അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും: ചെന്നിത്തല
തൃശൂര്‍: അക്രമരാഷ്ട്രീയവും മതേതരത്വത്തിന് നേരെ ഉയരുന്ന വെല്ലുവിളികളുമാണ് പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഡിജിറ്റല്‍ സെല്‍ മധ്യമേഖലാ ശില്‍പശാല തൃശൂര്‍ ഡി.സി.സി ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ മാത്രം ആശ്രയിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാവില്ല. ഡിജിറ്റല്‍ പ്രചാരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഐ.ടി സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. കോണ്‍ഗ്രസിന് ദോഷകരമായ രീതിയില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം നടത്തരുതെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചു.
എതിര്‍പാര്‍ട്ടികള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ അവരെ ചെളിവാരിയെറിയാതെ വസ്തുതകള്‍വച്ച് മറുപടി നല്‍കണം. നിഷ്പക്ഷരായ വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് പ്രധാനഘടകം. 70-80 ശതമാനം വരെ വോട്ടര്‍മാരും ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്നത് വ്യക്തമാണ്. ബാക്കിയുള്ള 30 ശതമാനം വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമിക്കേണ്ടത്. യുവതലമുറ ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് പറയാനാവില്ല. അവരിലേക്ക് എത്താനാണ് മീഡിയ സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിക്കേണ്ടത്.
ഐ.ടി സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി അധ്യക്ഷനായി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് എം.പി, എം.എല്‍.എമാരായ അനില്‍ അക്കര, അന്‍വര്‍ സാദത്ത്, റോജി ജോണ്‍, മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ ഒ.അബ്ദുറഹിമാന്‍കുട്ടി, പി.എ മാധവന്‍, കെ.പി.സി.സി സെക്രട്ടറി എന്‍.കെ സുധീര്‍, ഐ.ടി സെല്‍ ജില്ലാ ചെയര്‍മാന്‍ വിജയ് ഹരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."