സംസ്ഥാനത്ത് എഴുന്നൂറ്റി അന്‍പതോളം പ്രശ്‌നബാധിത ബൂത്തുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എഴുന്നൂറ്റി അന്‍പതോളം പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും ഇതു കൂടാന്‍ സാധ്യതയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
പൊലിസുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂ. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം കൂടും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 900 പ്രശ്‌നബാധിത ബൂത്തുകള്‍ ഉണ്ടായിരുന്നു. അവയില്‍ 400 എണ്ണം കണ്ണൂരിലായിരുന്നു.
സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,54,08,711 ആണ്. ഇതില്‍ 1,22,97,403 പുരുഷന്‍മാരും 1,31,11,189 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരായി 119 പേരുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ്.
30,47,923 പേര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് വയനാടും (5,81,245). 18നും 19 വയസിനും ഇടയിലുള്ള 2,61,778 വോട്ടര്‍മാരാണ് പുതിയ വോട്ടര്‍ പട്ടികയിലുള്ളത്. ഇത് ആകെ വോട്ടര്‍മാരുടെ എണ്ണത്തിന്റെ ഒരു ശതമാനമാണ്. 30നും 39നും ഇടയിലുള്ള 56,92,617 വോട്ടര്‍മാരും 80 വയസിനു മുകളിലുള്ള 50,6898 വോട്ടര്‍മാരുമുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ജനുവരി 30 വരെ ലഭിച്ച രണ്ടുലക്ഷത്തോളം പുതിയ അപേക്ഷകളിന്മേല്‍ ഇനി തീരുമാനമെടുക്കാനുണ്ട്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഏപ്രില്‍ എട്ടു വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാകും. ബൂത്ത് ലെവല്‍ ഓഫിസര്‍മാരോ രാഷ്ട്രീയപ്പാര്‍ട്ടികളോ നല്‍കുന്ന ഫോട്ടോ പതിച്ച സ്ലിപ്പ് വോട്ട് ചെയ്യുന്നതിനു തിരിച്ചറിയില്‍ രേഖയായി പരിഗണിക്കില്ല.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡോ കമ്മിഷന്‍ അംഗീകരിച്ച മറ്റ് 11 തിരിച്ചറിയല്‍ രേഖകളോ മാത്രമേ അംഗീകരിക്കൂ. വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. പട്ടികയില്‍ പേരു വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. ഇതുകൂടാതെ തെരഞ്ഞെടുപ്പ് ഓഫിസിലും ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. 18004251966 എന്നതാണ് നമ്പര്‍. 1800 425 1965 ആണ് മുഖ്യ തെരഞ്ഞടുപ്പ് ഓഫിസറുടെ കാര്യാലയത്തിലെ നമ്പര്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തില്‍ ജോ.സി.ഇ.ഒയുടെ മേല്‍നോട്ടത്തില്‍ 5 എ ഹാളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
സംസ്ഥാനത്താകെ 24,970 പോളിങ് സ്റ്റേഷനുകളാണുള്ളത്. എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലും കുടിവെള്ളം, ടോയ്‌ലറ്റ് സംവിധാനം എന്നിവയും വീല്‍ച്ചെയറുകള്‍ക്കായി റാമ്പ് സൗകര്യവും ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റാമ്പുകള്‍ ഇല്ലാത്ത പോളിങ് സ്റ്റേഷനുകളില്‍ പി.ഡബ്ല്യു.ഡിയെക്കൊണ്ട് നിര്‍മാണം നടത്തുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അംഗപരിമിതര്‍ക്കു പ്രത്യേകം സൗകര്യം ഏര്‍പെടുത്തും. ഇവരെ വീടുകളില്‍ നിന്ന് വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഗതാഗത വകുപ്പിന്റെ വാഹനങ്ങളില്‍ എത്തിക്കും.
വോട്ടിങ് യന്ത്രത്തെപ്പറ്റി പ്രചരിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. ജനങ്ങളുടെ ഇടയില്‍ സംശയവും ഭയവും ഉണ്ടാക്കാനാണ് ഇതിലൂടെ ചിലര്‍ ശ്രമിക്കുന്നത്. ഇത് വലിയ കുറ്റകൃത്യമാണ്. അത് അനുവദിക്കാനാവില്ല. ആരോപണമുന്നയിക്കുന്ന ആളുടെ ഉത്തരവാദിത്തമാണ് അത് തെളിയിക്കുക എന്നത്. ആരോപണമുന്നയിക്കുന്ന ആള്‍ക്കെതിരേ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെപ്പറ്റിയും വി.വി.പാറ്റ് യന്ത്രത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഓരോ ജില്ലയിലും ബോധവല്‍ക്കരണം നടത്തും. അടുത്ത 16 ന് എല്ലാ മാധ്യമങ്ങള്‍ക്കുമുന്നിലും വോട്ടിങ് മെഷിനുകള്‍ പ്രദര്‍ശിപ്പിക്കും. 44,436 വി.വി.പാറ്റുകളും 32,772 ബാലറ്റ് യൂണിറ്റുകളും 35393 കണ്‍ട്രോള്‍ യൂണിറ്റുകളും തയാറാണ്. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയ ശേഷമാണ് കണ്‍ട്രോള്‍ യൂണിറ്റുകള്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും വി.വി പാറ്റുകളുണ്ടാവും. മുന്‍കരുതലെന്ന നിലയിലാണ് ബൂത്തുകളുടെ എണ്ണത്തിലും കൂടുതല്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്.
ഇത്തവണ സ്ഥാനാര്‍ഥിയുടെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന്റെ കണക്കും പരിശോധിക്കും. 70 ലക്ഷം രൂപയാണ് ചെലവ് പരിധി. ജില്ലാ, സംസ്ഥാന തലത്തില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിക്കും. പത്ര, ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങള്‍ ജില്ലാതല സമിതിയുടെ അംഗീകാരത്തോടെ മാത്രമേ പ്രസിദ്ധീകരിക്കാവൂ. സ്ഥാനാര്‍ഥികള്‍ 10,000 രൂപയ്ക്കു മുകളില്‍ ചെലവഴിക്കുന്നുവെങ്കില്‍ അതിന് ചെക്ക്, ഡ്രാഫ്റ്റ് എന്നിവ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
തെരഞ്ഞടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തും. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടും. സംസ്ഥാനത്ത് ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ വോട്ട് ചെയ്യാനാകുമെന്നും ടിക്കാറാം മീണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."