ഇതു ചില്ലറ ഡ്യൂട്ടിയല്ല..!
മലപ്പുറം: മൊട്ടുസൂചിയും നൂലും തീപ്പെട്ടിയും തുടങ്ങി വോട്ടെടുപ്പു യന്ത്രംവരെയുള്ള വസ്തുക്കളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ വൈകിട്ടോടെ ബൂത്തിലെത്തിച്ചത്. വോട്ടു രേഖപ്പെടുത്താന്‍ ആവശ്യമുള്ള എല്ലാ സാമഗ്രികളും ഉണ്ടോയെന്നു പലതവണ ഉറപ്പുവരുത്തിയാണ് വിതരണ കേന്ദ്രങ്ങളില്‍നിന്നും പുറപ്പെട്ടത്.
ബൂത്തിലെത്തുമ്പോള്‍ കൂടെ കൊണ്ടുപോകേണ്ടവയുടെ പട്ടിക പലതവണ വായിച്ചു സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയാണ് ബൂത്തിലേക്കുള്ള യാത്ര. കുറ്റവും കുറവുമില്ലാതെ ജനവിധി പെട്ടിയിലാക്കല്‍ അത്ര എളുപ്പമല്ലെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോളം മറ്റാര്‍ക്കുമറിയില്ല. ഇതിന്റെ ആധിയും ആശങ്കയും ഇന്നലെ വിതരണകേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥരുടെ മുഖത്തുമുണ്ടായിരുന്നു. ഒന്നുപിഴച്ചാല്‍ പണിപാളും. ചില്ലറ ഉത്തരവാദിത്തമല്ല തെരഞ്ഞെടുപ്പ് ഡ്യൂട്ടി. കൈയില്‍കിട്ടിയ യന്ത്രം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിവേണം ബൂത്തിലെത്തിക്കാന്‍.
ഒരു ബൂത്തിന്റെ ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരുംചേര്‍ന്ന് ഉറപ്പാക്കിയാണ് സ്‌ട്രോങ് റൂമില്‍നിന്നുള്ള യന്ത്രങ്ങള്‍ ബൂത്തിലേക്കു കൊണ്ടുപോകുന്നത്.
ജില്ലയിലെ ഏഴു കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും മറ്റു പോളിങ് സാമഗ്രികളുടെയും വിതരണം നടന്നത്. കൊണ്ടോട്ടി (ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസ്, മേലങ്ങാടി, കൊണ്ടോട്ടി), മഞ്ചേരി (ഗവ. യു.പി. സ്‌കൂള്‍ ചുള്ളക്കാട്, മഞ്ചേരി), പെരിന്തല്‍മണ്ണ (ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ), മങ്കട (ജി.എം. എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ), മലപ്പുറം (ജി.ബി.എച്ച്.എസ്., ഹയര്‍സെക്കന്‍ഡറി വിങ്, മഞ്ചേരി), വേങ്ങര, വള്ളിക്കുന്ന് (പി.എസ്.എം.ഒ. കോളെജ്, തിരൂരങ്ങാടി) എന്നിവിടങ്ങളിലാണ് പോളിങ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്. ഇന്ന് വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രങ്ങളിലാണ് സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."