സഊദിയിൽ വീട്ടു ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റം വീണ്ടും നിർത്തിവെച്ചു
റിയാദ്: രാജ്യത്ത് വീട്ടു ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് നിർത്തിവെച്ചു. നാല് മാസം മുമ്പ് ആരംഭിച്ച സ്വകാര്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പേരിലേക്ക് മാറ്റുന്നതിനുള്ള അനുമതിയാണ് എടുത്തു കളഞ്ഞത്. നാല് മാസം മുമ്പാണ് ഗാർഹിക വിസകളിലുള്ളവർക്ക് ആവശ്യമായ മറ്റു തൊഴിലുകളിലേക്ക് തൊഴിൽ പ്രൊഫഷൻ മാറ്റവും സ്‌പോൺസർഷിപ്പ് മാറ്റത്തിനും സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അനുമതി നൽകിയിരുന്നത്. ഗാർഹിക തൊഴിലുകളായ ഹൗസ് ഡ്രൈവർ, വീട്ടു ജോലി എന്നീ പ്രൊഫഷനുകളിലുള്ളവർക്കാണ് ഏഴു വർഷങ്ങൾക്ക് മുമ്പ് നിർത്തി വെച്ച നടപടികൾ ഇക്കഴിഞ്ഞ ജനുവരി അവസാനം തൊഴിൽ മന്ത്രാലയം പുനഃരാരംഭിച്ചിരുന്നത്.
സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് പുതുക്കരുതെന്ന വ്യവസ്ഥ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ ബാധകമാക്കിയിരുന്നു. ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമല്ലെന്നതിനാൽ ഇത്തരത്തിൽ വർഷത്തിലധികം കാലയളവിൽ ഇഖാമ പുതുക്കി കഫാലത് മാറുന്നത് ഒഴിവാക്കാനായിരുന്നു ഈ തീരുമാനം.
2019 ഏപ്രിൽ 30 നു മുമ്പ് സ്ഥാപിച്ച ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് നേരത്തെ അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിച്ചിരുന്നു. ഒമ്പതിൽ കൂടുതൽ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശ തൊഴിലാളികളെയാണ് സ്ഥാപനം ആരംഭിച്ചതു മുതൽ അഞ്ചു വർഷത്തേക്ക് നിബന്ധനകൾ അടിസ്ഥാനമാക്കി ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്.
പകരം ഒമ്പതിൽ കൂടുതൽ ജീവനക്കാരില്ലാത്ത സ്ഥാപനങ്ങളിലെ രണ്ടു വിദേശ തൊഴിലാളികൾക്ക് മൂന്നു വർഷത്തേക്ക് ലെവി ഇളവ് അനുവദിക്കാനാണ് പുതിയ തീരുമാനം. സ്ഥാപന നടത്തിപ്പ് ഉടമ മുഴുസമയ അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് വഹിക്കുകയും മറ്റൊരു സഊദി ജീവനക്കാരനെ കൂടി നിയമിച്ചിട്ടുണ്ടെങ്കിലും നാലു വിദേശ തൊഴിലാളികളെ മൂന്നു വർഷത്തേക്ക് ലെവിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."