വെട്ടിപ്പൊളിച്ച റോഡ് നന്നാക്കുവാന്‍ റോഡിലെ കുഴിയില്‍ ശയനപ്രദക്ഷിണം
പള്ളുരുത്തി: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിലെ കുഴിയില്‍ ശയനപ്രദക്ഷിണം നടത്തി. ഇടക്കൊച്ചി ബസ് സ്റ്റാന്റ് മുതല്‍ സെന്റ് ലോറന്‍സ് പള്ളി വരെയാണ് കുറ്റന്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി റോഡ് പൊളിച്ചത്.
പൈപ്പ് സ്ഥാപിച്ചതിനു ശേഷം കുഴിയെടുത്ത സ്ഥലം ശരിയായ രീതിയില്‍ മൂടിയിട്ടില്ല. പൈപ്പ് സ്ഥാപിച്ചതിനു ശേഷം മഴ തുടര്‍ച്ചയായി പെയ്തതോടെ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം വാഹന യാത്രക്കാര്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത്.
ചെളി നിറഞ്ഞ റോഡുകളിലൂടെ കാല്‍നടയാത്രികര്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നില്ല.റോഡില്‍ കുഴിയായതിനാല്‍ ഒരു വശത്തു കൂടി മാത്രമാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്, ഇതു മൂലം രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു.
കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കല്‍ ജോലി പൂര്‍ത്തിയായിട്ടില്ലെങ്കിലും നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിഷേധ സമരം കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ ജില്ലാ കണ്‍വീനര്‍ അഭിലാഷ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. വി.കെ അരുണ്‍കുമാര്‍, പ്രമോദ്കുമാര്‍, വിജോഷ് ടി.യു, ടി.സി സുമേഷ്, ടി.കെ സ്റ്റാലിന്‍, ടി.വി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പൊളിഞ്ഞു കിടക്കുന്ന റോഡ് ടാറിങ് ചെയ്യുന്നതു വരെ അപകടം ഒഴിവാക്കുന്നതിനായി കുഴികള്‍ മൂടുന്നതിന് അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ടാറിങ്, റോഡിനു കുറുകെ കേബിള്‍ വലിക്കല്‍, പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഓഗസ്റ്റ് 15 വരെ റോഡ് പൊളിക്കരുതെന്ന് മന്ത്രി ജി.സുധാകരന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മന്ത്രിയുടെ നിര്‍ദേശം വകവെക്കാതെയാണ് റോഡ് വെട്ടി പൊളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."