പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം വെയിലത്ത് കൊണ്ടുപോകരുത്: മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: കുടിവെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളും തീഷ്ണമായ സൂര്യപ്രകാശമേല്‍ക്കുന്ന വിധം തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ രംഗത്ത്. സുര്യപ്രകാശമേറ്റ് ചൂടാകുമ്പോള്‍ പ്ലാസ്റ്റിക് കുപ്പി ബിസ്‌ഫെനോള്‍-എ എന്ന രാസവസ്തു ഉല്‍പാദിപ്പിക്കുകയും ഇത് കുടിവെള്ളത്തില്‍ കലരുകയുംചെയ്യും. ഇത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ഉണ്ടാക്കുമെന്ന പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍. ഒമാനില്‍ ഡോക്ടറായ സജീവ് ഭാസ്‌കറാണ് പരാതി നല്‍കിയത്.
മിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ക്ക് ഐ.എസ്.ഒ മാര്‍ക്ക് ഉണ്ടെങ്കിലും അത് കുപ്പിയില്‍ നിറച്ചിരിക്കുന്ന വെള്ളം ശുദ്ധമാണെന്നതിന്റെ തെളിവല്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. നിര്‍മാണ വേളയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ സുരക്ഷിതമായിരിക്കും.
എന്നാല്‍ ഇതില്‍ വെള്ളം നിറച്ച് തുറന്ന വാഹനങ്ങളില്‍ വെയിലേല്‍ക്കും വിധം കൊണ്ടുപോകുമ്പോഴാണ് അവ ആരോഗ്യത്തിന് ഹാനികരമാകുന്നത്. ചില രാജ്യങ്ങള്‍ ഇക്കാര്യം മനസിലാക്കി തുറന്ന വാഹനത്തില്‍ മിനറല്‍ വാട്ടര്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ട്.
സംഭവത്തില്‍ ആരോഗ്യ, ഭക്ഷ്യ സെക്രട്ടറിമാരും ഭക്ഷ്യസുരക്ഷാ കമ്മിഷണറും വിഷയത്തില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."