പഞ്ചായത്ത് വാക്കുപാലിച്ചില്ല; പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണ്ണിട്ട് മൂടാനുള്ള ശ്രമം തടഞ്ഞു
വടകര: പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന പഞ്ചായത്ത് അധികാരികള്‍തന്നെ അശാസ്ത്രീയമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ളതും എന്‍സി കനാലിനോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ സ്ഥലത്താണ് പഞ്ചായത്തിന്റെ ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അശാസ്ത്രീയമായി മണ്ണിട്ട് മൂടുകയും മാലിന്യകൂമ്പാരത്തില്‍ നിന്നുള്ള മലിനജലം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാല് കീറി കനാലിലേക്ക് ഒഴുക്കാനും ശ്രമം നടന്നത്.
ഇന്നലെ ഉച്ചയോടെ നടന്ന സംഭവം ശ്രദ്ധയില്‍പെട്ടതോടെ റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തടയുകയായിരുന്നു. നേരത്തെ ഏറാമല പഞ്ചായത്തിലെ അശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനെതിരെ റവല്യൂഷണറി ഉള്‍പെടെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇവരോട് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പും നല്‍കിയിരുന്നു. ഇത് കാറ്റില്‍ പറത്തിയാണ് ഇന്നലെ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും മലിനജലം കനാലിലൊഴുക്കാനുള്ള ശ്രമവും നടന്നത്.
റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ ഏറാമല ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് എടച്ചേരി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ശുചിത്വമിഷന്‍ അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയും മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പഞ്ചായത്ത് ഓഫിസ് ഉപരോധത്തിന് ടി.കെ സിബി, ജി. രതീഷ്, പി.ടി നിഖില്‍, ഒ.കെ നിഖില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."