അഭിപ്രായ ഭിന്നത: നളിനി നെറ്റോ രാജിവെച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നളിനി നെറ്റോരാജിവെച്ചു. ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. എന്നാല്‍ തെരഞ്ഞടുപ്പ് കഴിയുന്നതുവരേ തുടരാന്‍ നളിനി നെറ്റോയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് തള്ളിയാണ് രാജി.
പിണറായി വിജയന് മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളില്‍ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലാവ്ലിന് കേസില്‍ പിണറായിയെ വെറുതെ വിട്ട സി.ബി.ഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തതോടെയാണ് സി.പി.എമ്മുമായുള്ള നളിനി നെറ്റോയുടെ അടുപ്പം കൂടുന്നത്.
ആഭ്യന്തര സെക്രട്ടറി സ്ഥാനത്തു നിന്ന് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുകയായിരുന്നു.
ആദ്യംകാലങ്ങളില്‍ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിടി അയഞ്ഞു തുടങ്ങി. ഓഫീസിലെ ചില ഉന്നതരുമായുള്ള ശീതയുദ്ധമായിരുന്നു കാരണം.
ഇതോടെ ഫയലുകള്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ തര്‍ക്കങ്ങള്‍ പലപ്പോഴും പരിഹരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം നേതാവുമായ എം.വി.ജയജയരാജനായിരുന്നു.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ജയരാജന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി.
ഇതോടെയാണ് ചീഫ് മിനിസ്റ്റര്‍ ഓഫീസില്‍ നിന്നും പടിയിറങ്ങാന്‍ നളിനി നെറ്റോയും തീരുമാനിച്ചത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് രാജിതീരുമാനം അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പദവിയില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതിനെ അവഗണിച്ചാണ് ഒടുവില്‍ രാജിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."