പട്ടിണിരഹിത സമൂഹത്തിനായി ചന്തേരയില്‍ ബൃഹത് പദ്ധതി
തൃക്കരിപ്പൂര്‍: ചന്തേര മഹല്ല് പരിധിയില്‍ ഇനി യാചനയില്ല. ചന്തേര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പരിസരത്തു ചേര്‍ന്ന സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ പ്രഖ്യാപനം നടത്തി. സാമൂഹ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ യാചക സംഘങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് ജമാഅത്ത് കമ്മറ്റി ഭാരവാഹികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
മഹല്ല് പരിധിയിലെ 333 വീടുകള്‍ക്കു മുന്നിലും യാചക നിരോധിത മേഖല എന്ന ബോര്‍ഡ് സ്ഥാപിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഗൃഹ സന്ദര്‍ശനം, ലഘുലേഖ വിതരണം, പ്രധാന കവലകളില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം എന്നിവയെല്ലാം സംഘടിപ്പിക്കും. ഇതോടൊപ്പം പട്ടിണി രഹിത സമൂഹമെന്ന ലക്ഷ്യവുമായി ചന്തേര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ബൃഹത് പദ്ധതിയൊരുക്കിയായതായും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും പ്രാമുഖ്യം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
മഹല്ല് പരിധിയിലെ കുടുംബങ്ങള്‍ ഏതെങ്കിലുമൊരാവശ്യത്തിനു മറ്റൊരാള്‍ക്കു മുമ്പില്‍ കൈ നീട്ടേണ്ടി വരരുത് എന്നതാണ് പ്രധാന ലക്ഷ്യം. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് 56 അവാര്‍ഡ് ഇതിനകം ചന്തേര ജമാഅത്തിന് ലഭിക്കുകയുണ്ടായി.
ഭവന രഹിതര്‍ക്ക് വീട്, നിര്‍ധനര്‍ക്ക് ചികിത്സാ സഹായം, പഠന സഹായം, സ്‌കോളര്‍ഷിപ്പ്, സ്വയം തൊഴില്‍ സംരംഭത്തിന് പലിശ രഹിത വായ്പ തുടങ്ങിയ പദ്ധതി നേരത്തെ നടത്തിവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
പദ്ധതി നടത്തപ്പിനു 'ഹിമായ' പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ടി.കെ പൂക്കോയ തങ്ങള്‍, എ.പി.പി കുഞ്ഞഹമ്മദ്, എം.ക ഇസ്മായില്‍ ഹാജി, എം അഹമ്മദ് റാഷിദ്, സി.എം.എ ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."