ആദ്യ ചുഴലി വരുന്നു ഉംപുന്‍; കേരളത്തില്‍ മഴയ്ക്ക് സാധ്യത, കടലില്‍ കനത്ത ജാഗ്രത വേണം
കോഴിക്കോട്: ഇത്തവണത്തെ ആദ്യ ചുഴലി രൂപം കൊള്ളുന്നു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദമാണ് 2020 ലെ ആദ്യ ചുഴലിയായ ഉംപുന്‍ ആയി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ശനിയാഴ്ച വൈകിട്ടോ രാത്രിയോ ആണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളത്. കേരളത്തില്‍ ഒറ്റപ്പെട്ടതും ഇടത്തരത്തിലുള്ളതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ ചെന്നൈയില്‍ നിന്ന് ഏകദേശം 850 കി.മി അകലെയാണ് ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ബംഗാള്‍ ഉള്‍ക്കടലിലെ വിവിധ ഭാഗങ്ങളിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്ത നാലു ദിവസത്തിനകം ന്യൂനമര്‍ദം ചുഴലിക്കാറ്റായേക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥാ സൈറ്റിന്റെ നിരീക്ഷണം.
നിലവില്‍ ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഉംപുന്‍ ഭീഷണിയല്ല. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് നീങ്ങുന്ന ന്യുനമര്‍ദ്ദം ഒഡിഷ ആന്ധ്ര തീരത്തിന് സമാന്തരമായി എത്തുമ്പോള്‍ ദിശമാറി ബംഗ്ലാദേശിലേക്ക് പോകുമെന്നാണ് വിവിധ മോഡലുകള്‍ പ്രവചിക്കുന്നത്. ഒഡിഷ മുതല്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ വരെയുള്ള തീരങ്ങളില്‍ ചുഴലിക്കാറ്റ് ജാഗ്രതാ നടപടികള്‍ ഈ മാസം 17 മുതല്‍ സ്വീകരിക്കുന്നത് സുരക്ഷിതത്വം വര്‍ധിപ്പിക്കും.
22 നോ 23 നോ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ കരതൊടാനാണ് സാധ്യത. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായാല്‍ തായ്‌ലന്റിന്റെ ഉംപുന്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുക. 2020 ലെ ആദ്യത്തെ ചുഴലിക്കാറ്റാണിത്. ശ്രീലങ്ക നല്‍കിയ പവന്‍ ആയിരുന്നു മേഖലയിലെ അവസാനത്തെ ചുഴലിക്കാറ്റ്. അടുത്ത ചുഴലിക്കാറ്റിന് ബംഗ്ലാദേശ് നിര്‍ദേശിച്ച നിസര്‍ഗയെന്ന പേരിലാണ് അറിയുക. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ജാഗ്രത വേണമെന്ന് സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."