന്ന ഹദീസ് ആഖ്യാനങ്ങളും ചരിത്രസന്ദര്‍ഭങ്ങളും സൂഫിസത്തിന്റെ ഭാഷാമിഴിവോടെ അദ്ദേഹം വിവരിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.


പ്രവാചക തിരുമേനിയുടെ അപദാനങ്ങളോടും അഭിധേയങ്ങളോടും അതിവൈകാരികമായ ബന്ധം നെഞ്ചില്‍ കൊണ്ടുനടന്നിരുന്ന അനുരാഗി കൂടിയായിരുന്നു അദ്ദേഹം. അതൊരു പ്രകടനപരതയുടെ അളവുകോലില്‍ തിട്ടപ്പെടുത്താവുന്ന ബാഹ്യരൂപങ്ങളിലായിരുന്നില്ല പലപ്പോഴും. അടുത്തറിയുന്നവര്‍ ആ ഇശ്ഖിന്റെ തെളിനീരൊഴുക്കിനു മുന്നിലിരുന്ന് അന്തം വിട്ടുപോയതായി അനുസ്മരിച്ചതു കണ്ടിട്ടുണ്ട്. യേശുക്രിസ്തുവിനെ ഈസാചരിത്രത്തിലിരുന്ന് ഉണ്ണിയേശു എന്നു വിശേഷിപ്പിച്ച അതേ മട്ടില്‍ പ്രവാചകതിരുമേനിയെ ഉണ്ണി മുഹമ്മദ് എന്നു വിളിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. പക്ഷേ അകലങ്ങളില്‍ മാത്രം അദ്ദേഹത്തെ അറിയുന്നവര്‍ പലപ്പോഴും ഇതില്‍ ദഹനക്കേട് കാണിച്ചിരുന്നുവെങ്കിലും ശിവപുരത്തിന്റെ ഭാഷാസഞ്ചയികയില്‍ ഇതില്‍പരം വല്‍സലമായ വാക്ക് ഒരുപക്ഷേ കിട്ടിയില്ലായിരിക്കാം. ഇശ്ഖിന്റെ പാരമ്യതയില്‍ അഭിരമിക്കുമ്പോള്‍ അതൊരു വികാരപ്രകടനത്തിന്റെ വാങ്മയം മാത്രമായിരുന്നുവെന്നു കാണണം. എന്തിനധികം, മുഹമ്മദ് നബിയെക്കുറിച്ച് എഴുതുമ്പോള്‍ ഓരോ വരിയും പ്രവാചക പ്രകീര്‍ത്തനങ്ങളായി പരന്നൊഴുകുന്നതു കാണാം. തന്റെ പേരിലെ ശിവപുരം എന്ന വാല്‍ മാറ്റി ഒടുവില്‍ അഹ്മദ് മുഹമ്മദി എന്ന തിരുത്തിലേക്ക് എത്തുന്നതിനു പിന്നില്‍ തന്നെ ഈയൊരു പശ്ചാത്തലമുണ്ടായിരുന്നതായി പലരും പങ്കുവച്ചിട്ടുണ്ട്.

വിമോചന ദൈവശാസ്ത്രത്തിന്റെ ഉള്‍ക്കരുത്ത്

മറ്റാരും കൈവച്ചിട്ടില്ലാത്ത അറിവിടങ്ങളില്‍ സ്വന്തം മുദ്രകള്‍ അടയാളപ്പെടുത്തിവയ്ക്കുന്നതിലാണ് ഈ മഹാമനീഷിയുടെ സാന്നിധ്യം അമൂല്യമായിത്തീരുന്നത്. മോശെയും യേശുവും മുഹമ്മദും മാര്‍ക്‌സും പല ധാരകളിലായി ഒരേ ധ്രുവങ്ങളില്‍ ചെന്നെത്തി നില്‍ക്കുന്ന മാനവികതയുടെ വാതായനങ്ങളായി അദ്ദേഹം പരിചയപ്പെടുത്തി. അബ്രഹാമീയത എന്ന പ്രമേയത്തിന്റെ അന്തഃപൊരുളുകളെ സെമിറ്റിക് പാരമ്പര്യങ്ങളുടെ ചരിത്രമുഹൂര്‍ത്തങ്ങളില്‍ ചേര്‍ത്ത് അവതരിപ്പിക്കാനുള്ള മിടുക്കും അവഗാഹവും മറ്റാര്‍ക്കും മലയാളത്തില്‍ അവകാശപ്പെടാനില്ലാത്തതു തന്നെ. ശിവപുരത്തിനെ വായിക്കുന്നവര്‍ ഒരേസമയം വിപ്ലവബോധത്തിന്റെയും അറിവിന്റെയും തസ്വവ്വുഫിന്റെയും ചരിത്രത്തിന്റെയും അടരുകളിലൂടെ സൂക്ഷ്മയാത്ര ചെയ്യുകയായിരിക്കും. ചരിത്രത്തിലെ ബിംബങ്ങളെ സാമ്പ്രദായികമായ വീക്ഷണങ്ങള്‍ക്കപ്പുറം തൊട്ടറിയാനും വായനക്കാര്‍ക്കും ശ്രോതാക്കളിലേക്കും പകരാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.


ബിലാലിനെപ്പോലെ കീഴാളബോധങ്ങളെ ഉല്‍കൃഷ്ടമായ പ്രതികരണങ്ങളിലൂടെ മഹോന്നതങ്ങളിലെത്തിച്ച ശിവപുരം രചനകളിലെ കഥാപാത്രമാണ് ഹാജറ ബീവി എന്ന ഹഗാര്‍. മാനവികതയുടെ മടിത്തട്ടായാണ് 'ഹഗാര്‍ദ മാട്രിക്‌സ് മാട്രിയാര്‍ക് ആന്‍ഡ് പാരഡൈം' എന്ന ആംഗലേയ രചനയില്‍ ഹാജറയെ പരിചയപ്പെടുത്തുന്നത്. മക്കയുടെയും അറബുനാടിന്റെയും ഊഷരതയെക്കുറിച്ചല്ല, അവ സമ്മാനിച്ച ഉര്‍വരമായ സംസ്‌കൃതികളെക്കുറിച്ചും അവ സാധ്യമാക്കിയ മനുഷ്യന്റെ ജീവിത വഴികളെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. സഫായും മര്‍വയും ആരാധനാകര്‍മങ്ങള്‍ക്കുള്ള കേവലം നടപ്പാതകള്‍ക്കപ്പുറം ചരിത്രത്തിന്റെ ഗര്‍ഭം വഹിക്കുന്ന വിമോചനത്തിന്റെ ഇടങ്ങള്‍ കൂടിയായി അദ്ദേഹം പലപ്പോഴും നിരീക്ഷിച്ചു. മനുഷ്യനെ മനുഷ്യപക്ഷത്തുനിന്ന് കാണുന്ന മഹാപ്രഖ്യാപനമായി വിവക്ഷിക്കുന്ന 'അറഫാപ്രഭാഷണം' അദ്ദേഹത്തിന്റെ വിമോചനചിന്തകള്‍ക്ക് കരുത്തുപകരുന്ന രചനയാണ്.

പകരക്കാരനില്ലാത്ത മഹാപ്രതിഭ

കേരളീയ സമൂഹത്തിന് ചിരപരിചിതമല്ലാത്ത ആഖ്യാന സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊടുത്ത പ്രൊഫ. ശിവപുരം പക്ഷേ സമീപകാല തലമുറകളിലേക്കു വേണ്ടവിധം പരിചയപ്പെടുത്തപ്പെട്ടില്ല എന്നതു നമ്മുടെ പരാജയം തന്നെയാണ്. കേവലം ആചാരബാഹുല്യങ്ങളുടെ അകമ്പടികളോടെയുള്ള ആത്മീയതകളോട് അദ്ദേഹം ഇണങ്ങിനിന്നില്ലെങ്കിലും മഹാസൂഫീയതയുടെ ഉന്നതങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഹൃദയവും ചിന്തകളും ബന്ധിച്ചിരുന്നത്. എഴുത്തിലും ഭാഷണത്തിലും മാത്രമായിരുന്നില്ല, ജീവിതത്തിലും അദ്ദേഹം സഫലമാക്കി. നമ്മുടെ പ്രത്യക്ഷമായ ചുറ്റുപാടുകള്‍ക്ക് അപരിചിതമായ ലോകത്തു കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങളും എഴുത്തുകളും പലര്‍ക്കും കല്ലുകടിയായിട്ടുണ്ട്. നാം രേഖപ്പെടുത്തിവച്ച ശൈലിയുടെയും ഭാഷയുടെയും പരിമിതികളെ മറികടന്ന് മലയാള സാഹിത്യത്തില്‍ ബഷീര്‍ നിര്‍മിച്ചെടുത്ത ഭാഷപോലെ സൂഫീസെമിറ്റിക് സാഹിത്യത്തില്‍ മലയാളത്തിനു പുതിയ വഴിയും ദിശയും നിര്‍മിച്ച അദ്ദേഹത്തിന്റെ രചനകള്‍ എന്നും വേറിട്ടതാണ്.


വരേണ്യ സംസ്‌കൃതത്തിനും ശുദ്ധമലയാളത്തിനുമിടയില്‍ സംസ്‌കൃതശുദ്ധമായ മാപ്പിള സൂഫീഭാഷ കൊത്തിയെടുക്കുകയായിരുന്നു അദ്ദേഹം. തനതുമലയാളത്തില്‍ ഒരുപക്ഷേ ആഷാ മേനോന്‍ മാത്രമായിരിക്കും ഇത്തരമൊരു ഭാഷാവഴി പാകിയെടുത്തത്. എന്നാല്‍ അത് ഉള്‍ക്കൊള്ളുന്നതില്‍ കേരളത്തിലെ പല ആദര്‍ശധാരകളും പരാജയപ്പെട്ടുപോയിട്ടുണ്ടെന്നതും വേറൊരു സത്യം. സംസ്‌കൃത സ്വാധീനം ആരോപിച്ചു തിരസ്‌കരിക്കപ്പെടുകയോ വെളിച്ചം കാണാതെ പോവുകയോ ചെയ്ത പല എഴുത്തുകളും അദ്ദേഹത്തിന്റേതായുണ്ട് എന്നതും അടുത്തറിയുന്നവര്‍ക്കു മാത്രം അറിയുന്ന കാര്യമാണ്.


ശാഖാപരമായ വൈവിധ്യങ്ങളെ സര്‍ഗാത്മകമായി ഉള്‍ക്കൊള്ളാനും അവ ഓരോരുത്തരുമായി സംവദിക്കാനും കഴിഞ്ഞ മലയാള മുസ്‌ലിം എഴുത്തുകാരില്‍ ശിവപുരത്തിനു പകരക്കാരനെ കണ്ടെത്താനാവില്ലെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. സംഘടനാപക്ഷഭേദമില്ലാതെ തന്റെ അറിവിന്റെ നിര്‍ത്സരിയാല്‍ കേരളത്തിലെ പല പ്രസിദ്ധീകരണങ്ങളുടെയും താളുകളെ അദ്ദേഹം സമ്പന്നമാക്കി. അനേകം തത്വജ്ഞാനങ്ങളെക്കുറിച്ചും നിഗൂഢജ്ഞാനങ്ങളെക്കുറിച്ചും വാചാലമാകുമ്പോള്‍ പക്ഷേ മതത്തിന്റെ അടിത്തറകളില്‍നിന്ന് പതറിയില്ല അദ്ദേഹം.

കനമുള്ള രചനകള്‍

'ബിലാലിന്റെ ഓര്‍മകള്‍' ആണ് ആദ്യരചന. വിപ്ലവബോധവും വിമോചന സ്വഭാവവും നിറഞ്ഞ അപൂര്‍വകൃതി. ഇസ്മാഈല്‍, ഇബ്രാഹീം നബിമാരുടെയും ബീവി ഹാജറയുടെയും ചരിത്രത്തെ പുതിയ ശൈലിയില്‍ ആഖ്യാനിക്കുന്ന 'സംസം കഥപറയുന്നു', 'കഅ്ബയുടെ വിളി', ഇംഗ്ലീഷിലെ 'ദ കാള്‍ ഓഫ് അബ്രഹാം', 'ഹാഗര്‍: ദ മാട്രിക്‌സ് മാട്രിയാര്‍ക് ആന്‍ഡ് പാരഡൈം', 'ദ സാഗാ ഓഫ് സംസം' എന്നിവ ഭാഷയിലും രചനയിലും മാസ്റ്റര്‍പീസുകളാണ്. 'മുഹമ്മദ് നബി പാഠവും പാഠമുദ്രയും', 'മിഅ്‌റാജ്: ഉത്തുംഗതയുടെ ഉഠയനം' തുടങ്ങിയ കൃതികള്‍ മുഹമ്മദീയ പാരമ്പര്യത്തെയും രിസാലത്തിനെയും ഭാഷയുടെ മികവിലും ആഖ്യാനത്തിലും വായനക്കാരെ കോരിത്തരിപ്പിക്കുന്നവയാണ്. മനുഷ്യാവകാശത്തിന്റെ മഹാപ്രവാഹമായി 'അറഫാപ്രഭാഷണ'ത്തിലൂടെ സോഷ്യലിസത്തിന്റെയും ഇസ്‌ലാമിന്റെയും സമഗ്രതയെ ആവിഷ്‌കരിക്കുകയാണ്. 'ഒന്നിന്റെ ലോകത്തേക്ക് ', 'അതിരുകള്‍ അറിയാത്ത പക്ഷി', 'വചനപ്പൊരുള്‍', 'വിദ്യാരംഭം', 'മക്കയില്‍ നിന്ന് വരുന്നവര്‍', 'ഒരു കല്ലിന്റെ കണ്ണീര്‍', 'അബ്രഹാമിക കവിതകള്‍' തുടങ്ങിയവയും അഹ്മദിയന്‍ ശൈലിയുടെ സ്മാരകങ്ങളായി നിലകൊള്ളുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago