ഫാത്വിമ ഹന്നക്കിത് വേറിട്ട റമദാന്‍; ആനന്ദക്കണ്ണീരണിഞ്ഞ് കബീര്‍
കോഴിക്കോട്: ഫാത്വിമ ഹന്നയുടെ ഖുര്‍ആന്‍ പാരായണം കണ്ട് സഊദി അറേബ്യയിലെ റിയാദിലെ തന്റെ റൂമിലിരുന്ന് കബീര്‍ ആനന്ദക്കണ്ണീര്‍ പൊഴിച്ചു. കൊവിഡ് ലോക്ക്ഡൗണ്‍
കാലത്തെ റമദാനില്‍ ജോലിയില്ലാതെ താമസ സ്ഥലത്ത് കഴിയുന്ന ഈ പിതാവിന് ഭിന്നശേഷിക്കാരിയായ മകളുടെ ഖുര്‍ആന്‍ പാരായണത്തിന്റെ വിഡിയോ ലഭിച്ചപ്പോഴായിരുന്നു ഈ സന്തോഷം. കോഴിക്കോട് ആര്‍.ഇ.സിക്കടുത്ത് ഈഗിള്‍ പ്ലാന്റേഷന്‍ കോളനിയിലെ കബീറിന്റെയും സമീറയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് ഫാത്വിമ ഹന്ന. ഈ റമദാന്‍ ഫാത്വിമയ്ക്ക് ഏറെ പ്രത്യേകതകളുള്ളതാണ്.അല്ലാഹു തന്ന പരിമിതികള്‍ക്കപ്പുറത്ത്‌നിന്ന് അവള്‍ അവന്റെ വചനങ്ങള്‍ സ്വായത്തമാക്കിയ ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത്. കോഴിക്കോട് റഹ്മാനിയ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അവള്‍. ആംഗ്യ ഭാഷയില്‍ വിശുദ്ധ ഖുര്‍ആന്‍പഠിക്കുകയും ഇത്തവണത്തെ റമദാനില്‍ മുഴുവനായി ഓതിത്തീര്‍ക്കുകയും ചെയ്തിരിക്കയാണ് ഈ മിടുക്കി. കോഴിക്കോട് കൊടുവള്ളിയില്‍ എസ്.കെ.എസ്.എസ്.എഫിനു കീഴില്‍ നടക്കുന്ന ഖുര്‍ആന്‍ അക്കാദമിയിലാണ് ഫാത്വിമ പഠിക്കുന്നത്. ഇവിടെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലാസുണ്ടാവുക. ഇവിടെ നിന്നും ഖുര്‍ആനിന്റെ ആംഗ്യഭാഷാ അടയാളങ്ങള്‍ സ്വായത്തമാക്കിയ ഫാത്വിമ വേഗത്തില്‍ പാരായണം പഠിക്കുകയായിരുന്നു. പിതാവ് കബീര്‍ രണ്ടു കൊല്ലത്തോളമായി റിയാദിലാണ്. ആംഗ്യ ഭാഷയിലുള്ള തന്റെ ഖുര്‍ആന്‍ പാരായണത്തിന്റെ വിഡിയോ വാട്‌സാപ്പിലൂടെ ഉപ്പയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു ഈ മകള്‍. ഫാത്തിമയ്‌ക്കൊപ്പം
നിരവധി കുട്ടികള്‍ ഖുര്‍ആന്‍ അക്കാദമിയില്‍ പഠിക്കുന്നുണ്ട്. അതിനുള്ള അവസരമൊരുക്കാന്‍ എസ്.കെ.എസ്.എസ് .എഫ് പ്രവര്‍ത്തകരും സജീവമാണ്. കളന്തോട് സ്വദേശിയും റിട്ട. അധ്യാപകനുമായ ആലുങ്കണ്ടി ഹുസൈനാണ് വിദ്യാര്‍ഥികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഹുസൈന്‍ മാഷ് ഫാത്തിമയുടെ വീട്ടിലെത്തിയും അവളെ പഠിപ്പിച്ചിരുന്നു. ഖുര്‍ആന്‍ പാരായണ നിയമങ്ങളി (തജ്‌വീദ്)ല്‍ നിപുണനായ അദ്ദേഹം ഭിന്നശേഷിക്കാരെ സൗജന്യമായി പഠിപ്പിക്കുന്നതില്‍ ഏറെ തല്‍പരനാണ്. ഹുസൈന്‍ മാഷിന്റെ മറ്റ് രണ്ട് വിദ്യാര്‍ഥികളായ ശിഫാനയും ആലിയയും ഇത്തവണ റമദാനില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനായും ഓതിത്തീര്‍ത്തിട്ടുണ്ട്. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് മറ്റ് അറിവുകള്‍ക്കൊപ്പം ഖുര്‍ആന്‍ സ്വയത്തമാക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ ഒരുക്കമാണെന്ന് ഹുസൈന്‍ മാസ്റ്റര്‍ പറയുന്നു. കൊവിഡ് കാലം കഴിഞ്ഞാല്‍ കൂടുതല്‍ വിദ്യാഥികള്‍ക്ക് അറിവിന്റെ വെളിച്ചമെത്തിക്കാനുള്ള ശ്രമത്തിലാണ് അക്കാദമി പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."