മത്സ്യകര്‍ഷകരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍
മാനന്തവാടി: ജില്ലയില്‍ മത്സ്യകര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉല്‍പ്പാദന ചിലവ് വര്‍ധിച്ചതും, കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയും, പ്രകൃതിക്ഷോഭം, വന്യമൃഗ ശല്യം എന്നിവ കാരണം മറ്റ് കൃഷികളില്‍ നിന്ന് പിന്തിരിഞ്ഞ കര്‍ഷകരാണ് താരതമ്യേന ചിലവ് കുറഞ്ഞതും നല്ല വിളവ് ലഭിക്കുന്നതുമായ മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞത്.
2009 ലാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി മത്സ്യകേരളം പദ്ധതി ആരംഭിച്ചത്. 2012 മുതല്‍ പദ്ധതിയുടെ പേര് മത്സ്യ സമൃദ്ധി എന്നാക്കി.
2015 മുതല്‍ മത്സ്യസമൃദ്ധിയുടെ രണ്ടാം ഘട്ടമാണ് നടപ്പിലാക്കുന്നത്. 2013-14 വര്‍ഷത്തില്‍ ജില്ലയില്‍ 3,900ത്തോളം കര്‍ഷകരും 200 ഹെക്ടര്‍ സ്ഥലത്ത് മത്സ്യകൃഷിയും ഉണ്ടായിരുന്നത് 2015-16ല്‍ 4,136 കര്‍ഷകരും 225 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2016-ല്‍ 5,066 മത്സ്യകര്‍ഷകരും 240 ഹെക്ടര്‍ സ്ഥലത്ത് കൃഷിയും ചെയ്ത് വരുന്നുണ്ട്.
മീനങ്ങാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ മത്സ്യകര്‍ഷകര്‍ ഉള്ളത്. 12 ഹെക്ടറിലായി 300 ഓളം കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. തിരുനെല്ലി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിയുള്ളത്. ഇവിടെ ഹെക്ടറിലാണ് മത്സ്യകൃഷി ചെയ്യുന്നത്.
ഒരു സെന്റിന് രോഹു, കട്‌ല, ചെമ്പല്ലി, ഗ്രാസ്സ്‌കാര്‍പ്പ് എന്നിങ്ങനെ 40 മത്സ്യകുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് സൗജന്യമായി നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് കരിമീന്‍ കുഞ്ഞുങ്ങളെയും ഇപ്പോള്‍ നല്‍കുന്നുണ്ട്.
കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും, മറ്റ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിനുമായി മുഴുവന്‍ പഞ്ചായത്തുകളിലും ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മത്സ്യകര്‍ഷക ക്ലബ്ബുകളും ആരംഭിച്ചു.
മാനന്തവാടി, പനമരം, നെന്‍മേനി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ക്ലബ്ബുകള്‍ സ്വന്തമായ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിളവെടുക്കുന്ന മത്സ്യം കര്‍ഷകര്‍ പ്രാദേശിക വിപണികള്‍ വഴിയാണ് വിറ്റഴിക്കുന്നത്. ഫിഷറീസ് വകുപ്പിലെ കോഡിനേറ്റര്‍മാരുടെ സഹായവും ഇതിനായി ലഭിക്കുന്നുണ്ട്.
കര്‍ഷകരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുമ്പോഴും കൃഷിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. കുളം നിര്‍മിക്കുന്നതിന് ഒരു സെന്റിന് 368 രൂപ മാത്രമാണ് സബ്‌സിഡിയായി ലഭിക്കുന്നത്.
നാമമാത്രമായ ഈ തുക വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുകയാണ്. കൂടാതെ മത്സ്യങ്ങള്‍ക്കുള്ള തീറ്റ, വിളവെടുപ്പിന് ആവശ്യമായ വെള്ളം വറ്റിക്കുന്നതിനുള്ള ചിലവ്, കൂട എന്നിവക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."