വൈദ്യുതി പോസ്റ്റിലും ലൈനിലും കാട്ടുവള്ളി പടര്‍ന്നു പിടിക്കുന്നു
ചങ്ങനാശേരി: വൈദ്യുതി ലൈനില്‍ അപകടകരമായ രീതിയില്‍ വള്ളിപ്പടര്‍പ്പ് പടര്‍ന്നത് ഭീതിയുളവാക്കുന്നു. ടി.ബി റോഡിന് സമീപം എം.വൈഎം.എ റോഡിലാണ് വൈദ്യുതി പോസ്റ്റിലും ലൈനിലുമായി കാടുപോലെ വള്ളി പടര്‍ന്നത്. ഇതുമൂലം വഴി ലൈറ്റും പ്രകാശിക്കുന്നില്ല.
തൊട്ടടുത്ത പറമ്പില്‍ നിന്നാണ് വള്ളി പടര്‍ന്നു കയറിയത്. നാലുവശങ്ങളിലുമായി പോകുന്ന വൈദ്യുതി കമ്പിയിലൂടെ പടര്‍ന്ന വള്ളി നിലത്തുമുട്ടിയാണ് കിടക്കുന്നത്. നൂറുകണക്കിന് യാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും നിത്യേന സഞ്ചരിക്കുന്ന വഴിയില്‍ തറതൊട്ട് കിടക്കുന്ന വള്ളിപ്പടര്‍പ്പ് അപകടസാധ്യതയുണ്ടാക്കുന്നതിന് കാരണമാകും. ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ വണ്‍വേ റോഡില്‍ നിത്യേന നൂറുകണക്കിന് ബാുകള്‍ ഈ വഴിയിലൂടെ പോകുന്നുണ്ട്. ബസിന്റെ മുകള്‍ ഭാഗം പലപ്പോഴും ഈ വള്ളിപ്പടര്‍പ്പില്‍ തട്ടിയാണ് പോകുന്നത്.
നഗരത്തിലെ പ്രധാന വൈദ്യുതി ലൈന്‍ പോകുന്ന പോസ്റ്റിലും ലൈന്‍ കമ്പിയിലും കാടുപോലെ വള്ളി പടര്‍ന്നിട്ടും ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ ഇതുവരെ തയാറായിട്ടില്ല. മഴക്കാലത്ത് വൈദ്യുതി കമ്പികളിലേക്ക് വീണുകിടക്കുന്ന മരങ്ങളും ശിഖരങ്ങളും കെ.എസ്.ഇ.ബി അധികൃതര്‍ വെട്ടിമാറ്റാറുണ്ടെങ്കിലും തൊട്ടടുത്ത് അപകടസാധ്യതയോടുകൂടി നില്‍ക്കുന്ന വള്ളിപ്പടര്‍പ്പ് ഇതുവരെ നീക്കം ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."