വയനാട്ടിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി; മൂന്നു തവണ പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു
മാനന്തവാടി: വയനാട്ടില്‍ കൊവിഡ് ബാധിതനായ യുവാവിന്റെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തു വിട്ടു. മേയ് ഒമ്പതിനാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. റൂട്ട് മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളോട് യുവാവ് ഇത്രയും ദിവസമായിട്ടും സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ പണിപെട്ടാണ് ആദ്യ ഘട്ട റൂട്ട് മാപ്പ് പുറത്ത് വിട്ടിരിക്കുന്നത്.
ഇരുപതുകാരനായ ഇയാള്‍ ഡി.വൈ.എസ്.പി ഓഫിസിലടക്കം മൂന്ന് തവണ പൊലിസ് സ്റ്റേഷനുകളിലെത്തിയെന്ന് റൂട്ട് മാപ്പ് വ്യക്തമാക്കുന്നുണ്ട്. പൊലിസുകാര്‍ക്ക് രോഗം പകര്‍ന്നത് ഇയാളില്‍ നിന്നാണെന്നാണ് നിഗമനം.
ഏപ്രില്‍ രണ്ടാംവാരം യുവാവിനെ വാഹനപരിശോധനക്കിടെ പൊലിസുകാര്‍ ചോദ്യംചെയ്തിരുന്നു. ഏപ്രില്‍ 28-ന് മാനന്തവാടി സ്റ്റേഷനിലും മേയ് രണ്ടിന് ഡിവൈ.എസ്.പി. ഓഫീസിലും ഇയാളെ വിളിപ്പിച്ചിരുന്നു. ഇതുവഴിയാണ് പൊലിസുകാരിലേക്ക് രോഗം പടര്‍ന്നത്.
യുവാവ് കഞ്ചാവ് വില്‍പ്പനക്കാരനാണെന്നും പിടിച്ചുപറിക്കേസുകളിലും പ്രതിയാണെന്നും ജില്ലാ പൊലിസ് മേധാവി ആര്‍. ഇളങ്കോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ ഒരു കേസില്‍ ചോദ്യം ചെയ്ത പൊലിസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിഡ്രൈവറുടെ സഹയാത്രികനായ ക്ലീനറുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്താണ് കമ്മന സ്വദേശി. ഇങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. എന്നാല്‍, ലോറിഡ്രൈവര്‍ ഈ വാദത്തെ എതിര്‍ക്കുന്നുണ്ട്. സഹയാത്രികനായ ക്ലീനര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."