തകര്‍ന്നു കിടക്കുന്ന ബോട്ട് തടസമാകുന്നു; മാറ്റണമെന്ന ആവശ്യവുമായി വിശ്വാസികള്‍
ചവറ: കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ ദേവാലയത്തിന് മുന്നിലുള്ള കടവില്‍ മുങ്ങിക്കിടക്കുന്ന ബോട്ട് ഇവിടെ നിന്നും മാറ്റണമെന്നാവശ്യം ശക്തമാവുന്നു. കരിത്തുറ, കുളങ്ങരഭാഗം എന്നീ സ്ഥലങ്ങളില്‍ ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ വില്‍പന നടത്തികൊണ്ടിരുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ബോട്ടാണ് മുങ്ങിക്കിടക്കുന്നത്. ഒരു വര്‍ഷത്തിന് മുമ്പ് യന്ത്രത്തകരാറു കാരണം ദേവാലയത്തിന് മുന്നിലുള്ള കടവില്‍ ബോട്ട് അധികൃതര്‍ കെട്ടിയിടുകയായിരുന്നു.
ബോട്ട് കിടക്കുന്ന സ്ഥലത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് കാരണം ദേവാലയത്തില്‍ വരുന്നവരും പ്രദേശവാസികളും മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. പല തവണ അധികൃതരെ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലായെന്നാണ് നാട്ടുകാരും പള്ളി ഭാരവാഹികളും പറയുന്നത്. എന്നാല്‍ ഈ ആഴ്ച്ചയില്‍ പള്ളിയിലെ ഈസ്റ്റര്‍ വാര ശുശ്രൂഷയുടെ ഭാഗമായി ദുഃഖ വെള്ളിയാഴ്ച്ച നടക്കുന്ന ഉരുള്‍ നേര്‍ച്ച ആചാരം കടവില്‍ നിന്ന് കുളിച്ചതിന് ശേഷമാണ് നടക്കുന്നത്. ത്രിവേണിയുടെ ബോട്ട് കടവില്‍ കിടക്കുന്നതിനാല്‍ ഈ ആചാരം മുടങ്ങുമെന്ന സ്ഥിതിയിലാണ്. വിശ്വാസത്തിന് തടസം നില്‍ക്കാതെ അധികൃതര്‍ എത്രയും വേഗം ബോട്ട് അവിടെ നിന്നും നീക്കണമെന്ന് ഇടവക വികാരി സാജന്‍ വാള്‍ട്ടറും ഭാരവാഹികളും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പള്ളിയില്‍ പ്രതിഷേധ കൂട്ടാഴ്മയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."