യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ വ്യാജ ആരോപണം: ആര്‍.എസ്.പി പരാതി നല്‍കി
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കൊല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കെതിരേ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കു പരാതി നല്‍കിയതായി ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കോടിയേരി കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന് കാട്ടിയാണ് പരാതി. പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് എപ്പോള്‍ വേണമെങ്കിലും പോകുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കൂടാതെ കെ.എന്‍ ബാലഗോപാല്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ,സമുദായ നേതാക്കളോട് പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് ഉടന്‍ പോകുമെന്ന് പറഞ്ഞിരുന്നതിന് തെളിവുണ്ട്. അതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
ഐ.പി.സി 171 (ജി) വകുപ്പിന്റെ ലംഘനമാണ് ഇരു നേതാക്കളില്‍ നിന്നും ഉണ്ടായത്. പ്രേമചന്ദ്രന്റെ വിജയത്തില്‍ യു.ഡി.എഫിന് യാതൊരു സംശയവുമില്ല. എന്നാല്‍, ഒരു നുണ പല തവണ ആവര്‍ത്തിച്ചു പറയുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് സി.പി.എം പയറ്റുന്നത്. ഇതു പല തവണ സി.പി.എം പരീക്ഷിച്ച് വിജയിച്ചതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍ മഹേഷിനെതിരെ സി.പി.എം വ്യാജ സംഘി ആരോപണം ഉന്നയിച്ചിരുന്നു. മഹേഷിന്റെ പരാജയത്തിന് വരെ ഈ ആരോപണം കാരണമായി.
അതുപോലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വിജയകുമാറിനെതിരെ അയ്യപ്പസേവാ സംഘത്തിലെ പ്രവര്‍ത്തനത്തിന്റെ പേരിലും സംഘിയെന്ന് ആരോപിച്ചിരുന്നു. സി.പി.എം വ്യാജ ആരോപണം ഒഴിവാക്കി രാഷ്ട്രീയമായി നേരിടാന്‍ തയ്യാറാകണം. സി.ബി.ഐയെ ഉപയോഗിച്ച് എതിരാളികള്‍ക്കെതിരേ കേസെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരേ ഒരു നടപടിയുമെടുക്കുന്നില്ല. ജഡ്ജിമാര്‍ കേസ് കേള്‍ക്കാന്‍ തയ്യാറാണെന്നു പറഞ്ഞിട്ടും ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിയില്‍ മാറ്റിവച്ചത് 12 തവണയാണ്. സി.പി.എമ്മിന്റെ മനസില്‍ മോദി വീണ്ടും കേന്ദ്രത്തിലിരിക്കണമെന്നാണ് ആഗ്രഹമെന്നും ഷിബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."