എല്ലാം മറന്ന് വി.എസ് എത്തുമോ വടകരയില്‍
#ടി.കെ ജോഷി
കോഴിക്കോട്: ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്രൗഡ് പുള്ളറായ വി.എസ് അച്യുതാനന്ദന്‍ വടകരയില്‍ എത്തുമോ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ മണ്ഡലത്തില്‍ പ്രചാരണത്തില്‍ സജീവമായിരിക്കുമ്പോഴാണ് ഈ ചോദ്യം ഉയരുന്നത്.
ഇതിനു മുന്‍പ് വി.എസ് വടകരയില്‍ എത്തിയത് ടി.പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമയെ ഒഞ്ചിയത്തെ വീട്ടിലെത്തി ആശ്വസിപ്പിക്കാനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ നാണുവിന്റെ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ സംസാരിക്കാനുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടി.പി കൊലക്കേസില്‍ കൂടി ആരോപണവിധേയനായ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.എമ്മില്‍ വി.എസ്-പിണറായി വിഭാഗീയത കത്തിനിന്നപ്പോള്‍ വി.എസിനൊപ്പം അടിയുറച്ചു നിന്നതാണ് ടി.പിയെ ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടാക്കിയത്.
ടി.പി കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പെടെ പ്രതിപ്പട്ടികയിലായിരിക്കുമ്പോഴുള്ള വി.എസിന്റെ വീട് സന്ദര്‍ശനം പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. ടി.പി വധവും അന്ന് വി.എസ് എടുത്ത നിലപാടും വീണ്ടും ചര്‍ച്ചയാകവെ ജയരാജന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ സംബന്ധിക്കാന്‍ വി.എസ് എത്തുമോയെന്നതാണ് ശ്രദ്ധേയം. വടകരയില്‍ ജയരാജനെതിരേ കെ.കെ രമയെ സ്ഥാനാര്‍ഥിയായി ആര്‍.എം.പി തത്ത്വത്തില്‍ തീരുമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പൊതുസ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ രമയും വടകരയില്‍ മത്സരരംഗത്തുണ്ടാകും.
ടി.പി വധത്തെ തള്ളിപ്പറഞ്ഞ വി.എസ് കുറ്റക്കാര്‍ എത്രവലിയ വരാണെങ്കിലും പാര്‍ട്ടി അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊല വ്യക്തി വിരോധത്തിലാണെന്ന് കണ്ടെത്തി രാമചന്ദ്രനെതിരേ നടപടിയെടുത്ത് പാര്‍ട്ടി നടപടി അവസാനിപ്പിക്കുകയായിരുന്നു.
വി.എസിനെ മലബാറില്‍ ഉള്‍പെടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമാക്കാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചുമതലയുള്ളവരും നീക്കം നടത്തുന്നുണ്ട്. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായ വി.എസ് അടുത്തിടെ പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലെങ്കിലും പാര്‍ട്ടിയെ അലോസരപ്പെടുത്തുന്ന പ്രസ്താവനകളില്‍ നിന്നും ബോധപൂര്‍വം അകന്നുനിന്നിരുന്നു.
വി.എസിനൊപ്പം നില്‍ക്കുന്ന പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പതിക്കാനാണ് മിക്ക എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും താല്‍പര്യം. ഇതോടൊപ്പം വി.എസ് പ്രചാരണത്തിന് എത്തണമെന്ന ആഗ്രഹവും അവര്‍ക്കുണ്ട്. മലബാറില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് ആദ്യമായെത്തിയത് മട്ടന്നൂരിലെ സി.പി.എം സ്ഥാനാര്‍ഥി ഇ.പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനായിരുന്നു. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ പ്രധാനിയായ ഇ.പി ജയരാജന്‍ വി.എസിന്റെ കടുത്ത വിമര്‍ശകനാണെന്ന് വിലയിരുത്തുമ്പോഴായിരുന്നു ഇത്. ഇത് ഇത്തവണ പി. ജയരാജന്റെ കാര്യത്തില്‍ വടകരയിലും ആവര്‍ത്തിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."