റോഡിലെ കുഴി അടക്കാന്‍ 'കുമ്മായം'
ചൊക്ലി: മെക്കാഡം റോഡിലെ കുഴി അധികൃതര്‍ അടച്ചത് കുമ്മായം കൊണ്ട്. തലശ്ശേരി നാദാപുരം സംസ്ഥാന പാതയിലെ മേക്കുന്ന് പെരിങ്ങത്തൂര്‍ റോഡില്‍ സ്വകാര്യ ടെലഫോണ്‍ കമ്പനിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിക്കുന്നതിന് ഒരു മീറ്റര്‍ സ്‌ക്വയറില്‍ എടുത്ത കുഴിയാണ് തലശ്ശേരി പി.ഡബ്ല്യൂ.ഡി സബ് ഡിവിഷന്‍ അധികൃതര്‍ കുമ്മായം ഉപയോഗിച്ച് അടക്കുന്നതിന് കരാര്‍ നല്‍കിയത്.
തലശ്ശേരി സബ് ഡിവിഷന്‍ അസ്സിസ്റ്റന്റ് എന്‍ജിനിയറുടെ അനുമതിയോടെ സ്വകാര്യ ടെലഫോണ്‍ കമ്പനിയായ എയര്‍ടെല്‍ ആണ് കുഴിയെടുത്തത്.
ലക്ഷങ്ങള്‍ കെട്ടിവെച്ചിട്ടാണ് അനുമതി നല്‍കിയതെന്ന് പറയപ്പെടുന്നു. മെക്കാഡം ടാറിങ് പൊളിച്ചാണ് കുഴിയെടുത്തത്. തുടര്‍ന്ന് കുമ്മായം ഉപയോഗിച്ച് റോഡ് അടച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് കൂടുതല്‍ ആഴമേറിയ കുഴി രൂപപ്പെടുകയാണ് ഉണ്ടായത്. സംസ്ഥാന പാതയിലെ അപകടക്കുഴികള്‍ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവ് കാഴ്ചയാണ്. മേക്കുന്ന് മുതല്‍ പലഭാഗത്തും വലിയവട്ടത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നിരപ്പായ റോഡില്‍ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ മാത്രമെ ഇത്തരം കുഴികള്‍ കാണാനാവുകയുള്ളൂ.
സ്വകാര്യ കമ്പനി കെട്ടിവെച്ച തുകയുടെ ഒരു ഭാഗം പോലും നല്‍കാത്തതാണ് കരാറുകാരന്‍ കുമ്മായം ഉപയോഗിച്ച് മെക്കാഡം ടാറിങ് അടക്കാന്‍ കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹമീദ് കിടഞ്ഞി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."