ട്രോളുകളേറെയും ഇടതു സ്ഥാനാര്‍ഥികള്‍ക്ക്
കോഴിക്കോട്: ഇടതു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ട്രോളുകളും സജീവം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെക്കുറിച്ചു തീരുമാനമാവാത്തതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേയുള്ള സൈബര്‍ ആക്രമണവും ഇപ്പോള്‍ ഏകപക്ഷീയമാണ്.
വ്യക്തിഹത്യാപരമായ പോസ്റ്റുകള്‍ക്ക് പകരം ഇത്തവണ പഴയപോസ്റ്റുകളും പ്രസ്താവനകളും കുത്തിപ്പൊക്കുന്ന രീതിയാണ് സ്ഥാനാര്‍ഥികള്‍ക്ക് വിനയാകുന്നത്. സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരേയാണ് കൂടുതല്‍ ട്രോളുകളും ഇറങ്ങുന്നത്.
മലപ്പുറം ജില്ലയെക്കുറിച്ച് സി.പി.എം നേതാക്കള്‍ നടത്തിയ പ്രസ്താവനകളും ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കി മതസ്ഥാപനങ്ങളിലെയും ആരാധനാലയങ്ങളിലെയും സന്ദര്‍ശനങ്ങളും ട്രോളിനു വിഷയമാകുന്നു. പി.കെ ശ്രീമതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം, കെ.ടി ജലീലിന്റെ ഖുര്‍ആന്‍ മറിച്ചു നോക്കുന്ന പോസ്റ്റ്, കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍ നിയമസഭയില്‍ മുണ്ടുമടക്കിക്കുത്തി നില്‍ക്കുന്ന ചിത്രം എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ വ്യാപകമാണ്.
മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന് സര്‍ക്കാര്‍ നല്‍കിയ സഹായത്തെ വര്‍ഗീയമായി വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശനെതിരേ പിണറായി വിജയന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്, ക്ഷേത്രത്തിന് കാണിക്ക നല്‍കി സി.പി.ഐ സ്ഥാനാര്‍ഥി സി. ദിവാകരന്‍ പ്രചാരണം തുടങ്ങിയത്, എം.ബി രാജേഷ് എം.പിയുടെ പാലക്കാട് രൂപതാ സന്ദര്‍ശനം എന്നിവ ട്രോളുകളായി. ഇതിനെ സംസ്ഥാന സര്‍ക്കാരിന്റെ വികസനം ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രതിരോധിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ അവര്‍ക്കെതിരേയും ഇതേ രീതിയിലുള്ള തിരിച്ചടിക്ക് തയാറായി നില്‍ക്കുകയാണ് ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."