പഞ്ചായത്ത് അവഗണിച്ച കുളം നാട്ടുകാര്‍ വൃത്തിയാക്കി
ചെങ്ങാലൂര്‍ : പഞ്ചായത്തില്‍ നിവേദനം നല്കി മടുത്ത നാട്ടുകാര്‍ സ്വയം മുന്നിട്ടിറങ്ങിയപ്പോള്‍ മാട്ടുമല വലിയകുളം ശുദ്ധജല സ്രോതസായി മാറി.
സമീപവാസികളായ 60 പേര് ചേര്‍ന്ന് രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ കൈയും മെയ്യും മറന്നു പരിശ്രമിച്ചപ്പോള്‍ നാടിന് ലഭിച്ചത് വലിയ കുളത്തിന്റെ പഴയ പ്രതാപമാണ്. പഞ്ചായത്തിലെ ചെങ്ങാലൂര്‍ സൂര്യഗ്രാമത്തില് ചണ്ടിയും പായലും നിറഞ്ഞുകിടന്ന കുളം ഉപയോഗശൂന്യമായ നിലയിലായിരുന്നു.
ചെങ്ങാലൂര്‍ മാട്ടുമലക്കു സമീപം ഉയര്‍ന്ന പ്രദേശത്തുള്ള കുളം നവീകരിക്കുന്നതിനും കുടിവെള്ള ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യവും കാലങ്ങളായുള്ളതാണ്.
പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക മാറ്റിവച്ചെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല .
ഉയര്‍ന്ന ഭാഗത്തുള്ള കുളത്തിലേക്ക് കുറുമാലിപുഴയില്‍ നിന്നു വെള്ളം പമ്പു ചെയ്തെടുക്കുകയും അവിടെ നിന്ന് വിതരണം ചെയ്യുകയും ചെയ്താല്‍ സാധാരണ വരള്‍ച്ച നേരിടുന്ന പ്രദേശത്തിന് ആശ്വാസമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സൂര്യഗ്രാമം, മാട്ടുമല, ചെങ്ങാലൂര്‍ പ്രദേശത്തെ കുടിവെള്ള ആവശ്യത്തിനും ഇതു വലിയ അളവില്‍ പരിഹാരമാകും. ഒരു ഗ്രാമം ഒത്തു പിടിച്ചപ്പോള്‍ കാലങ്ങളായി ശോച്യാവസ്ഥയില്‍ കിടന്നിരുന്ന കുളത്തിന് ലഭിച്ചത് പുതുജീവനാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."