വളന്ത്കാട് ഇനി നെല്ല് വിളയും; തരിശ് നിലത്തില്‍ പൊക്കാളി കൃഷി തുടങ്ങി
മരട്: മൂന്നു പതിറ്റാണ്ടായി തരിശുനിലമായി കിടന്നിരുന്ന വളന്തകാടിലെ പഴയ നെല്‍പാടങ്ങളില്‍ ഇനി നെല്ല് വിളയും. മരട് നഗരസഭയുടെയും, കൃഷിഭവന്റൈയും നേതൃത്വത്തില്‍ പാടശേഖര സമിതിയുടെ സഹകരണത്തോടെ പൊക്കാളി കൃഷിക്ക് തുടക്കമാായി.
ഇന്നലെ നടന്നന വിത്ത് വിതക്കല്‍ കെ.വി തോമസ് എം.പി, എം. സ്വരാജ് എം.എല്‍.എ മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനീല സി.ബി.ഐ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.മഴ മാറി നിന്ന തെളിഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങ് ദ്വീപ് നിവാസികള്‍ക്ക് ഉത്സവ പ്രതീതി ഉണര്‍ത്തി.
കക്ഷി രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ നഗരസഭാംഗങ്ങള്‍ എല്ലാവരും പരിപാടിയില്‍ പങ്കെടുത്തു. പടശേഖര സമിതി പ്രസിഡന്റ് കെ.സി. മോഹനന്‍ സെക്രട്ടറി മധു, ട്രഷറര്‍ കെ.ബി ബാബു എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ, കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെ 25 ഏക്കറിലാണു കൃഷി ഇറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. വളന്തകാട് കൂടാതെ ഇന്നലെ മരട് തെക്കു കടവ്, ടിവി ജങ്ഷന്‍ എന്നിവിടങ്ങളിലും വിത്തെറിഞ്ഞു. തൃശൂര്‍ അയ്യന്തോളിലെ വിത്തു വികസന അതോറിട്ടി(കെഎസ്എസ്ഡിഎ)യില്‍ നിന്ന് എത്തിച്ച 60 കിലോഗ്രാം 'ഏഴാം' വിത്താണു വിതച്ചത്.
വളന്തകാട് ദ്വീപില്‍ നാല് ഏക്കറുള്ള രണ്ടു പാടങ്ങളില്‍ കൂടി ഒരാഴ്ച കഴിഞ്ഞു കൃഷി ഇറക്കും. വളന്തകാട് ബ്രാന്‍ഡ് അരി വിപണിയില്‍ എത്തിക്കുവാനുള്ള നഗരസഭയുടെ ശ്രമവും ഇതിനു പിന്നിലുണ്ടെന്ന് നഗരസഭാധ്യക്ഷ സുനീല സിബി, വികസനകാര്യ സമിതി അധ്യക്ഷ ദിഷ പ്രതാപന്‍ എന്നിവര്‍ പറഞ്ഞു. ഞാറ്റുവേല തുടങ്ങിയ അന്നു തന്നെ വിതയ്ക്കുവാന്‍ പദ്ധതി ഇട്ടിരുന്നതാണെങ്കിലും വേലിയേറ്റവും ശക്തമായ മഴയും വിനയായി.
വിത്തെറിയാന്‍ ഒരുക്കിയ തീരത്തോടു ചേര്‍ന്നുള്ള രണ്ടു പാടങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വെള്ളം തടഞ്ഞു നിറുത്തുവാന്‍ പറ്റിയ ഉള്‍ഭാഗത്തെ പാടത്താണിപ്പോള്‍ കൃഷി ഇറക്കിയത്. മോട്ടോര്‍ ഉപയോഗിച്ചു വെള്ളം വറ്റിച്ചാണ് വിതക്കല്‍ നടത്തിയത്.
ഓരുവെള്ളത്തെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കുവാന്‍ പൊക്കാളി ഇനം വിത്തുകള്‍ക്ക് കഴിയുമെന്നും രാസവളം വേണ്ടിവരില്ലെന്നും സെപ്റ്റംബറില്‍ കൊയ്യാനാകുമെന്ന് കൃഷി ഓഫിസര്‍ ചിത്ര കെ. പിള്ള പറഞ്ഞു. ജബ്ബാര്‍ പാപ്പന്‍,ദിഷാ പ്രതാപ് കൗണ്‍സിലര്‍, സി. ഡി എസ് ചെയര്‍പേഴ്‌സന്‍, എ.ഡി. സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."